ഫേസ്ബുക്കില്‍ തനിക്ക് ഇതുവരെ അക്കൗണ്ടില്ലായിരുന്നുവെന്ന് നടൻ ശ്രീനിവാസൻ. ഔദ്യോഗികമായി താൻ ഫേസ്ബുക്കില്‍ അക്കൗണ്ട് തുടങ്ങിയെന്നും ശ്രീനിവാസൻ അറിയിച്ചു. ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്‍താണ് ശ്രീനിവാസൻ ഇക്കാര്യം അറിയിച്ചത്.  ശ്രീനിവാസൻ പാട്യം എന്ന പേരിലാണ് ശ്രീനിവാസൻ ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങിയിരിക്കുന്നത്.

ഫേസ്ബുക്കില്‍ എനിക്ക് ഇതുവരെ അക്കൌണ്ടില്ലായിരുന്നു. പക്ഷേ എന്റെ സുഹൃത്തുക്കളുടെ സഹായം കൊണ്ട് എനിക്ക് നിരവധി ഫേക്ക് അക്കൗണ്ട്  ഉണ്ടെന്നാണ് അന്വേഷണത്തില്‍ മനസ്സിലായത്. ആ അക്കൗണ്ടിലൂടെ സുഹൃത്തുക്കള്‍ പറയാറുള്ള കാര്യങ്ങള്‍ ഞാൻ പറഞ്ഞതായി അവര്‍ പറയുകയാണ്. അതായത് എന്റെ മകൻ വിനീതിനോട് ഞാൻ ചില രാഷ്‍ട്രീയ ഉപദേശങ്ങള്‍ നല്‍കിയെന്ന്.  സിപിഎമ്മില്‍ ചേരണമെന്ന് ഒരിക്കല്‍ ചേരരുതെന്ന് മറ്റൊരിക്കല്‍.. അതായത് സിപിഎമ്മില്‍ ചേരുകയെന്ന് പറഞ്ഞാല്‍ അതൊരു ചൂണ്ടയാണ്, സൂക്ഷിക്കണമെന്നും പറഞ്ഞു. ഇന്നുവരെ ഞാൻ വിനീതിനോട് രാഷ്‍ട്രീയ കാര്യങ്ങള്‍ സംസാരിച്ചിട്ടില്ല. കാരണം ഓരോ ആളുകള്‍ക്കും പ്രായപൂര്‍ത്തിയാകുമ്പോള്‍ ഇവിടെ നടന്നുകൊണ്ടിരിക്കുന്നതെന്തെന്ന് തിരിച്ചറിയാൻ  അവരവര്‍ക്ക് കഴിവുണ്ടാകണം.  വിനീതിന് ആ രീതിയില്‍ ഒരു കഴിവുണ്ടാകുമെന്നാണ് ഞാൻ വിചാരിക്കുന്നത്.  വിനീതിനു മാത്രമല്ല, നിരവധി ആളുകള്‍ക്ക്, ഒന്നും പുറത്തുപറയാത്ത ആളുകള്‍ക്ക് പോലും അവര്‍ക്ക് പറയാനുള്ള കാര്യങ്ങളെ കുറിച്ച് വ്യക്തമായ ബോധ്യമുണ്ടാകും. അതുകൊണ്ട് എന്റെ ഉപദേശമോ അഭിപ്രായമോ ഒരാള്‍ക്കും ആവശ്യമില്ല. ഞാൻ ആരെയും ഉപദേശിക്കാൻ തയ്യാറല്ല. ഏറ്റവും വൃത്തിപ്പെട്ട പരിപാടിയാണ് ഉപദേശമെന്ന് എനിക്ക് അറിയാം. എന്നെക്കുറിച്ച് ഫേയ്‍ക്ക് ആയ അക്കൌണ്ടില്‍ എഴുതുന്നവര്‍ക്ക് ആ സത്യം അറിയില്ലായിരിക്കും.  അവര്‍ ഇനിയെങ്കിലും അത് മനസ്സിലാക്കണം. ഞാൻ ശ്രീനിവാസൻ പാട്യം എന്ന് പറയുന്ന, അതായത് പാട്യം എന്റെ നാടാണ്. ശ്രീനിവാസൻ പാട്യം (ശ്രീനി) എന്ന ഒരു അക്കൗണ്ട് ഔദ്യോഗികമായി തുടങ്ങിയിരിക്കുകയാണ്. അതിലൂടെ എനിക്ക് പറയാൻ ആഗ്രഹിക്കുന്ന ഉപദേശമല്ലാത്ത കുറെ കാര്യങ്ങളുണ്ട്, അത് പറയാൻ ഞാൻ ആ ഫേസ്ബുക്കിലൂടെ ശ്രമിക്കുന്നതാണ്- ശ്രീനിവാസൻ പറയുന്നു.