ആൻഡ്രിയ ജെറമിയ നായികയായ 'മാനുഷി' എന്ന ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് നിഷേധിച്ചതിനെതിരെ വെട്രി മാരൻ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു.
ചെന്നൈ: ആൻഡ്രിയ ജെറമിയ നായികയായി അഭിനയിച്ച തമിഴ് ചിത്രം മാനുഷിക്ക് സെൻസർ സർട്ടിഫിക്കറ്റ് നിഷേധിച്ചതിനെതിരെ സിനിമയുടെ നിർമ്മാതാവായ സംവിധായകന്‍ വെട്രി മാരൻ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. ഗോപി നൈനാർ സംവിധാനം ചെയ്ത ചിത്രമാണ് മാനുഷി.
ജസ്റ്റിസ് എൻ. ആനന്ദ് വെങ്കിടേഷ് സംവിധായകന്‍റെ റിട്ട് ഹർജി പരിഗണിക്കും. ഒരു സ്ത്രീയെ അന്വേഷണ ഏജന്‍സി ചോദ്യം ചെയ്യുന്നതിലൂടെ ചിത്രത്തിന്‍റെ കഥ പുരോഗമിക്കുന്നത്. സിനിമ നിർമ്മിച്ചത് വെട്രിമാരന്‍റെ പ്രൊഡക്ഷൻ ഹൗസായ ഗ്രാസ്‌റൂട്ട് ഫിലിം കമ്പനിയാണ്.
2024 സെപ്റ്റംബറിൽ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്‌സി) ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് നൽകാൻ വിസമ്മതിച്ചു. അതിലെ ഉള്ളടക്കം സ്റ്റേറ്റിനെ മോശമായി ചിത്രീകരിച്ചുവെന്നായിരുന്നു ആരോപണം എന്നാണ് ഹര്‍ജിയില്‍ സംവിധായകന്‍ പറയുന്നത്.
സെൻസർ സർട്ടിഫിക്കറ്റ് നിഷേധിക്കുന്നതിന് മുമ്പ് തനിക്ക് പറയാനുള്ളത് കേൾക്കാൻ അവസരം നൽകിയില്ലെന്നും സെൻസർ കമ്മിറ്റി അംഗങ്ങളുടെ വ്യക്തിഗത വീക്ഷണങ്ങൾ അറിയിച്ചില്ലെന്നും ഹര്‍ജിയില്‍ വെട്രിമാരന്‍ ചൂണ്ടിക്കാട്ടി. സിനിമ പുനഃപരിശോധിക്കാൻ മനുഷ്യാവകാശ പ്രവർത്തകർ ഉൾപ്പെടുന്ന ഒരു വിദഗ്ദ്ധ സമിതി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് 2025 മാർച്ച് 29 ന് സിബിഎഫ്‌സിക്ക് അപേക്ഷ സമര്‍പ്പിച്ചിരുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു.
തന്‍റെ അഭിപ്രായം കേള്‍ക്കാനും, ഒപ്പം ചിത്രം പരിശോധിക്കാന്‍ വിദഗ്ദ്ധ സമിതി നിയോഗിക്കാനും സിബിഎഫ്‌സിയോട് നിർദ്ദേശിക്കണമെന്നാണ് വെട്രിമാരന്‍ കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെയും പരിധിയിൽ വരുന്നില്ലെങ്കിൽ സിനിമ എഡിറ്റ് ചെയ്യാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
2024 ഏപ്രിലിൽ പ്രൊഡക്ഷൻ ഹൗസ് പുറത്തിറക്കിയതും നടൻ വിജയ് സേതുപതി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കുവെച്ചതുമായ ചിത്രത്തിന്റെ ട്രെയിലർ, തീവ്രവാദിയെന്ന് സംശയിക്കപ്പെടുന്ന ഒരു സ്ത്രീ നേരിടുന്ന കസ്റ്റഡി പീഡനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് കാണിക്കുന്നത്.
ആൻഡ്രിയയെ കൂടാതെ, നാസർ, തമിഴ്, ഹക്കിം ഷാ, ബാലാജി ശക്തിവേൽ എന്നിവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. നയൻതാര അഭിനയിച്ച 'ആരം' എന്ന ചിത്രത്തിലൂടെ പ്രശസ്തനായ ഗോപി നൈനാർ സംവിധാനം ചെയ്ത ചിത്രത്തിന് സംഗീതം നൽകിയത് പ്രശസ്ത സംഗീതജ്ഞൻ ഇളയരാജയാണ്.