ആദ്യചിത്രം മുതല്‍ തന്‍റേതായ ഒരു പ്രേക്ഷകവൃന്ദത്തെ സ്വരൂപിച്ചെടുത്ത സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. വലിയ ബജറ്റിലെത്തിയ ചില ചിത്രങ്ങള്‍ പരാജയപ്പെട്ടപ്പോളും 'നൊ പ്ലാന്‍സ് ടു ചേഞ്ച്' എന്ന് സ്വന്തം സിനിമാസങ്കല്‍പം വെളിപ്പെടുത്തിയ സംവിധായകന്‍. അദ്ദേഹത്തിന്‍റെ പ്രേക്ഷകവൃന്ദം പിന്നീടൊരു ആരാധക കൂട്ടായ്മയായി രൂപാന്തരപ്പെട്ടു. ഓരോ ചിത്രം പുറത്തിറങ്ങുമ്പോഴും അവരുടെ എണ്ണത്തില്‍ വര്‍ധനവുമുണ്ടായി. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ജല്ലിക്കട്ടിലേക്കെത്തുമ്പോള്‍ ലിജോ ജോസ് പെല്ലിശ്ശേരി എന്നത് ഒരു പ്രത്യേക ജനുസ്സിലുള്ള സിനിമകളുടെ ബ്രാന്‍ഡ് നെയിം ആയി. 

അദ്ദേഹത്തിന്‍റെ പല സിനിമകളെയുംപോലെ ആസ്വാദകര്‍ക്കിടയില്‍ ചേരിതിരിവ് സൃഷ്ടിച്ച ചിത്രമായിരുന്നു ജല്ലിക്കട്ടും. എന്നാല്‍ സിനിമ വിചാരിച്ചതുപോലെ രസിച്ചില്ലെന്ന് പരിഭവം പറഞ്ഞവര്‍ക്കും ലിജോയിലെ സംവിധായകനോട് മതിപ്പായിരുന്നു. ലിജോയെ മികച്ച സംവിധായകനായി തെരഞ്ഞെടുത്ത അവാര്‍ഡ് നിര്‍ണ്ണയ ജൂറി, ജല്ലിക്കട്ടിനെ മുന്‍നിര്‍ത്തി അദ്ദേഹത്തിന്‍റെ സംവിധാനചാതുരിയെ വിലയിരുത്തിയിരിക്കുന്നത് ഇപ്രകാരമാണ്- "മനുഷ്യന്‍റെ ആദിമവും വന്യവുമായ പ്രാകൃത ചോദനകളെ അവതരിപ്പിക്കുന്ന വ്യത്യസ്തവും സങ്കീര്‍ണവുമായ പ്രമേയത്തെ മികച്ച കൈയടക്കത്തോടെയും ശില്‍പഭദ്രതയോടെയും ആവിഷ്കരിച്ച സംവിധാന മികവിന്".

 

എസ് ഹരീഷിന്‍റെ മാവോയിസ്റ്റ് എന്ന കഥയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ലിജോ ചിത്രം ഒരുക്കിയത്. എസ് ഹരീഷും ആര്‍ ജയകുമാറും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയത്. ടൊറന്‍റോ ഫിലിം ഫെസ്റ്റിവലിലെ പ്രീമിയറിനു ശേഷമായിരുന്നു റിലീസ്. കഴിഞ്ഞ തവണത്തെ ഐഎഫ്എഫ്ഐയില്‍ മത്സരവിഭാഗത്തിലെ ജനപ്രിയ ചിത്രത്തിനുള്ള രജത ചകോരം ജല്ലിക്കട്ട് നേടിയിരുന്നു, സംവിധാനത്തിനുള്ള പ്രത്യേക ജൂറി പരാമര്‍ശം ലിജോയ്ക്ക് ലഭിക്കുകയും ചെയ്തിരുന്നു.