സെപ്റ്റംബര്‍ 7ന് മെഗാ സ്റ്റാറിന്റെ 74-ാം പിറന്നാൾ ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് ആരാധകര്‍.
മലയാളത്തിന്റെ മെഗാ സ്റ്റാര്‍ എന്ന് തിരിച്ചുവരും? മലയാളക്കര ഒന്നടങ്കം ആകാംക്ഷാഭരിതരായി കാത്തിരിക്കുന്നത് ഈ ഒരേയൊരു വാര്‍ത്തയ്ക്ക് വേണ്ടിയാണ്. ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് സിനിമയിൽ നിന്ന് മമ്മൂട്ടി ഇടവേള എടുത്തിരിക്കുകയാണെന്ന റിപ്പോര്‍ട്ടുകൾ പുറത്തുവന്നത് മുതൽ അദ്ദേഹത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് മലയാള സിനിമാലോകം. അദ്ദേഹം സുഖമായി ഇരിക്കുന്നുവെന്നും ഉടൻ തന്നെ അദ്ദേഹം തിരിച്ചുവരുമെന്നും മമ്മൂട്ടിയുടെ സഹോദരി പുത്രനും നടനുമായ അഷ്കര്‍ സൗദാൻ പറഞ്ഞതാണ് ഇപ്പോൾ ആരാധകരെ ആവേശത്തിലാക്കിയിരിക്കുന്നത്.
'അദ്ദേഹം ഹാപ്പിയായി ഇരിക്കുന്നു. ബെറ്ററാണ്. എന്താണ് സസ്പെൻസ് എന്ന് ആര്‍ക്കും അറിയില്ല. സെപ്റ്റംബര്‍ 7ന് പിറന്നാളാണ്. ഒരു വരവ് വരുമെന്നാണ് വിശ്വസിക്കുന്നത്. അത്ര വലിയ പ്രശ്നങ്ങളൊന്നുമില്ല. അദ്ദേഹം ഒന്ന് റസ്റ്റ് എടുക്കുന്നു. വന്ന് കഴിഞ്ഞാൽ അതിനപ്പുറമായിരിക്കും, അതുക്കും മേലെ!' മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ അഷ്കര്‍ സൗദാൻ പറഞ്ഞു.
ഡിനോ ഡെന്നീസ് ഒരുക്കിയ ബസൂക്കയാണ് മമ്മൂട്ടിയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. സമ്മിശ്ര പ്രതികരണങ്ങൾ നേടിയ ചിത്രത്തിന് ബോക്സ് ഓഫീസിൽ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനായിരുന്നില്ല. മഹേഷ് നാരായണന്റെ സംവിധാനത്തിലിറങ്ങുന്ന ബിഗ് ബജറ്റ് ചിത്രത്തിന് വേണ്ടിയാണ് ആരാധകര്‍ ഇപ്പോൾ കാത്തിരിക്കുന്നത്. മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്നു എന്നതാണ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്. കൂടാതെ ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും ഉൾപ്പെടെ വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. നവാഗതനായ ജിതിൻ കെ ദാസ് സംവിധാനം ചെയ്യുന്ന കളങ്കാവൽ എന്ന ചിത്രവും വരാനിരിക്കുകയാണ്. ഈ ചിത്രത്തിൽ മമ്മൂട്ടി നെഗറ്റീവ് വേഷത്തിലായിരിക്കും എത്തുകയെന്ന അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു.


