എസ്.എസ്. രാജമൗലിയുടെ പുതിയ ചിത്രം മഹേഷ് ബാബു നായകനാകുന്ന ഒരു വൈല്‍ഡ് അഡ്വഞ്ചറാണ്. 

കൊച്ചി: ഇന്ത്യൻ ചരിത്രവും പുരാണങ്ങളും സിനിമയ്ക്ക് വേണ്ടി രസകരമായി ഒരുക്കുന്നതില്‍ മികച്ച റെക്കോഡുള്ള സംവിധായകനാണ് എസ്.എസ്. രാജമൗലി. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന രാജമൗലിയുടെ പുതിയ ചിത്രം ഇപ്പോള്‍ നിര്‍മ്മാണഘട്ടത്തിലാണ്.

എസ്എസ്എംബി 29 എന്ന് താല്‍ക്കാലികമായി പേരിട്ട ചിത്രം ഒരു വൈല്‍ഡ് അഡ്വഞ്ചറാണ് എന്നാണ് പുറത്തുവരുന്ന സൂചന. എന്നാല്‍ ഇന്ത്യൻ പുരാണവുമായി ചിത്രത്തിന് ബന്ധം ഉണ്ടെന്നാണ് പീപ്പിംഗ് മൂണിന്‍റെ പുതിയ റിപ്പോര്‍ട്ടറില്‍ പറയുന്നത്, രാമായണത്തില്‍ പറയുന്ന മൃത സഞ്ജീവനി തേടിയുള്ള ഒരു യാത്ര കേന്ദ്രീകരിച്ചാണ് ചിത്രം ഒരുങ്ങുന്നത് എന്നാണ് വിവരം.

"മരിച്ചവരെ പുനരുജ്ജീവിപ്പിക്കാൻ ശക്തിയുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഒരു ഐതിഹാസിക സസ്യമായ സഞ്ജീവനി കണ്ടെത്തുന്നതിനായി മഹേഷ് ബാബുവിന്റെ കഥാപാത്രം ലോകമെമ്പാടും സഞ്ചരിക്കുന്നതിനെ ഇന്ത്യാന ജോൺസ് ശൈലിയിലുള്ള ഒരു ആക്ഷൻ സാഹസികതയായാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്" ചിത്രവുമായി അടുത്ത വൃത്തം പീപ്പിംഗ് മൂണിനോട് പറഞ്ഞു.

"രാജമൗലിയും അദ്ദേഹത്തിന്റെ പിതാവും മുതിർന്ന തിരക്കഥാകൃത്തുമായ കെ.വി. വിജയേന്ദ്ര പ്രസാദും രാമായണത്തിലെ ഘടകങ്ങൾ ആഖ്യാനത്തിലേക്ക് ഇഴചേർത്തിട്ടുണ്ട്, ഈ ചിത്രം രാജമൗലിയുടെ മുൻകാല ചിത്രങ്ങളെക്കാള്‍‌ വലിയ ചിത്രം ആയിരിക്കും" ഈ വൃത്തം പറഞ്ഞു.

രാമായണത്തിൽ അസുരരാജാവായ രാവണന്റെ മകനായ ഇന്ദ്രജിത്ത്, ശ്രീരാമന്റെ സഹോദരനായ ലക്ഷ്മണനെ മൃതപ്രായനാക്കുന്നു. പിന്നാലെ ഹനുമാൻ സഞ്ജീവനി തേടി ഹിമാലയത്തിലേക്ക് പോകുന്നു. ചെടിയെ തിരിച്ചറിയാൻ കഴിയാതെ, ഹനുമാൻ മലയുടെ ഒരു ഭാഗം മുഴുവൻ പിഴുതെടുത്ത് ലക്ഷമണന്‍റെ ജീവന്‍ രക്ഷിക്കാന്‍ ലങ്കയിലേക്ക് കൊണ്ടുവന്നുവെന്നാണ് രാമായണം പറയുന്നത്.

അതേ സമയം എസ്എസ്എംബി 29 സംബന്ധിച്ച് ഔദ്യോഗികമായ ഒരു പ്രഖ്യാപനവും രാജമൌലിയോ അണിയറക്കാരോ നല്‍കിയിട്ടില്ല. പക്ഷേ ആഗോള പ്രേക്ഷകരെ ആകർഷിക്കുന്നതിനായി രൂപകൽപ്പന ചെയ്തതാണ് സിനിമ എന്നാണ് വിവരം. ഏപ്രിലിൽ ഒഡീഷയിൽ സമാപിച്ച ഷെഡ്യൂളിന് ശേഷം ഹൈദരാബാദിൽ ഇപ്പോള്‍ ചിത്രത്തിന്‍റെ നിർമ്മാണം പുരോഗമിക്കുകയാണ്. 2025 വരെ ചിത്രീകരണം തുടരാനും 2027 ലെ വേനൽക്കാലത്ത് ലോകമെമ്പാടുമുള്ള തിയേറ്റർ റിലീസ് ലക്ഷ്യമിടുന്നതുമായ ഈ പ്രോജക്റ്റ്.