അമേരിക്കയിലാണ് ചിത്രത്തിന്റെ റി- റിലീസ്.
ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ വിജയത്തിന് ശേഷം രാജമൗലി സംവിധാനം ചെയ്ത ചിത്രം. അതുതന്നെയാണ് പ്രഖ്യാപന സമയം മുതൽ ആർആർആർ പ്രേക്ഷക ശ്രദ്ധനേടാൻ കാരണം. ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ഒടുവിൽ സിനിമ റിലീസ് ചെയ്തപ്പോൾ, അത് ഇന്ത്യൻ സിനിമയ്ക്ക് തന്നെ അഭിമാനമായി മാറി. ഓസ്കറിലും തിളങ്ങി. ഇപ്പോഴിതാ ഓസ്കർ പുരസ്കാരത്തോട് അനുബന്ധിച്ച് റി - റിലീസിന് ഒരുങ്ങുകയാണ് ചിത്രം.
അമേരിക്കയിലാണ് ചിത്രത്തിന്റെ റി- റിലീസ്. ഇരുനൂറോളം തിയറ്ററുകളിൽ ചിത്രം പ്രദർശനത്തിനെത്തും. ചിത്രം യുഎസിൽ വിതരണം ചെയ്ത വേരിയൻസ് ഫിലിംസാണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. റിലീസുമായി ബന്ധപ്പെട്ട് പുതിയ ട്രെയിലറും അണിയറക്കാർ പുറത്തിറക്കി. ചിത്രത്തിന് രാജ്യാന്തര തലത്തില്‍ ലഭിച്ച പ്രശംസകളും ചേർത്തിട്ടുണ്ട്.
അതേസമയം, പ്രശസ്‍തമായ ക്രിട്ടിക്സ് ചോയിസ്‍ സൂപ്പര്‍ അവാര്‍ഡ്‍സില്‍ ആക്ഷൻ മൂവി കാറ്റഗറിയില്‍ രാം ചരണിനും ജൂനിയര്‍ എൻടിആറിനും മികച്ച നടനുള്ള പുരസ്‍കാരത്തിനുള്ള നോമിനേഷൻ ലഭിച്ചിട്ടുണ്ട്. ഗോള്‍ഡ് ഗ്ലോബ് അവാര്‍ഡ് 'ആര്‍ആര്‍ആര്‍' ചിത്രത്തിലെ 'നാട്ടു നാട്ടു' എന്ന ഗാനം അടുത്തിടെ നേടിയിരുന്നു. എം എം കീരവാണിയാണ് ചിത്രത്തിലെ ഗാനത്തിന് സംഗീത സംവിധാനം ചെയ്‍തിരിക്കുന്നത്.
'എന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകൾ ക്രിസ്റ്റഫറിന്റെ നിലപാടുമായി യോജിക്കുന്നതല്ല, പക്ഷെ'; ബി ഉണ്ണികൃഷ്ണൻ
2022 മാർച്ച് 25നാണ് ആർആർആർ പ്രേക്ഷകർക്ക് മുന്നിലെത്തിയത്. സീ5 പ്ലാറ്റ്ഫോമിലൂടെ ചിത്രം ഒടിടിയിലും എത്തി. 650 കോടി മുതൽമുടക്കിൽ ഒരുങ്ങിയ ചിത്രം ഒരുമാസത്തിനുള്ളിൽ തന്നെ ആയിരം കോടി കളക്ഷൻ നേടിയിരുന്നു.ജൂനിയര്‍ എന്‍ടിആറും രാം ചരണും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ അജയ് ദേവ്‍ഗണ്‍, അളിയ ഭട്ട്, ഒലിവിയ മോറിസ്. സമുദ്രക്കനി, അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍സണ്‍, ശ്രിയ ശരണ്‍ തുടങ്ങിയവരും അഭിനയിക്കുന്നു. അച്ഛന്‍ കെ വി വിജയേന്ദ്ര പ്രസാദിന്‍റെ കഥയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത് രാജമൗലി തന്നെയാണ്. സായ് മാധവ് ബുറയാണ് സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത്. അടുത്തിടെ ജപ്പാനിലും റിലീസ് ചെയ്‍ത ചിത്രം മികച്ച പ്രതികരണമാണ് നേടിയത്.
