പ്രശസ്ത സംവിധായകൻ വെട്രിമാരനും നടൻ സിലമ്പരസൻ ടിആറും (STR) ഒരു പുതിയ ചിത്രത്തിനായി ഒന്നിക്കുന്നു. വടക്കൻ ചെന്നൈ പശ്ചാത്തലത്തിലുള്ള ഒരു അധോലോക കഥയായിരിക്കും ചിത്രം 

ചെന്നൈ: പ്രശസ്ത സംവിധായകൻ വെട്രിമാരനും നടൻ സിലമ്പരസൻ ടിആർ (എസ്.ടി.ആര്‍) ഉം ഒന്നിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഇരുവരും ഒന്നിക്കുന്ന ചിത്രം വടക്കന്‍ ചെന്നൈയുടെ പശ്ചാത്തലത്തിലുള്ള ഒരു അധോലോക കഥയാണ് ആവിഷ്കരിക്കുക എന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

വെട്രിമാരന്റെ ‘വട ചെന്നൈ’(2018) എന്ന ധനുഷ് നായകനായ ഹിറ്റ് ചിത്രത്തിന് സമാനമായ പാശ്ചത്തലത്തില്‍‌ ഒരു ഗ്യാങ്‌സ്റ്റർ ആക്ഷൻ ഡ്രാമയാണ് പുതിയ പ്രോജക്ട് എന്നാണ് റിപ്പോര്‍ട്ട്. ഒപ്പം ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സൂര്യ ചിത്രം ‘വാടിവാസൽ’ പ്രീ പ്രൊഡക്ഷനും വെട്രിമാരൻ മുന്നോട്ട് കൊണ്ടുപോകുന്നു എന്നാണ് വിവരം.

അതേ സമയം എസ്ടിആര്‍ 49 വെട്രിമാരന്‍ ചിത്രം ആയിരിക്കും എന്നാണ് പുതിയ വിവരം. നേരത്തെ വിടുതലെ 2 സമയത്ത് തന്നെ ഈ ചിത്രം സംബന്ധിച്ച് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ‘വാടിവാസൽ’ എടുക്കും മുന്‍പ് വെട്രിയുടെ അടുത്ത ചിത്രം എസ്ടിആര്‍ പടം ആയിരിക്കും എന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും ചിത്രം ജൂണ്‍ അവസാനത്തോടെയോ, അല്ലെങ്കില്‍ ജൂലൈ ആദ്യമോ ആരംഭിക്കും എന്നാണ് വിവരം.

അതേ സമയം ഡിടി നെക്സ്റ്റിന്‍റെ റിപ്പോര്‍ട്ട് പ്രകാരം ‘വട ചെന്നൈ’ അവകാശം ധനുഷില്‍ നിന്നും പുതിയ പ്രൊഡക്ഷന്‍ ഹൌസ് വാങ്ങിയെന്നും പറയുന്നുണ്ട്. ചിലപ്പോള്‍ എസ്.ടി.ആറിനെ വച്ചായിരിക്കും വട ചെന്നൈ പുതിയ പതിപ്പ് വെട്രിമാരന്‍ ആലോചിക്കുന്നത് എന്ന ചര്‍ച്ചയും കോളിവുഡില്‍ സജീവമാണ്.

ഗൌതം മേനോന്‍ സംവിധാനം ചെയ്ത ‘വെണ്ടു തനിന്തതു കാട്’ (2022) എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, വെട്രിമാരന്‍റെ റിയലിസ്റ്റിക് ആഖ്യാന ശൈലിയില്‍ എസ്.ടി.ആറിന്‍റെ വരവ് ഏറെ പ്രതീക്ഷയോടെയാണ് അദ്ദേഹത്തിന്‍റെ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്.