മിസ് ഇന്ത്യ മത്സരത്തിൽ മിന്നിത്തിളങ്ങിയ ബർഖ മദൻ, ആഢംബര ലോകം ഉപേക്ഷിച്ച് ബുദ്ധ സന്യാസിനിയായി. പ്രശസ്തിയുടെ കൊടുമുടിയിൽ നിന്ന് ആത്മീയതയിലേക്കുള്ള അവരുടെ യാത്ര അത്ഭുതപ്പെടുത്തുന്നതാണ്.
ഷിംല/ ലഡാക്ക്: ഒരു കാലത്ത് ഫാഷൻ, ബോളിവുഡ് ലോകത്ത് തരംഗം സൃഷ്ടിച്ച താരമായിരുന്നു ബർഖ മദൻ. ആഢംബരവും പ്രശസ്തിയും നിറഞ്ഞ ജീവിതം ഉപേക്ഷിച്ച് ആത്മീയ പാത തിരഞ്ഞെടുത്ത് ബുദ്ധ സന്യാസിനിയായി മാറിയ ബർഖ മദന്‍റെ ജീവിതം ഇപ്പോൾ ഏവരെയും അദ്ഭുതപ്പെടുത്തുകയാണ്. മിസ് ഇന്ത്യ 1994 മത്സരത്തിൽ സുസ്മിത സെൻ, ഐശ്വര്യ റായ് തുടങ്ങിയ പ്രമുഖർക്കൊപ്പം ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച ബർഖ, പിന്നീട് സന്യാസം സ്വീകരിക്കാൻ തീരുമാനിക്കുകയായിരുന്നു.
മോഡലിംഗിലൂടെയാണ് ബർഖ മദൻ തന്‍റെ കരിയർ ആരംഭിച്ചത്. മിസ് ടൂറിസം ഇന്ത്യ കിരീടം നേടുകയും മലേഷ്യയിൽ നടന്ന അന്താരാഷ്ട്ര മത്സരത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. 1996ൽ അക്ഷയ് കുമാർ, രേഖ, രവീണ ടണ്ടൻ എന്നിവർക്കൊപ്പം 'ഖിലാഡിയോം കാ ഖിലാഡി' എന്ന ഹിന്ദി സിനിമയിൽ അഭിനയിച്ചുകൊണ്ട് ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു. 2003ൽ റാം ഗോപാൽ വർമ്മയുടെ 'ഭൂത്' എന്ന സിനിമയിൽ മൻജീത് ഖോസ്ല എന്ന പ്രേതത്തിന്‍റെ വേഷം ചെയ്തത് പ്രേക്ഷക ശ്രദ്ധ നേടി. 'ന്യായ', '1857 ക്രാന്തി' (റാണി ലക്ഷ്മിഭായിയായി), 'സാഥ് ഫെരെ – സലോനി കാ സഫർ' തുടങ്ങിയ ടെലിവിഷൻ സീരിയലുകളിലും ബർഖ തന്‍റെ സാന്നിധ്യം അറിയിച്ചു.
വഴിത്തിരിവായ ഒരു ചോദ്യം
പുറമെ നിന്ന് നോക്കുമ്പോൾ ബർഖയുടെ ജീവിതം തികഞ്ഞതായി തോന്നിയിരുന്നെങ്കിലും, ഉള്ളിന്‍റെയുള്ളിൽ അവർക്ക് അപൂർണ്ണത തോന്നി. പ്രശസ്തിയും കൈയടികളും ഉള്ളിലെ ശൂന്യത നികത്തിയില്ല. ഇതാണോ ശരിക്കും ജീവിതം? എന്ന ശക്തമായ ചോദ്യം അവർ സ്വയം ചോദിക്കാൻ തുടങ്ങി.
ദലൈലാമയുടെ ചിന്തകളിൽ ആകൃഷ്ടയായി, ബർഖ പതിയെ ആത്മീയതയിലേക്ക് തിരിഞ്ഞു. അവർ വെറും ആത്മീയ ഗ്രന്ഥങ്ങൾ വായിക്കുകയായിരുന്നില്ല, മറിച്ച് ജീവിതവും അതിനൊപ്പം മാറ്റുകയായിരുന്നു. 2012ൽ, ഭൂരിഭാഗം ആളുകളും സ്വപ്നം കാണാൻ മാത്രം ധൈര്യപ്പെടുന്ന ഒരു വലിയ തീരുമാനം അവർ എടുത്തു. ആഢംബര ലോകം പൂർണ്ണമായും ഉപേക്ഷിച്ച് സമാധാനത്തിന്‍റെ പാത തിരഞ്ഞെടുക്കുകയായിരുന്നു.
പുതിയ പേര്, പുതിയ ജീവിതം
പുതിയ ജീവിതത്തിനൊപ്പം പുതിയ പേരും അവർ സ്വീകരിച്ചു, ഗ്യാൽട്ടൻ സംടെൻ. ഇതൊരു പേരുമാറ്റം മാത്രമല്ല, അവരുടെ വ്യക്തിത്വത്തിന്‍റെ പൂർണ്ണമായ പരിവർത്തനം കൂടിയായിരുന്നു. ക്യാമറകളുടെയും റെഡ് കാർപെറ്റുകളുടെയും ലോകം ഉപേക്ഷിച്ച് ഹിമാചൽ പ്രദേശിലെയും ലഡാക്കിലെയും ശാന്തമായ മലനിരകളിൽ ഒരു ബുദ്ധ സന്യാസിനിയായി അവർ ജീവിക്കാൻ തുടങ്ങി. മേക്കപ്പില്ല, പ്രശസ്തിയില്ല, വേഷങ്ങളില്ല, സത്യവും ധ്യാനവും ആന്തരിക സമാധാനവും മാത്രം. യഥാർത്ഥ സന്തോഷം പ്രശസ്തിയിലല്ല, മനഃസമാധാനത്തിലാണെന്ന് ജീവിതത്തിലൂടെ തെളിയിക്കുകയാണ് ഇപ്പോൾ ഗ്യാൽട്ടൻ സംടെൻ എന്ന ബർഖ മദൻ.


