കോവിഡ് 19ന് എതിരെയുള്ള പ്രതിരോധത്തിലാണ് രാജ്യമെങ്ങും. കൊവിഡിനെ ചെറുക്കാനും ബോധവത്‍ക്കരണത്തിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്‍ത ജനതാ കര്‍ഫ്യുവില്‍ രാജ്യത്തൊട്ടാകെയുള്ളവര്‍ അണിചേര്‍ന്നിരുന്നു. കൊവിഡ് വൈറസിനെ കാര്യമാക്കിയെടുക്കാത്തവര്‍ ഉണ്ടെന്നതാണ് ആശങ്ക. അതേസമയം തന്റെ മകൻ നന്ദൻ സ്വയം ഐസൊലേഷനിലേക്ക് മാറിയ കാര്യമാണ് നടി സുഹാസിനി അറിയിക്കുന്നത്. മകന് വൈറസ് ബാധയില്ലെങ്കിലും പ്രതിരോധത്തിനായാണ് ഐസൊലേഷനിലേക്ക് മാറിയത് എന്ന് നടി സുഹാസിനി അറിയിക്കുന്നു.

ഞങ്ങളുടെ മകന്‍ നന്ദന്‍ 18 ന് രാവിലെയാണ് ലണ്ടനില്‍ നിന്ന് മടങ്ങിയെത്തിയത്. പ്രത്യേകിച്ച് രോഗലക്ഷണങ്ങളൊന്നുമില്ലെങ്കിലും സ്വയം ഐസൊലേഷനിലാകാന്‍ തീരുമാനിച്ചു. ഇന്ന് അഞ്ചാം ദിവസം ആകുകയാണ്. താന്‍ അവനെ ഒരു ഗ്ലാസ് വിന്‍ഡോയിലൂടെയാണ് കാണുന്നത്. സ്വന്തം മകനുമായി താനും മണിരത്നവും സംസാരിക്കുന്നത് ഫോണിലൂടേയും ആണ്. ഭക്ഷണവും വസ്ത്രവും അകലെ നിന്ന് വച്ചുകൊടുക്കുകയാണ്. അകലെയായി അവന്‍ ഉപയോഗിച്ച വസ്ത്രങ്ങള്‍ ഇടുന്നു, ഞങ്ങള്‍ അത് അലക്കും മുമ്പ് തിളച്ച വെള്ളവും ഡെറ്റോളും ഉപയോഗിച്ച് വൃത്തിയായി കഴുകുന്നുണ്ട്. അവന് വൈറസ് ഇല്ലെന്നോര്‍ക്കുക. പക്ഷേ യൂറോപ്പില്‍ നിന്ന് യാത്ര ചെയ്‍തിട്ടുണ്ട്. നമുക്ക് എല്ലാവര്‍ക്കും വൈറസ് ഉള്ളതുപോലെ പെരുമാറേണ്ടതുണ്ട്. ആരോഗ്യപരമായും സുരക്ഷിതമായും തുടരാൻ അത് ആവശ്യമാണെന്നും സുഹാസിനി പറയുന്നു.