ചെന്നൈ: കൊവിഡ് രോഗബാധിതനായി ചികിത്സയിൽ കഴിയുന്ന ഗായകൻ എസ്പി ബാലസുബ്രഹ്മണ്യത്തിന്‍റെ നില ഗുരുതരമായി തുടരുന്നതായി മെഡിക്കൽ ബുള്ളറ്റിൻ. വെന്‍റിലേറ്റര്‍ സഹായം തുടരുകയാണ്. ഹൃദയമിടുപ്പും രക്തസമ്മര്‍ദവും തൃപ്തികരമാണെന്നും എംജിഎം ആശുപത്രി  അധികൃതര്‍ അറിയിച്ചു. 

കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന എസ്പിബിയുടെ ആരോഗ്യ നില പിന്നീട് ഗുരുതരമാകുകയായിരുന്നു. നെഞ്ച് വേദനയും ശ്വാസതടവും രൂക്ഷമായതോടെ വിദഗ്ധ മെഡിക്കല്‍ സംഘത്തിന്‍റെ നിര്‍ദേശപ്രകാരം ഉടന്‍ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. വെന്‍റിലേറ്റര്‍ സഹായത്തോടെയാണ് അദ്ദേഹം നിലവിൽ കഴിയുന്നത്. പ്ലാസ്മ ചികിത്സയോട് നേരിയ പ്രതികരണമുണ്ടെങ്കിലും ആരോഗ്യനില മെച്ചപ്പെട്ടിട്ടില്ല. പ്രമേഹസംബന്ധമായ പ്രശ്നങ്ങള്‍ കൂടി അലട്ടുന്നതാണ് സ്ഥിതി മോശമാക്കുന്നത്. 

എസ്പി ബാലസുബ്രഹ്മണ്യത്തിന്‍റെ തിരിച്ചുവരവിനായുള്ള പ്രാര്‍ഥനയിലാണ് സംഗീത ലോകം. ഭാരതിരാജ, ഇളയരാജ, എആര്‍ റഹ്മാന്‍, രജനീകാന്ത്, കമല്‍ഹാസന്‍ എന്നിവര്‍ നാളെ വൈകിട്ട് ആറ് മണിക്ക് ചെന്നൈയില്‍ പ്രത്യേക പ്രാര്‍ത്ഥനാ ചടങ്ങ് നടത്തും. എസ്പിബിയുടെ തിരിച്ചുവരവിനായി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്ന് കുടുംബം അഭ്യര്‍ത്ഥിച്ചു.