മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ വിരുന്നില്‍ നിന്നുള്ള താരങ്ങളുടെ സെല്‍ഫി ചിത്രങ്ങള്‍ തന്നില്‍ അമ്പരപ്പുളവാക്കിയെന്ന് എസ് പി ബാലസുബ്രഹ്മണ്യം. ക്ഷണം ലഭിച്ചതനുസരിച്ച് താനും പരിപാടിയില്‍ പങ്കെടുത്തിരുന്നുവെന്നും എന്നാല്‍ അവിടെ എത്തിയപ്പോള്‍ത്തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഫോണ്‍ വാങ്ങിവച്ചുവെന്നും എസ്പിബി ഫേസ്ബുക്കില്‍ കുറിച്ചു. ഒരേ വേദിയില്‍ രണ്ടുതരം സമീപനങ്ങള്‍ കാട്ടിയതിലുള്ള അനിഷ്ടം വെളിപ്പെടുത്തിയുള്ളതാണ് അദ്ദേഹത്തിന്റെ കുറിപ്പ്. ഒട്ടേറെപ്പേര്‍ ഇത് ഷെയര്‍ ചെയ്തിട്ടുമുണ്ട്.

എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ കുറിപ്പ്

കഴിഞ്ഞ 29ന് പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹത്തിന്റെ വസതിയില്‍ വച്ച് നടത്തിയ ഒരു വിരുന്നില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചിരുന്നു. ആ പരിസരത്ത് എത്തിയപ്പോള്‍ത്തന്നെ ഞങ്ങളുടെ ഫോണുകള്‍ സുരക്ഷാഉദ്യോഗസ്ഥരെ ഏല്‍പ്പിക്കാനുള്ള നിര്‍ദേശം ലഭിച്ചു. പകരം ടോക്കണുകള്‍ നല്‍കി. പക്ഷേ താരങ്ങള്‍ അതേദിവസം പ്രധാനമന്ത്രിയുമൊത്ത് സെല്‍ഫിയെടുക്കുന്നത് കണ്ട് അമ്പരപ്പ് തോന്നി. ക്ഷണം സ്വീകരിക്കാന്‍ തോന്നിപ്പിക്കുന്ന കാര്യങ്ങള്‍ തന്നെ. അല്ലേ?

ഷാരൂഖ് ഖാന്‍, ആമിര്‍ ഖാന്‍, കങ്കണ റണൗത്ത് തുടങ്ങി ബോളിവുഡില്‍ നിന്ന് ഒട്ടേറെ പ്രമുഖ താരങ്ങള്‍ പ്രധാനമന്ത്രിയുടെ വിരുന്നില്‍ പങ്കെടുത്തിരുന്നു. അവരില്‍ പലരും തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ പ്രധാനമന്ത്രിക്കൊപ്പം അന്നെടുത്ത സെല്‍ഫികള്‍ പങ്കുവെക്കുകയും ചെയ്തിരുന്നു.