പവര്‍ പാക്ക്ഡ് ആക്ഷൻ സാഗയുടെ തുടക്കം മാത്രമാണ് ഫസ്റ്റ് ലുക്കെന്ന് വിക്രം മോര്‍.
മോഹൻലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്നത് കൊണ്ട് തന്നെ പ്രതീക്ഷകൾ ഏറെയുള്ള ചിത്രമാണ് 'മലൈക്കോട്ടൈ വാലിബൻ'. ഫസ്റ്റ് ലുക്ക് കൂടി പുറത്തുവന്നതോടെ ഈ പ്രതീക്ഷകൾ വാനോളം ഉയർന്നിരിക്കുകയാണ്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് പുറത്തെത്തിയ ഫസ്റ്റ് ലുക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിന്റെ അലയൊലികൾ സോഷ്യൽ മീഡിയയിൽ നിറയുന്നതിനിടെ വാലിബന്റെ സ്റ്റണ്ട് മാസ്റ്റർ ആയ വിക്രം മോർ പങ്കുവച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്.
പവര്‍ പാക്ക്ഡ് ആക്ഷൻ സാഗയുടെ തുടക്കം മാത്രമാണ് ഫസ്റ്റ് ലുക്ക് എന്നും ഇനിയും ഒരുപാട് ദൂരം തങ്ങൾക്ക് സഞ്ചരിക്കേണ്ടതുണ്ടെന്നും വിക്രം മോർ പറയുന്നു. വാലിബന്റെ ഫസ്റ്റ് ലുക്ക് പങ്കുവച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
"ഇപ്പോൾ മലൈക്കോട്ടൈ വാലിബന്റെ 81 ദിവസത്തെ ഷൂട്ട് പൂർത്തിയായി. രാജസ്ഥാനിലെ വിവിധ സ്ഥലങ്ങളിൽ ആയിരുന്നു ചിത്രീകരണം. ഇത് പവർ പാക്ക്ഡ് ആക്ഷൻ സാഗയുടെ തുടക്കം മാത്രമാണ്. ഞങ്ങൾ ഒരുപാട് കാര്യങ്ങൾ നേടിയിട്ടുണ്ട്, പക്ഷേ ഞങ്ങൾക്ക് ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട്. ടീമിനൊപ്പം 4 ഫൈറ്റുകളുണ്ട്. അത് ഗംഭീരമായ ഒരു സൃഷ്ടിയാണ്. മുഴുവൻ ടീമിനും ആശംസകൾ. ഒപ്പം ലിജോ ജോസിനും മോഹൻലാലിനൊപ്പവുമുള്ള ഈ ധീരവും മനോഹരവുമായ യാത്രയ്ക്ക് നന്ദി", എന്നാണ് വിക്രം മോർ കുറിച്ചത്.
യോദ്ധാവിന്‍റെ ലുക്കില്‍ കൈകളില്‍ വടവുമായി മുട്ടുകുത്തി അലറി വിളിക്കുന്ന ലുക്കിലാണ് മോഹൻലാൽ ഫസ്റ്റ് ലുക്കിൽ പ്രത്യക്ഷപ്പെട്ടത്. കാത്തിരിപ്പുകൾക്ക് ഒടുവിൽ എത്തിയ ഫസ്റ്റ് ലുക്ക് മിനിറ്റുകൾക്ക് ഉള്ളിൽ പ്രേക്ഷകർ ആഘോഷമാക്കി. 24 മണിക്കൂറിനുള്ളിൽ ഏറ്റവും കൂടുതൽ റി ട്വീറ്റ് ചെയ്യപ്പെട്ട മോളിവുഡ് സിനിമ പോസ്റ്റർ എന്ന ഖ്യാതിയും വാലിബൻ സ്വന്തമാക്കിയിരുന്നു.
പ്രശാന്ത് പിള്ളയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. മധു നീലകണ്ഠനാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. വസ്ത്രാലങ്കാരം റോണക്സ് സേവ്യര്‍ ആണ്. മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരാടി, മണികണ്ഠൻ ആചാരി, രാജീവ് പിള്ള, ഡാനിഷ്, ഹരിപ്രശാന്ത് വര്‍മ, സുചിത്ര നായര്‍ തുടങ്ങിയവര്‍ ചിത്രത്തിൽ വേഷമിടുന്നുണ്ട്. ഷിബു ബേബി ജോണിന്‍റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും നിർമാണ പങ്കാളികളാണ്.
കൈക്കുഞ്ഞുമായി തനിച്ച് യാത്ര,യുവതിയുടെ ലഗേജ് ചുമന്ന് അജിത്; വൈറൽ കുറിപ്പ്
