Asianet News MalayalamAsianet News Malayalam

'കുറേക്കാലമായി മൂടിവച്ചിരുന്ന സത്യം'; 'കാപ്പ' ലോഞ്ചിംഗ് വേദിയില്‍ ചിരിയുണര്‍ത്തി ശ്രീനിവാസന്‍

"കുറേക്കാലമായി കാണാന്‍ സാധിക്കാതിരുന്ന ആളുകളെ കാണാന്‍ കഴിഞ്ഞത് ഒരു ഭാ​ഗ്യമാണ്."

sreenivasan speech at kaapa movie launch shaji kailas prithviraj sukumaran
Author
First Published Dec 20, 2022, 10:32 AM IST

ദീര്‍ഘകാലമായി ഉണ്ടായിരുന്ന അനാരോ​ഗ്യത്തിന്‍റെ പിടിയില്‍ നിന്ന് സാധാരണ ജീവിതത്തിലേക്കുള്ള തിരിച്ചുവരവിന്‍റെ പാതയിലാണ് ശ്രീനിവാസന്‍. ചില വേദികളിലെ അദ്ദേഹത്തിന്‍റെ സാന്നിധ്യത്തെ സിനിമാപ്രേമികള്‍ സോഷ്യല്‍ മീഡിയയില്‍ ആഘോഷിക്കുകയും ചെയ്‍തിരുന്നു. നിലവില്‍ ഒരു സിനിമയില്‍ അഭിനയിക്കുന്നുമുണ്ട് അദ്ദേഹം. ഇപ്പോഴിതാ മറ്റൊരു വേദിയിലെ ശ്രീനിവാസന്‍റെ സാന്നിധ്യം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത കാപ്പ എന്ന ചിത്രത്തിന്‍റെ ഒഫിഷ്യല്‍ ലോഞ്ച് വേദിയിലാണ് സ്വതസിദ്ധമായ നര്‍മ്മത്തോടെ ശ്രീനിവാസന്‍ എത്തിയത്. ഫെഫ്ക റൈറ്റേഴ്സ് യൂണിയന്‍ നിര്‍മ്മിക്കുന്ന ചിത്രമായതിനാല്‍ നിരവധി ചലച്ചിത്ര പ്രവര്‍ത്തകര്‍ ചടങ്ങിന് എത്തിയിരുന്നു. നിറഞ്ഞ കൈയടികളോടെയും ചിരിയോടെയുമാണ് സഹപ്രവര്‍ത്തകര്‍ ശ്രീനിയുടെ വാക്കുകള്‍ സ്വീകരിച്ചത്.

ശ്രീനിവാസന്‍ പറഞ്ഞത്

വേറെയാരും പറയാന്‍ ഇല്ലാത്തതുകൊണ്ട് കുറേക്കാലമായി മൂടിവച്ച ഒരു സത്യം ഞാന്‍ തുറന്ന് പറയുകയാണ്. മലയാള സിനിമയിലെ ഏറ്റവും വലിയ തിരക്കഥാകൃത്ത് ഞാനാണ്. ഏറ്റവും കൂടുതല്‍ സൂപ്പര്‍ ഹിറ്റുകള്‍ എഴുതിയ ആളും ഞാന്‍ തന്നെയാണ്. ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ എഴുതിയ ആളും ഞാന്‍ തന്നെയാണ്. 

ശരിക്ക് പറഞ്ഞാല്‍ അത്യാവശ്യം നല്ല നിലവാരമുള്ള കുറേ രോ​ഗങ്ങള്‍ ഉള്ള മനുഷ്യരോട് തോന്നുന്ന കാരുണ്യം കൊണ്ടാണ് എന്നെ ഇവര്‍ വിളിച്ചത്. ഞാന്‍ കുറച്ച് കാലമായിട്ട് അഭിനയിക്കാറില്ല. ഫാസിലിനെ കണ്ടപ്പോള്‍ എനിക്ക് വലിയ സന്തോഷമായി (സദസ്സിലുള്ള സംവിധായകന്‍ ഫാസിലിനെ ചൂണ്ടിക്കാട്ടിക്കൊണ്ട്). എന്നെ കാണാത്തതുകൊണ്ടാണോ അദ്ദേഹം എന്നെ വച്ച് സിനിമ എടുക്കാത്തതെന്ന് എനിക്ക് സംശയമുണ്ടായിരുന്നു. ഞാനിപ്പോള്‍ സംഭാഷണമൊക്കെ പറയാന്‍ തുടങ്ങി. ഒരു സിനിമയില്‍ ഇപ്പോള്‍ അഭിനയിക്കുന്നുണ്ട്. അടുത്ത സിനിമയില്‍ ഞാന്‍ എന്തായാലും അഭിനയിക്കാം. 

ALSO READ : 'ഗോള്‍ഡ് വര്‍ക്ക് ആയില്ല, പക്ഷേ ഞങ്ങള്‍ക്ക് ലാഭമാണ്'; പൃഥ്വിരാജിന്‍റെ പ്രതികരണം

കുറേക്കാലമായി കാണാന്‍ സാധിക്കാതിരുന്ന ആളുകളെ കാണാന്‍ കഴിഞ്ഞത് ഒരു ഭാ​ഗ്യമാണ്. ഇന്നത്തെ ദിവസത്തിന്‍റെ പ്രത്യേകതയും അതു തന്നെയാണ്. ഇങ്ങോട്ട് കാണിച്ച കാരുണ്യം ഇതുപോലെയുള്ള സംഘടനകള്‍ക്ക് ഉണ്ടായിരിക്കേണ്ട ഒരു ​ഗുണമാണ്. ഇങ്ങനെയൊരു സംഘടന ഉണ്ടാക്കിയതു തന്നെ സഹപ്രവര്‍ത്തകരോടുള്ള കാരുണ്യം കൊണ്ടാണ്. ഷാജി കൈലാസ് ഒരു സിനിമ ഇവര്‍ക്കു വേണ്ടി സംവിധാനം ചെയ്തത് ആ കാരുണ്യം അദ്ദേഹത്തിന് ഉള്ളതുകൊണ്ടാണ്. ഈ കാരുണ്യം തുടര്‍ന്നും എപ്പോഴും ഉണ്ടാവട്ടെ എന്ന് ഞാന്‍ ആ​ഗ്രഹിക്കുന്നു. 

Follow Us:
Download App:
  • android
  • ios