നന്ദമുറി ബാലകൃഷ്ണ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം

അതത് ഇന്‍ഡസ്ട്രികളിലെ പുതിയ ചിത്രങ്ങള്‍ നേടുന്ന വലിയ വിജയങ്ങള്‍ അതിലെ അഭിനേതാക്കളുടെ താരമൂല്യം ഉയര്‍ത്താറുണ്ട്. മറ്റൊരര്‍ഥത്തില്‍ ഉള്ള താരമൂല്യം നിലനിര്‍ത്താന്‍ തുടര്‍ച്ചയായ വിജയങ്ങള്‍ ആവശ്യവുമാണ്. പുതുതലമുറ താരങ്ങളെ സംബന്ധിച്ച് ലഭിക്കുന്ന അവസരങ്ങള്‍ ഏറ്റവും നന്നായി പ്രയോജനപ്പെടുത്തുന്നതിലാണ് മിടുക്ക്. തെലുങ്കിലെ പുതുതലമുറ നായികമാരെ എടുത്താല്‍ ഏറ്റവും വളര്‍ച്ചാസാധ്യത കല്‍പ്പിക്കപ്പെടുന്നവരുടെ മുന്‍നിരയില്‍ ഉള്ളയാളാണ് ശ്രീലീല. ധമാക്കയ്ക്കും സ്കന്ദയ്ക്കുമൊക്കെ ശേഷം ശ്രീലീല നായികയായ ഭഗവന്ദ് കേസരി വന്‍ വിജയമാണ് നേടിയത്. ഇപ്പോഴിതാ അവര്‍ പ്രതിഫലം ഉയര്‍ത്തിയിരിക്കുകയാണെന്നാണ് ടോളിവുഡില്‍ നിന്നുള്ള വാര്‍ത്തകള്‍.

നന്ദമുറി ബാലകൃഷ്ണ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ വിജി എന്ന കഥാപാത്രത്തെയാണ് ശ്രീലീല അവതരിപ്പിച്ചിരിക്കുന്നത്. അനില്‍ രവിപുഡി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ബാലകൃഷ്ണയുടെ സമീപകാല ചിത്രങ്ങള്‍ നേടുന്ന വിജയം ബോക്സ് ഓഫീസില്‍ ആവര്‍ത്തിച്ചിരിക്കുകയാണ്. നിര്‍മ്മാതാക്കളായ ഷൈന്‍ സ്ക്രീന്‍സ് നല്‍കുന്ന കണക്കനുസരിച്ച് ആദ്യ 11 ദിവസങ്ങള്‍ കൊണ്ട് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം നേടിയിരിക്കുന്നത് 130.01 കോടിയാണ്. വിജയ്‍യുടെ വമ്പന്‍ ചിത്രം ലിയോ എത്തിയ അതേദിവസം, ഒക്ടോബര്‍ 19 നായിരുന്നു ഭഗവന്ത് കേസരിയുടെയും റിലീസ്.

View post on Instagram

ഭഗവന്ദ് കേസരിയില്‍ ശ്രീലീല വാങ്ങിയ പ്രതിഫലം 1.5 കോടി ആണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ചിത്രം നേടിയ വന്‍ വിജയത്തെ തുടര്‍ന്ന് ശ്രീലീല പ്രതിഫലം 3 കോടിയിലേക്ക് ഉയര്‍ത്തിയതായാണ് തെലുങ്ക് മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍. അഭിനയമികവിനൊപ്പം നൃത്തത്തിലെ മികവും ശ്രീലീലയ്ക്ക് തെലുങ്ക് ഇന്‍ഡസ്ട്രിയില്‍ പ്ലസ് ആണ്. കരിയറിന്‍റെ തുടക്കം മുതല്‍ ഭാഗ്യവും ഒപ്പം നിന്നിട്ടുള്ള നടിയാണ് അവര്‍. കിസ് എന്ന കന്നഡ ചിത്രത്തിലൂടെ 2019 ലായിരുന്നു അരങ്ങേറ്റം. 100 ദിവസം തിയറ്ററുകളില്‍ ഓടിയ ചിത്രം മികച്ച ബോക്സ് ഓഫീസ് വിജയമാണ് നേടിയത്. ഭഗവന്ദ് കേസരിക്ക് ശേഷം ശ്രീലീലയുടെ നാല് ചിത്രങ്ങള്‍ നിര്‍മ്മാണത്തിന്‍റെ വിവിധ ഘട്ടങ്ങളിലാണ്.

ALSO READ : ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ തവണ കണ്ട സിനിമ? ആ മോഹന്‍ലാല്‍ ചിത്രത്തെക്കുറിച്ച് ബേസില്‍ ജോസഫ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക