തിരുവനന്തപുരം: 2018ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് 12 മണിക്കാണ് സാംസ്കാരിക മന്ത്രി അവാർഡുകൾ പ്രഖ്യാപിക്കുക. അവസാന റൗണ്ടിൽ 21 സിനിമകളാണ് മത്സരിക്കുന്നത്

മികച്ച നടൻ, മികച്ച നടി, മികച്ച സിനിമ എന്നീ പ്രധാന വിഭാഗങ്ങളിൽ കടുത്ത മത്സരമാണ് നടക്കുന്നത്. വരത്തൻ, ഞാൻ പ്രകാശൻ,കാർബൺ എന്നീ സിനിമകളിലെ അഭിനയത്തിന് ഫഹദ് ഫാസിൽ, ജോസഫിലെ പ്രകടനത്തിലൂടെ ജോജു ജോർജ്, ഞാൻ മേരിക്കുട്ടി, ക്യാപ്റ്റൻ എന്നീ സിനിമകളിലെ അഭിനയത്തിന് ജയസൂര്യ. കുപ്രസിദ്ധ പയ്യൻ, തീവണ്ടി, മറഡോണ, എന്‍റെ ഉമ്മാന്‍റെ പേര് എന്നീ സിനിമകളിലൂടെ ടൊവിനോ തോമസ്, ഒടിയനിലൂടെ മോഹൻലാൽ എന്നിവരാണ് നടൻമാരുടെ പട്ടികയിൽ മുന്നിലുള്ളത്.

ആമിയിലൂടെ മഞ്ജു വാര്യർ, കൂടെയിലൂടെ നസ്രിയ, വരത്തനിലെ പ്രകടനത്തിലൂടെ ഐശര്യ ലക്ഷമി, ഓള് സിനിമയിലുടെ എസ്തർ എന്നിവരാണ് നടിമാരുടെ പട്ടികയിൽ മുന്നിലുള്ളത്. ജയരാജിന്‍റെ രൗദ്രം, ശ്യാമപ്രസാദിന്‍റെ എ സൺഡേ, ഷാജി എൻ കരുണിന്‍റെ ഓള്, സക്കറിയയുടെ സുഡാനി ഫ്രം നൈജീരിയ,പ്രജേഷ് സെന്നിന്‍റെ ക്യാപ്റ്റൻ തുടങ്ങിയ ചിത്രങ്ങൾ മികച്ച സിനിമയ്ക്കായി മത്സരിക്കുന്നു.

കഴിഞ്ഞ രണ്ട് വർഷങ്ങളിലെ പോലെ ചില അപ്രതീക്ഷിത സിനിമകൾക്കും അവാർഡ് ലഭിക്കാൻ സാധ്യതയുണ്ട്. കുമാർ സാഹ്നി അധ്യക്ഷനായുള്ള ജൂറിയാണ് അവാർഡ് നിർണയിക്കുന്നത്.