ഹോളിവുഡ് ചിത്രങ്ങളുടെ ഇന്ത്യയിലെ അഡ്വാന്‍സ് ബുക്കിംഗിന്‍റെ റെക്കോര്‍ഡ് അവഞ്ചേഴ്സ് എന്‍ഡ്‍ഗെയിമിനാണ്

കൊവിഡ് പശ്ചാത്തലത്തില്‍ തകര്‍ന്നടിഞ്ഞ സിനിമാ വ്യവസായം ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന കാഴ്ചയാണ് ലോകമാകെ കാണുന്നത്. ഹോളിവുഡ് മുതല്‍ ഇന്ത്യയിലെ പ്രാദേശിക സിനിമാ വ്യവസായങ്ങളില്‍ വരെ ഈ ഉണര്‍വ്വ് പ്രകടമാണ്. കൂടുതല്‍ രാജ്യങ്ങളില്‍ തിയറ്ററുകള്‍ പ്രവര്‍ത്തനം പുനരാരംഭിച്ചതിന്‍റെ പ്രതിഫലനം ആഗോള ബോക്സ് ഓഫീസില്‍ പ്രതിഫലിക്കുന്നുണ്ട്. വിശേഷിച്ചും ഹോളിവുഡ് സിനിമകളുടെ കളക്ഷനില്‍. ഇപ്പോഴിതാ പ്രീ-റിലീസ് ടിക്കറ്റ് റിസര്‍വേഷനില്‍ അമ്പരപ്പിക്കുകയാണ് ഒരു ഹോളിവുഡ് ചിത്രം. മാര്‍വെല്‍ സിനിമാറ്റിക് യൂണിവേഴ്സിലെ 27-ാം ചിത്രവും എംസിയുവിന്‍റെ സ്പേഡര്‍മാന്‍ സിരീസിലെ മൂന്നാം ചിത്രവുമായ 'സ്പൈഡര്‍മാന്‍: നോ വേ ഹോം' (Spider Man No Way Home) ആണ് പ്രീ റിലീസ് ബുക്കിംഗില്‍ വന്‍ നേട്ടം കൊയ്യുന്നത്. ചിത്രം നാളെ റിലീസ് ചെയ്യാനിരിക്കുന്ന ഇന്ത്യയിലും വന്‍ പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

വെറും 24 മണിക്കൂറില്‍ ഇന്ത്യയില്‍ ചിത്രത്തിന്‍റെ അഞ്ച് ലക്ഷത്തിലേറെ ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ ആയി വിറ്റുവെന്നാണ് ലഭ്യമായ കണക്കുകള്‍. 15 കോടിയിലേറെ രൂപയാണ് ഈ ഓണ്‍ലൈന്‍ ബുക്കിംഗിന്‍റെ ആകെ മൂല്യം. ഇതില്‍ 10 കോടിയോളം റിലീസ് ദിന കളക്ഷനായി രേഖപ്പെടുത്തപ്പെടുന്നതുമാണ്. ഒരു ഹോളിവുഡ് ചിത്രത്തിന് ഇന്ത്യയില്‍ ലഭിക്കുന്ന ഏറ്റവും വലിയ രണ്ടാമത്തെ അഡ്വാന്‍സ് റിസര്‍വേഷന്‍ ആണ് നോ വേ ഹോമിന് ലഭിച്ചിരിക്കുന്നത്. 2019 ഏപ്രിലില്‍ എത്തിയ അവഞ്ചേഴ്സ്: എന്‍ഡ്‍ഗെയിമിനാണ് ഇന്ത്യയിലെ റിസര്‍വേഷന്‍ റെക്കോര്‍ഡ്. 24 മണിക്കൂറില്‍ 14 ലക്ഷം ടിക്കറ്റുകളാണ് അന്ന് അവഞ്ചേഴ്സിന്‍റേതായി വിറ്റഴിക്കപ്പെട്ടത്.

ദേശീയ മള്‍ട്ടിപ്ലെക്സ് ശൃംഖലകള്‍ ഞായറാഴ്ച വൈകുന്നേരത്തോടെയാണ് ചിത്രത്തിന്‍റെ പ്രീ ബുക്കിംഗ് ആരംഭിച്ചത്. മിനിറ്റുകള്‍ക്കുള്ളില്‍ റിലീസ് ദിനത്തിലെ മിക്ക പ്രദര്‍ശനങ്ങളുടെയും മുന്‍നിര സീറ്റുകള്‍ ഒഴികെയുള്ളവയുടെ ടിക്കറ്റുകള്‍ വിറ്റുപോയി. ഐ മാക്സ് സ്ക്രീനുകളിലെ വില്‍പ്പനയും ഇങ്ങനെതന്നെ. ഇന്ത്യയിലെ പ്രമുഖ മള്‍ട്ടിപ്ലെക്സ് ശൃഖലയായ പിവിആര്‍ ആദ്യ മണിക്കൂറില്‍ മാത്രം 20,000 ടിക്കറ്റുകളാണ് വിറ്റഴിച്ചത്. മൂന്ന് മണിക്കൂറില്‍ 50,000 ടിക്കറ്റുകളും 24 മണിക്കൂറില്‍ 1.6 ലക്ഷം ടിക്കറ്റുകളും അവര്‍ വിറ്റു. മറ്റു മള്‍ട്ടിപ്ലെക്സ് ശൃംഖലകളായ ഐനോക്സ്, സിനിപോളിസ് എന്നിവര്‍ ചേര്‍ന്ന് 2.2 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്. തെലുങ്ക് സംസ്ഥാനങ്ങളിലെ പ്രാദേശിക മള്‍ട്ടിപ്ലെക്സ് ശൃംഖലയായ ഏഷ്യന്‍ സിനിമാസിനും നല്ല വില്‍പനയാണ് ലഭിച്ചത്. വ്യാഴാഴ്ച ഇന്ത്യയില്‍ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം ആദ്യദിനം 30 കോടി നേടുമെന്നാണ് കരുതപ്പെടുന്നത്. ആദ്യ വാരാന്ത്യത്തില്‍ തന്നെ 100 കോടി ക്ലബ്ബില്‍ എത്തുമെന്നും ട്രേഡ് അനലിസ്റ്റുകളുടെ പ്രവചനമുണ്ട്.