മലയാളചിത്രങ്ങളുടെ ഹിന്ദി മൊഴിമാറ്റ പതിപ്പുകള്‍ക്ക് സാധാരണ ലഭിക്കുന്നതുപോലെ മികച്ച പ്രേക്ഷകപ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്

മലയാളസിനിമകളുടെ ഹിന്ദി മൊഴിമാറ്റ പതിപ്പുകള്‍ക്ക് യുട്യൂബില്‍ പൊതുവെ മികച്ച സ്വീകാര്യതയാണ് ലഭിക്കാറ്. ലക്ഷക്കണക്കിന് കാഴ്ചകള്‍ നേടുന്ന ചിത്രങ്ങള്‍ പലപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിക്കാറുമുണ്ട്. ഇപ്പോഴിതാ അക്കൂട്ടത്തിലേക്ക് പുതിയൊരു ചിത്രം കൂടി എത്തിയിരിക്കുന്നു. ജയസൂര്യയെ ടൈറ്റില്‍ കഥാപാത്രമാക്കി രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്‍ത്, 2015ല്‍ പുറത്തെത്തിയ 'സു സു സുധി വാത്‍മീകം' എന്ന ചിത്രത്തിന്‍റെ ഹിന്ദി പതിപ്പാണ് ഇന്നലെ യുട്യൂബിലൂടെ റിലീസ് ചെയ്യപ്പെട്ടത്. 

ഇതിനകം നാല് ലക്ഷത്തോളം കാഴ്ചകള്‍ നേടിയിരിക്കുന്ന ചിത്രത്തിന്‍റെ ടൈറ്റില്‍ പക്ഷേ മലയാളം ഒറിജിനലില്‍ നിന്നും വ്യത്യസ്‍തമാണ്. 'സുധി' എന്നായിരുന്നു മലയാളം പതിപ്പിലെ ജയസൂര്യ കഥാപാത്രത്തിന്‍റെ പേരെങ്കില്‍ ഹിന്ദിയിലെത്തിയപ്പോള്‍ അത് 'സുധീര്‍' എന്നാക്കിയിട്ടുണ്ട്. 'സു സു സുധീര്‍' എന്നാണ് ഹിന്ദി ടൈറ്റില്‍. 

മലയാളചിത്രങ്ങളുടെ ഹിന്ദി മൊഴിമാറ്റ പതിപ്പുകള്‍ക്ക് സാധാരണ ലഭിക്കുന്നതുപോലെ മികച്ച പ്രേക്ഷകപ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഹിന്ദി പ്രേക്ഷകര്‍ കമന്‍റ് ബോക്സില്‍ മികച്ച പ്രതികരണം രേഖപ്പെടുത്തുമ്പോള്‍ മലയാളികളെ സംബന്ധിച്ച് ടൈറ്റിലില്‍ കൗതുകവും തമാശയുമാണുള്ളത്. യുട്യൂബ് വീഡിയോയുടെ തമ്പ് നെയിലിന്‍റെ സ്ക്രീന്‍ ഷോട്ട് സിനിമാ, ട്രോള്‍ ഗ്രൂപ്പുകളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 

വിക്കുള്ള കഥാപാത്രത്തെയാണ് ജയസൂര്യ ചിത്രത്തില്‍ അവതരിപ്പിച്ചത്. ആ വര്‍ഷത്തെ ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ പ്രത്യേക പരാമര്‍ശവും സംസ്ഥാന അവാര്‍ഡില്‍ സ്പെഷല്‍ ജൂറി പുരസ്‍കാരവും ജയസൂര്യ ഈ ചിത്രത്തിലെ പ്രകടനത്തിന് നേടിയിരുന്നു. 

YouTube video player