ഫഹദ് ഫാസില്‍ എന്ന നടന്‍ പുലര്‍ത്തുന്ന തെരഞ്ഞെടുപ്പുകളിലെ സൂക്ഷ്‍മത അദ്ദേഹത്തിന് നേട്ടമുണ്ടാക്കിക്കൊടുത്ത വര്‍ഷമായിരുന്നു 2019. തമിഴിലും മലയാളത്തിലുമായി മൂന്ന് സിനിമകള്‍ മാത്രം. അതില്‍ അദ്ദേഹം നിര്‍മ്മാണ പങ്കാളി കൂടിയായ 'കുമ്പളങ്ങി നൈറ്റ്സി'ലെ 'ഷമ്മി' എന്ന കഥാപാത്രമാണ് അദ്ദേഹത്തിന് മികച്ച സ്വഭാവനടനുള്ള സംസ്ഥാന പുരസ്കാരം നേടിക്കൊടുത്തിരിക്കുന്നത്. 

യുവപ്രേക്ഷകര്‍ക്കിടയില്‍ ഒരു കള്‍ട്ട് പദവി തന്നെ നേടിക്കൊടുത്ത കഥാപാത്രമായിരുന്നു 'ഷമ്മി'. 'ഷമ്മി ഹീറോയാടാ ഹീറോ' തുടങ്ങിയ, കഥാപാത്രത്തിന്‍റെ സംഭാഷണങ്ങളൊക്കെ അത്രയും ജനപ്രീതി നേടിയിരുന്നു. കണ്ണാടിയില്‍ സ്വന്തം രൂപസൗന്ദര്യം ആസ്വദിക്കുന്ന ആദ്യരംഗം മുതല്‍ ശ്യാം പുഷ്കരന്‍റെ സൂക്ഷ്‍മതയുള്ള തിരക്കഥയില്‍ തയ്യാറായ കഥാപാത്രത്തെ അതേ സൂക്ഷ്‍മതയോടെയും ആസ്വാദ്യതയോടെയും ഫഹദ് സ്ക്രീനില്‍ എത്തിച്ചു.

'കുമ്പളങ്ങി നൈറ്റ്സി'ലെ 'ഷമ്മി' ആയുള്ള ഫഹദിന്‍ററെ പ്രകടനത്തെക്കുറിച്ച് അവാര്‍ഡ് നിര്‍ണ്ണയ ജൂറിയുടെ വിലയിരുത്തല്‍ ഇപ്രകാരമാണ്- "ആണധികാരത്തിന്‍റെ നിര്‍ദയമായ സമീപനങ്ങളും കപടനാട്യങ്ങളും അതിഭാവുകത്വത്തിന്‍റെ സ്പര്‍ശമില്ലാതെ സ്വാഭാവികമായി അഭിനയിച്ചു ഫലിപ്പിച്ച പ്രകടന മികവിന്". 50,000 രൂപയും ശില്‍പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.

ജനപ്രീതിയും കലാമേന്മയുമുള്ള മികച്ച ചിത്രത്തിനുള്ള പ്രത്യേക അവാര്‍ഡും സഹ നിര്‍മ്മാതാവ് എന്ന നിലയില്‍ ഫഹദിന് ലഭിച്ചു. ഫഹദ് ഫാസില്‍, നസ്രിയ നസിം, ദിലീഷ് പോത്തന്‍, ശ്യാം പുഷ്കരന്‍ എന്നിവര്‍ ചേര്‍ന്നാണ് 'കുമ്പളങ്ങി നൈറ്റ്സ്' നിര്‍മ്മിച്ചത്. 25,000 രൂപയും ശില്‍പവും പ്രശസ്തിപത്രവും വീതം ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍ക്ക് ലഭിക്കും. ചിത്രത്തിന്‍റെ സംവിധായകനായ മധു സി നാരായണന് ഒരു ലക്ഷം രൂപയും ശില്‍പവും പ്രശസ്തിപത്രവും ലഭിക്കും. കലാമൂല്യവും ജനപ്രിയ ഘടകങ്ങളും അതിവിദഗ്‍ധമായി സമന്വയിപ്പിച്ചുകൊണ്ട് ഒരു കടലോര ഗ്രാമത്തിലെ ശിഥിലമായ കുടുംബത്തിലെ സ്ത്രീപുരുഷ ബന്ധങ്ങളെ മനോഹരമായി ആവിഷ്കരിച്ച ചിത്ര'മെന്നാണ് അവാര്‍ഡ് നിര്‍ണ്ണയ ജൂറിയുടെ വിലയിരുത്തല്‍.