അനശ്വര രാജന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'സൂപ്പര്‍ ശരണ്യ' എന്ന ചിത്രത്തിലൂടെയാണ് ശ്രീകാന്ത് വെട്ടിയാര്‍ സിനിമാ അഭിനയ രംഗത്തേക്ക് എത്തുന്നത്

സോഷ്യല്‍ മീഡിയയില്‍ മലയാളത്തില്‍ നിന്നുള്ള വീഡിയോ കണ്ടന്‍റ് ക്രിയേറ്റേഴ്സില്‍ ചുരുങ്ങിയ കാലം കൊണ്ട് ഏറെ ശ്രദ്ധ നേടിയ കലാകാരനാണ് ശ്രീകാന്ത് വെട്ടിയാര്‍. ട്രോള്‍ ഗ്രൂപ്പ് ആയ ഇന്‍റര്‍നാഷണല്‍ ചളു യൂണിയനില്‍ മീമുകള്‍ ഉപയോഗിച്ചുള്ള ട്രോളുകളിലൂടെ ശ്രദ്ധ നേടിയശേഷമാണ് അത് വീഡിയോരൂപത്തിലേക്ക് ശ്രീകാന്ത് വിപുലൂകരിച്ചെടുത്തത്. തുടക്കത്തില്‍ പ്രോത്സാഹനത്തെക്കാള്‍ വിമര്‍ശനങ്ങളാണ് ലഭിച്ചതെങ്കിലും വളരെവേഗത്തില്‍ വൈറല്‍ ആയി മാറാന്‍ തുടങ്ങി ശ്രീകാന്തിന്‍റെ വീഡിയോകള്‍. ഇപ്പോഴിതാ സിനിമാ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് അദ്ദേഹം.

അനശ്വര രാജന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'സൂപ്പര്‍ ശരണ്യ' എന്ന ചിത്രത്തിലൂടെയാണ് ശ്രീകാന്ത് വെട്ടിയാര്‍ സിനിമാ അഭിനയ രംഗത്തേക്ക് എത്തുന്നത്. 'തണ്ണീര്‍മത്തന്‍ ദിനങ്ങള്‍' എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകപ്രീതി നേടിയെടുത്ത സംവിധായകനായ ഗിരീഷ് എ ഡിയുടെ രണ്ടാമത്തെ ചിത്രമാണിത്. ഗിരീഷിനും മറ്റ് അണിയറപ്രവര്‍ത്തകര്‍ക്കുമൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് ശ്രീകാന്ത് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ സന്തോഷവാര്‍ത്ത പങ്കുവച്ചത്.

ഗിരീഷ് എ ഡിയുടേതു തന്നെയാണ് ചിത്രത്തിന്‍റെ രചന. ഷെബിന്‍ ബക്കറിനൊപ്പം ചിത്രത്തിന്‍റെ നിര്‍മ്മാണത്തിലും ഗിരീഷിന് പങ്കാളിത്തമുണ്ട്. സജിത് പുരുഷന്‍ ആണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. എഡിറ്റിംഗ് ആകാശ് ജോസഫ് വര്‍ഗീസ്. സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്. ചീഫ് അസോസിയേറ്റ് സുഹൈല്‍ എം. കഴിഞ്ഞമാസം പാലക്കാട് കൊല്ലങ്കോട്ട് സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരുന്നു. അര്‍ജുന്‍ അശോകന്‍, ബിന്ദു പണിക്കര്‍, മണികണ്ഠന്‍ പട്ടാമ്പി, സജിന്‍ ചെറുകയില്‍, വിനീത് വിശ്വം, വരുണ്‍ ധാര, വിനീത് വാസുദേവന്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. തൃശൂര്‍, കൊച്ചി എന്നിവിടങ്ങളിലും ലൊക്കേഷനുകള്‍ ഉണ്ട്. സെന്‍ട്രല്‍ പിക്ചേഴ്സ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കും.