അദിതി റാവു ഹൈദരിയുടെ സിനിമാ അരങ്ങേറ്റം മലയാളത്തിലൂടെ ആയിരുന്നു. മമ്മൂട്ടി നായകനായ രഞ്ജിത്ത് ചിത്രം 'പ്രജാപതി'യിലൂടെ. പിന്നീട് ബോളിവുഡിലും തമിഴിലും തെലുങ്കിലുമൊക്കെ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ച്, 13 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അവര്‍ വീണ്ടും മലയാളത്തിലേക്ക് എത്തുകയാണ്. നരണിപ്പുഴ ഷാനവാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലേക്കുള്ള മടക്കം. 'സൂഫിയും സുജാത'യും എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നായകനാവുന്നത് ജയസൂര്യയാണ്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് നിര്‍മ്മാണം.

ഫ്രൈഡേ ഫിലിം ഹൗസിന്റെ ഇതുവരെയുള്ള സംരംഭങ്ങളില്‍ ഏറ്റവും മികച്ചതാവാന്‍ സാധ്യതയുള്ള സിനിമയാണ് ഇതെന്ന് ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് പോസ്റ്ററിനൊപ്പം വിജയ് ബാബു ഫേസ്ബുക്കില്‍ കുറിച്ചു. വലിയ നിരൂപക ശ്രദ്ധ നേടിയെടുത്ത 'കരി' എന്ന ചിത്രമൊരുക്കിയ ആളാണ് നരണിപ്പുഴ ഷാനവാസ്. മ്യൂസിക്കല്‍ ലവ് സ്റ്റോറി വിഭാഗത്തില്‍ പെടുന്ന ചിത്രമായിരിക്കും 'സൂഫിയും സുജാതയും'.

സിദ്ദിഖ്, ഹരീഷ് കണാരന്‍, വിജയ് ബാബു, മണികണ്ഠന്‍ പട്ടാമ്പി, മാമുക്കോയ തുടങ്ങിയവര്‍ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഈ മാസം 20ന് ചിത്രീകരണം തുടങ്ങും.