ബെംഗളൂരുവിലെ ഒരു സ്റ്റാർട്ടപ്പ് കമ്പനി റെസ്യൂമെകളോ കോളേജ് ഡിഗ്രികളോ ഇല്ലാതെ പ്രതിവർഷം ഒരു കോടി രൂപ ശമ്പളം വാഗ്ദാനം ചെയ്യുന്ന ടെക് ജോലി പ്രഖ്യാപിച്ചു. ഫുൾ-സ്റ്റാക്ക് ടെക് ലീഡ് തസ്തികയിലേക്കാണ് നിയമനം. 

ബെംഗളൂരു: റെസ്യൂമെകളോ കോളേജ് ഡിഗ്രികളോ ദീർഘമായ അഭിമുഖ റൗണ്ടുകളോ ഇല്ലാതെ, പ്രതിവർഷം ഒരു കോടി രൂപ ശമ്പളം വാഗ്ദാനം ചെയ്യുന്ന ടെക് ജോലി വാഗ്ദാനം ചെയ്ത് ബെംഗളൂരുവിലെ സ്റ്റാർട്ടപ്പ് കമ്പനി. സ്മാളസ്റ്റ് എഐയുടെ സ്ഥാപകൻ സുദർശൻ കാമത്ത് ആണ് പോസ്റ്റ് പങ്കുവെച്ചിട്ടുള്ളത്. ഒരു ഫുൾ-സ്റ്റാക്ക് ടെക് ലീഡ് തസ്തികയിലാണ് ഒഴിവുള്ളത്. നിലവിലുള്ള മറ്റ് തൊഴിൽ പരസ്യങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമാണിത്.

പ്രതിവർഷം 60 ലക്ഷം രൂപ സ്ഥിര ശമ്പളവും 40 ലക്ഷം രൂപ കമ്പനി ഇക്വിറ്റിയുമായി ആകെ ഒരു കോടി രൂപയാണ് ഈ തസ്തികയ്ക്ക് വാഗ്ദാനം ചെയ്യുന്നത്. ഇത് ബെംഗളൂരുവിലെ ഓഫീസിൽ അഞ്ച് ദിവസം പ്രവർത്തിക്കേണ്ട മുഴുവൻ സമയ ജോലിയാണ്. കൂടാതെ ഫ്ലെക്സിബിൾ ജോലി സമയവും അനുവദിച്ചിട്ടുണ്ട്. സാധാരണ യോഗ്യതാ മാനദണ്ഡങ്ങളുടെയും അഭിമുഖങ്ങളുടെയും പട്ടികയ്ക്ക് പകരം, ഈ തസ്തികയ്ക്ക് ആവശ്യപ്പെടുന്നത് വളരെ കുറച്ച് കാര്യങ്ങൾ മാത്രമാണ്.

1. ഒരു 100 വാക്കുകളുള്ള ആമുഖം

2. നിങ്ങളുടെ മികച്ച ജോലികളുടെ ലിങ്കുകൾ

3. കോളേജ് ഒരു പ്രശ്നമല്ല. റെസ്യൂമെ ആവശ്യമില്ല - സുദര്‍ശൻ കാമത്ത് എക്സിൽ കുറിച്ചു.

ഡിഗ്രിയേക്കാൾ പ്രധാനം കഴിവുകൾ

വൈറലായ പോസ്റ്റ് അനുസരിച്ച്, അനുയോജ്യമായ ഉദ്യോഗാര്‍ത്ഥിക്ക് താഴെ പറയുന്ന യോഗ്യതകൾ ഉണ്ടായിരിക്കണം:

1. 4-5 വർഷത്തെ പ്രായോഗിക പരിചയം

2. Next.js, Python, React.js എന്നിവയിൽ അറിവ്

3. സിസ്റ്റങ്ങളെ പൂജ്യത്തിൽ നിന്ന് 100-ലേക്ക് വികസിപ്പിച്ച പരിചയം

നിങ്ങൾ ഒരു പ്രായോഗിക ഡെവലപ്പർ ആയിരിക്കണം. ഇതൊരു മാനേജീരിയൽ സ്ഥാനം അല്ലെന്നും കാമത്ത് വ്യക്തമാക്കി. ഈ പോസ്റ്റ് ഓൺലൈനിൽ ഒരു വലിയ ചർച്ചയ്ക്ക് തന്നെ തിരികൊളുത്തിയിട്ടുണ്ട്. ലോക യുവജന നൈപുണ്യ ദിനം (ജൂലൈ 15) അടുത്തിരിക്കെ, ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ ഡിഗ്രികളിൽ നിന്ന് യഥാർത്ഥ കഴിവുകളിലേക്ക് ശ്രദ്ധ മാറ്റുന്ന നിയമന രീതിയിലേക്ക് മാറുന്നോ എന്നുള്ളതാണ് പലരും ചര്‍ച്ച ചെയ്യുന്നത്.

കൂടാതെ, ഇത് കമ്പനിയുടെ ആദ്യത്തെ ധീരമായ നീക്കമല്ല. ഈ വർഷം ആദ്യം, സ്മാളസ്റ്റ് എഐ മറ്റൊരു അനൗദ്യോഗിക തൊഴിൽ വാഗ്ദാനം ചെയ്തിരുന്നു. ജൂനിയർ ഡെവലപ്പർമാർക്ക് 40 ലക്ഷം രൂപ ശമ്പളമാണ് വാഗ്ദാനം ചെയ്തിരുന്നു. അതിനും റെസ്യൂമെ ആവശ്യമില്ലായിരുന്നു.