കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച സഹനടനായി സുധീഷിനെ തെരഞ്ഞെടുക്കാനുള്ള കാരണം.

മലയാളത്തിന്റെ പ്രിയ നടൻമാരില്‍ ഒരാളാണ് സുധീഷ് (Sudhish). തമാശക്കൂട്ടായ്‍മയില്‍ ഒരുകാലത്തെ മലയാള ചിത്രങ്ങളില്‍ നിരന്തര സാന്നിദ്ധ്യമായിരുന്ന സുധീഷ് പിന്നീട് വേറിട്ട കഥാപാത്രങ്ങളിലൂടെയും വിസ്‍മയിപ്പിച്ചിട്ടുണ്ട്. സുധീഷ് ഭാഗമായ ഒട്ടേറെ ചിത്രങ്ങള്‍ വൻ ഹിറ്റായിട്ടുണ്ട്. ഇത്തവണത്തെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ (Kerala state film award 2020) മികച്ച സഹടനായും തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് ഇപോള്‍ സുധീഷ്.

'എന്നിവര്‍', 'ഭൂമിയിലെ മനോഹര സ്വകാര്യം' എന്നീ ചിത്രങ്ങളിലൂടെയാണ് സുധീഷ് മികച്ച സഹനടനായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ദയാരഹിതവും ഹിംസാത്‍മകവുമായ രാഷ്‍ട്രീയ വ്യവസ്ഥയുടെ ഭാഗമായ ഒരു പ്രാദേശിക രാഷ്‍ട്രീയ നേതാവിന്റെ വേഷം 'എന്നിവരി'ലും തികച്ചും വ്യത്യസ്‍തമായ മറ്റൊരു കഥാപാത്രം 'ഭൂമിയിലെ മനോഹര സ്വകാര്യ'ത്തിലും അതിഭാവുകത്വമില്ലാതെ സ്വാഭാവികമായി അവതരപ്പിച്ച പ്രകടന മികവിന് അവാര്‍ഡ് എന്നാണ് ജൂറി പറയുന്നത്. ഇതാദ്യമായിട്ടാണ് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സുധീഷ് സ്വന്തമാക്കുന്നത്. 1987ല്‍ അനന്തരം എന്ന ചിത്രത്തിലൂടെയാണ് സുധീഷ് വെള്ളിത്തിരയിലെത്തുന്നത്. 


കപ്പേള, തീവണ്ടി തുടങ്ങിയ ചിത്രങ്ങളില്‍ അടുത്ത കാലത്ത് സുധീഷ് വേറിട്ട കഥാപാത്രങ്ങളുമായി എത്തിയ പ്രേക്ഷകപ്രീതി സ്വന്തമാക്കിയിരുന്നു.

മണിച്ചിത്രത്താഴ്, വല്യേട്ടൻ, ഉസ്‍താദ്, അനിയത്തിപ്രാവ്, ബാലേട്ടൻ തുടങ്ങി ഒട്ടേറെ ഹിറ്റുകളില്‍ സുധീഷ് പ്രധാന കഥാപാത്രങ്ങളില്‍ ഒരാളായി എത്തിയിട്ടുണ്ട്.