സിനിമ ഇറങ്ങി 27-ാം വര്‍ഷം പിന്നിടുമ്പോഴാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നത്. 

മലയാളത്തില്‍ ഏറ്റവും കൂടുതല്‍ റിപ്പീറ്റ് വാല്യൂ ഉണ്ടായ സിനിമയാണ് സിബി മലയിൽ സംവിധാനം ചെയ്ത സമ്മര്‍ ഇന്‍ ബത്‌ലഹേം. 1998ൽ പുറത്തിറങ്ങിയ ചിത്രത്തിൽ സുരേഷ് ഗോപി, ജയറാം, മഞ്ജു വാര്യര്‍, കലാഭവൻ മണി തുടങ്ങിയ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളാണ് അണിനിരന്നത്. ചിത്രത്തിൽ മോഹൻലാൽ അതിഥിവേഷത്തിലും എത്തിയിരുന്നു. നിരഞ്ജൻ എന്ന മോഹൻലാൽ കഥാപാത്രം ഇന്നും മലയാള സിനിമയിലെ എക്കാലത്തെയും മികച്ച അതിഥി വേഷങ്ങളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്. ഇപ്പോൾ സിനിമ ഇറങ്ങി 27-ാം വര്‍ഷത്തിലേക്ക് കടക്കുമ്പോൾ ചിത്രത്തിന്റെ രണ്ടാം ഭാ​ഗം ഒരുങ്ങുന്നുവെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്.

'ആരാണ് പൂച്ചയ്ക്ക് മണി കെട്ടിയത്??? കൂടുതൽ സര്‍പ്രൈസുകൾക്കായി കാത്തിരിക്കുക' എന്ന കുറിപ്പോടെയാണ് സിബി മലയിലിന്റെ പ്രഖ്യാപനം. സിബി മലയിൽ തന്നെ സംവിധാനം ചെയ്യുന്ന രണ്ടാം ഭാഗത്തിന്റെ രചന ര‍ഞ്ജിത്താണ്. സിയാദ് കോക്കറാണ് നിര്‍മ്മാണം. മഞ്ജു വാര്യരും ജയസൂര്യയും പ്രധാന വേഷത്തിലെത്തിയ മേരി ആവാസ് സുനോ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ വെച്ച് സമ്മര്‍ ഇന്‍ ബത്‌ലേഹിമിന്റെ നിര്‍മാതാവായ സിയാദ് കോക്കര്‍ ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചിരുന്നു. സമ്മര്‍ ഇന്‍ ബത്‌ലഹേം രണ്ടാം ഭാഗത്തില്‍ മഞ്ജു വാര്യര്‍ ഉണ്ടായിരിക്കുമെന്നും മഞ്ജുവും താനും ഒരു കുടുംബം പോലെയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

സമ്മര്‍ ഇന്‍ ബത്‌ലഹേമിലെ ഡെന്നിസിനെയും രവിശങ്കറിനെയും മോനായിയെയും അഭിരാമി(ആമി)യെയും നിരഞ്ജനെയും അത്ര പെട്ടെന്ന് മലയാളികൾക്ക് മറക്കാനാവില്ല. അവസാന നിമിഷമെത്തി ഏതാനും മിനിറ്റുകള്‍ മാത്രം നീണ്ട പ്രകടനത്തിലൂടെ സിനിമ തന്നെ തന്റേതാക്കി മാറ്റുകയായിരുന്നു മോഹന്‍ലാല്‍. അവസാന ഭാ​ഗത്ത് ജയറാമിന് പൂച്ചയെ അയച്ചത് ആരാണെന്നുള്ള ചോദ്യമാണ് ചിത്രം ബാക്കിയാക്കിയത്. ആ ചോദ്യത്തിന് ഇന്നും ഉത്തരം ലഭിച്ചിട്ടില്ല. മഞ്ജു വാര്യരാണോ അതോ മറ്റുള്ളവരാണോ ആ പൂച്ചയെ അയച്ചതെന്നായിരുന്നു ആരാധകരുടെ മനസിൽ അവശേഷിച്ച സംശയം. ആ ട്വിസ്റ്റ് നിലനിര്‍ത്തിയായിരുന്നു സിനിമ അവസാനിച്ചതും. സിനിമ ഇറങ്ങിയത് മുതല്‍ രണ്ടാം ഭാഗമെത്തുമോ എന്ന ചോദ്യം പ്രേക്ഷകര്‍ ചോദിച്ചിരുന്നു. ഈ ചോദ്യത്തിനുള്ള ഉത്തരമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.