കൊലപാതക കേസില്‍ അകത്തായ കന്നഡ താരം ദര്‍ശന് ജയിലില്‍ പ്രത്യേക പരിഗണന; ചിത്രം വൈറല്‍, പിന്നാലെ അന്വേഷണം
കൊലപാതക കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന നടൻ ദർശൻ തൂഗുദീപയ്ക്ക് ജയിലിൽ വിഐപി പരിഗണനയും സൗകര്യങ്ങളും ലഭിക്കുന്നതായി ആരോപണം.
ബെംഗളൂരു: രേണുക സ്വാമി കൊലപാതക കേസില്‍ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന പ്രശസ്ത കന്നഡ നടൻ ദർശൻ തൂഗുദീപയ്ക്ക് ജയിലില്‍ വിഐപി പരിഗണനയും സൗകര്യങ്ങളും. ഇതിന്‍റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ പുറത്തുവിട്ടു. ഇതോടെ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് കര്‍ണാടക ഡിജിപി.
കൊലപാതക കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന പ്രശസ്ത കന്നഡ സൂപ്പര്‍താരം പകൽ വെളിച്ചത്തിൽ മറ്റ് മൂന്ന് പേർക്കൊപ്പം കറങ്ങി നടക്കുന്ന ഒരു ചിത്രമാണ് വൈറലായത്. തുറസ്സായ ഗ്രൗണ്ടിൽ പ്ലാസ്റ്റിക് കസേരകളിൽ ഇരുന്നു പുൽത്തകിടിയില്‍ സൗഹൃദ സംഭാഷണം നടത്തുന്നതാണ് ഫോട്ടോയില്‍ ഉള്ളത്.
നിലവിൽ ബംഗളൂരുവിലെ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ കഴിയുന്ന ദർശൻ വലതു കൈയിൽ ഒരു കപ്പും മറ്റേ കൈയിൽ സിഗരറ്റും പിടിച്ചാണ് ചിത്രത്തില്‍ കാണുന്നത്. ഇതോടെ ദര്‍ശന് ജയിലില്‍ വിഐപി പരിഗണനയില്‍ സുഖ ജീവിതമാണ് എന്നാണ് ആരോപണം ഉയര്‍ന്നത്.
ദര്‍ശനൊപ്പം ഇപ്പോള്‍ വിവാദമായ ചിത്രത്തിലുള്ളവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഗുണ്ടാസംഘ തലവന്‍ വിൽസൺ ഗാർഡൻ ദർശന്‍റെ മാനേജരും കേസിലെ പ്രതിയുമായ നാഗരാജ്, കുള്ള സീന എന്നിവരാണ് ചിത്രത്തിലുള്ളത്. അവളരെ സന്തോഷത്തിലാണ് എല്ലാവരും എന്ന് ചിത്രത്തില്‍ നിന്നും വ്യക്തമാണ്.
ജൂലൈയിൽ കന്നഡ നടൻ സമർപ്പിച്ച ഹർജി പരിഗണിക്കവെ എല്ലാ പൗരന്മാർക്കും വിചാരണ തടവുകാർക്കും അവരുടെ സാമൂഹികവും സാമ്പത്തികവുമായ നിലയുടെ അടിസ്ഥാനത്തിൽ വിവേചനമില്ലാത്ത ഭക്ഷണത്തിന് അർഹതയുണ്ടെന്ന് കർണാടക ഹൈക്കോടതി പറഞ്ഞിരുന്നു. വീട്ടില്‍ നിന്നുള്ള ഭക്ഷണം അനുവദിക്കണം എന്നാണ് ദര്‍ശന്‍ ഹര്‍ജി നല്‍കിയത്.
ചിത്രം വിവാദമായതിന് പിന്നാലെ പ്രതികരിച്ച കൊല്ലപ്പെട്ട രേണുക സ്വാമിയുടെ കുടുംബം. ഈ കേസ് സിബിഐയ്ക്ക് വിടണമെന്ന് ആവശ്യപ്പെട്ടു.
രേണുകസ്വാമിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ദർശനടക്കം 17 പേരാണ് ഇപ്പോള്‍ ജയിലിലുള്ളത്. ഇതില്‍ ദര്‍ശന്‍റെ സുഹൃത്തായ നടി പവിത്ര ഗൗഡയും പെടുന്നു. ദര്‍ശന്‍റെ ആരാധകനായ രേണുകസ്വാമി (33) പവിത്ര ഗൗഡയ്ക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചതാണ് ദർശനെ പ്രകോപിപ്പിച്ചതെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നുമാണ് പോലീസ് വൃത്തങ്ങൾ നൽകുന്ന വിവരം.
ജൂൺ 9 ന് സുമനഹള്ളിയിലെ ഒരു അപ്പാർട്ട്മെന്‍റിന് അടുത്തുള്ള അഴുക്കുചാലിലാണ് രേണുക സ്വാമിയുടെ മൃതദേഹം കണ്ടെത്തിയത്.
'ഏക ഭാര്യ ഞാനാണ്, പവിത്ര വെറും സുഹൃത്ത്' : പൊലീസിന് കത്തെഴുതി ദര്‍ശന്‍റെ ഭാര്യ വിജയലക്ഷ്മി