ചെന്നൈയിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന പ്രശസ്‍ത ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന്‍റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് മകന്‍ എസ് പി ചരണ്‍. ഡോക്ടര്‍മാരോട് താന്‍ സംസാരിച്ചുവെന്നും കാര്യങ്ങള്‍ സാധാരണനിലയിലേക്ക് എത്തുകയാണെന്നും സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ട വീഡിയോയില്‍ ചരണ്‍ പറഞ്ഞു. താന്‍ ഇന്നലെ പറഞ്ഞിരുന്നതുപോലെ ചികിത്സയോട് അദ്ദേഹം നന്നായി പ്രതികരിക്കുന്നുണ്ടെന്നും സെഡേഷനില്‍ നിന്നും 90 ശതമാനം പുറത്തെത്തിയിട്ടുണ്ടെന്നും എസ് പി ചരണ്‍ പറയുന്നു.

"അച്ഛനുവേണ്ടി പ്രാര്‍ഥിക്കുന്ന എല്ലാവരോടും അദ്ദേഹത്തിന്‍റെ കുടുംബം എന്ന നിലയില്‍ ഞങ്ങള്‍ കടപ്പെട്ടിരിക്കും. നന്ദി. പ്രാര്‍ഥന തുടരുക. അച്ഛന്‍ രോഗമുക്തി നേടി വേഗത്തില്‍ തിരിച്ചെത്തട്ടെ. അച്ഛന്‍റെ രോഗമുക്തി കാത്തിരിക്കുന്ന എല്ലാവരെ സംബന്ധിച്ചും ഒരു നല്ല ദിവസമാണ് ഇന്ന്", എസ് പി ചരണ്‍ പറഞ്ഞു.

അതേസമയം എസ് പി ബാലസുബ്രഹ്മണ്യത്തിന്‍റെ കൊവിഡ് പരിശോധന നെഗറ്റീവ് ആയെന്ന ഇന്നലെ നടത്തിയ പ്രസ്താവന എസ് പി ചരണ്‍ പിന്നാലെ പിന്‍വലിച്ചിരുന്നു. അദ്ദേഹം ചികിത്സയില്‍ കഴിയുന്ന ചെന്നൈയിലെ എംജിഎം ആശുപത്രി ഇത് നിഷേധിച്ചതിനു പിന്നാലെയായിരുന്നു തിരുത്ത്. എസ്‍പിബിയുടെ ആരോഗ്യനിലയില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളായി പ്രശ്‍നങ്ങളില്ലെന്നും കൊവിഡ് നെഗറ്റീവ് റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്നും ആശുപത്രി വ്യക്തമാക്കിയിരുന്നു.