''എന്റെ എല്ലാ ആരാധകരോടുമായി അഭ്യര്‍ത്ഥിക്കുകയാണ്,   ശാപവാക്കുകളിലോ ഭാഷയിലോ പ്രകോപിതരാകരുത്, അതിന് പിന്നിലെ വികാരം മാനിക്കുക...'' 

മുംബൈ: നടന്‍ സുശാന്ത് സിംഗിന്റെ മരണത്തില്‍ ബോളിവുഡിലെ പല താരങ്ങള്‍ക്കുമെതിരെ ആരോപണമുയരുന്ന സാഹചര്യത്തില്‍ തന്റെ ആരാധകരോട് അഭ്യര്‍ത്ഥനയുമായി സല്‍മാന്‍ ഖാന്‍. സുശാന്തിന്റെ ആരാധകര്‍ക്കൊപ്പം നില്‍ക്കാനാണ് സല്‍മാന്‍ ഖാന്‍ ആവശ്യപ്പെടുന്നത്. ആരോപണം നേരിടുന്ന ബോളിവുഡ് താരങ്ങളില്‍ സല്‍മാന്‍ ഖാനും ഉള്‍പ്പെടും.

സുശാന്തിന്റെ ആരാധകര്‍ അദ്ദേഹത്തിനെതിരെ തിരിഞ്ഞിരുന്നു. തനിക്കെതിരെ സുശാന്തിന്റെ ആരാധകര്‍ ഉപയോഗിക്കുന്ന മോശം വാക്കുകള്‍ കണ്ട് പ്രകോപിതരാകരുതെന്നും സുശാന്തിന്റെ ആരാധകര്‍ക്കൊപ്പം നില്‍ക്കണമെന്നുമാണ് സല്‍മാന്‍ ഖാന്‍ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടത്. 

''എന്റെ എല്ലാ ആരാധകരോടുമായി അഭ്യര്‍ത്ഥിക്കുകയാണ്, ശാപവാക്കുകളിലോ ഭാഷയിലോ പ്രകോപിതരാകരുത്, അതിന് പിന്നിലെ വികാരം മാനിക്കുക. അദ്ദേഹത്തിന്റെ കുടുംബത്തിനും ആരാധകര്‍ക്കുമൊപ്പം നില്‍ക്കണമെന്ന് അപേക്ഷിക്കുന്നു. പ്രിയപ്പെട്ടയാളെ നഷ്ടപ്പെടുന്നത് വലിയ വേദനയാണ് '' - സല്‍മാന്‍ ഖാന്‍ ട്വീറ്റ് ചെയ്തു.

Scroll to load tweet…

ജൂണ്‍ 14നാണ് സുശാന്ത് സിംഗിനെ ബാന്ദ്രയിലെ തന്റെ ഫഌറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ആത്മഹത്യയാണെന്ന് വ്യക്തമാക്കിയ പൊലീസ് മരണത്തില്‍ അന്വേഷണം നടത്തുന്നതായി അ്‌റിയിച്ചു. സുശാന്തിന്റെ മരണത്തിന് പിന്നാലെ ബോളിവുഡ് മാഫിയകളെ കുറിച്ചുള്ള ചര്‍ച്ചകല്‍ സജീവമായിരുന്നു. കരണ്‍ ജോഹര്‍, സല്‍മാന്‍ ഖാന്‍ തുടങ്ങിയവര്‍ക്കെതിരെയും ആരോപണമുയര്‍ന്നു.