'പടയപ്പ' എന്ന വന്‍ ഹിറ്റിന് ശേഷം 23 വര്‍ഷങ്ങള്‍ കഴിഞ്ഞാണ് രജനികാന്തും രമ്യാ കൃഷ്‍ണനും ഒന്നിക്കുന്നത്.
പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ രജനീകാന്ത് ചിത്രമാണ് 'ജയിലർ'. 'ബീസ്റ്റ്' എന്ന വിജയ് ചിത്രത്തിന് ശേഷം നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ, പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ജയിലറുടെ വേഷത്തിലാണ് രജനീകാന്ത് എത്തുന്നത്. രണ്ട് ദിവസം മുൻപ് പുറത്തുവന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധനേടിയിരുന്നു. ചിത്രത്തിലെ കാസ്റ്റിങ്ങിനെ കുറിച്ചുള്ള പല ഊഹാപോഹങ്ങളും സമൂഹമാധ്യമങ്ങളിൽ നിറയുകയാണ്. ഈ അവസരത്തിൽ ജയിലറിലെ പ്രധാനകഥാപാത്രങ്ങൾ ആരൊക്കെയാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ചിത്രത്തിന്റെ നിർമ്മാതാക്കളായ സൺ പിക്ചേഴ്സ്.
രമ്യാ കൃഷ്ണൻ, യോഗി ബാബു, വിനായകൻ, വസന്ത് രവി എന്നിവരെ പരിചയപ്പെടുത്തി കൊണ്ടുള്ള കാസ്റ്റിംഗ് വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. ഇതിൽ രമ്യാ കൃഷ്ണന്റേയും വിനായകന്റെയും പേരുകൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. രജനീകാന്തിന്റെ വില്ലനായാകും വിനായകൻ എത്തുകയെന്നാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത എന്നാൽ ഇക്കാര്യത്തിൽ വ്യക്തത വരേണ്ടതുണ്ട്. 'പടയപ്പ' എന്ന വന്‍ ഹിറ്റിന് ശേഷം 23 വര്‍ഷങ്ങള്‍ കഴിഞ്ഞാണ് രജനികാന്തും രമ്യാ കൃഷ്‍ണനും ഒന്നിക്കുന്നത്.
ഓഗസ്റ്റ് 22നാണ് ജയിലറുടെ ഫസ്റ്റ് ലുക്ക് പുറത്തുവന്നത്. കണ്ണുകളിൽ ഏറെ ഗൗരവം നിറച്ച് കൈകൾ രണ്ടും പുറകിൽ കെട്ടി നടന്ന് വരുന്ന രജനീകാന്ത് ആണ് പോസ്റ്ററിൽ ഉള്ളത്. ചിത്രത്തിന്റെ ഷൂട്ടിങ്ങും അന്നേദിവസം തന്നെ ആരംഭിച്ചിരുന്നു. അണ്ണാത്തെ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം രജനീകാന്ത് നായകനാകുന്ന ജയിലർ ജൂണ്‍ 17നാണ് പ്രഖ്യാപിച്ചത്. ചിത്രത്തിൽ തമന്നയാണ് നായിക ആയി എത്തുകയെന്നാണ് വിവരം. ഇക്കാര്യത്തിൽ ഔദ്യോഗിക വിവരങ്ങൾ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല. അതേസമയം, രജനി ചിത്രം ആയതുകൊണ്ടു തന്നെ കോളിവുഡ് കാത്തിരിക്കുന്ന പ്രധാന പ്രോജക്റ്റുകളുടെ നിരയില്‍ 'ജയിലര്‍' ഇതിനകം ഇടം പിടിച്ചു കഴിഞ്ഞു.
കണ്ണുകളില്‍ ഗൗരവം; രണ്ടും കല്‍പ്പിച്ച് രജനീകാന്തിന്‍റെ 'ജയിലര്‍' ഫസ്റ്റ് ലുക്ക്
