ഈ വര്‍ഷം റിലീസ് പ്രതീക്ഷിച്ചിരുന്ന രജനീകാന്ത് ചിത്രം അണ്ണാത്തെയുടെ റിലീസ് മാറ്റി. കൊവിഡ് ലോക്ക് ഡൗണിന്‍റെ പശ്ചാത്തലത്തില്‍ ചിത്രവുമായി ബന്ധപ്പെട്ട ജോലികള്‍ വൈകും എന്നതിനാലാണ് ഇത്. ചിത്രത്തിന്‍റെ റിലീസ് തീയ്യതിയും നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്‍സ് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത വര്‍ഷത്തെ പൊങ്കല്‍ റിലീസ് ആയാണ് ചിത്രം എത്തുക.

മാസ്റ്റര്‍ ഉള്‍പ്പെടെയുള്ള തമിഴ് ചിത്രങ്ങളോടൊപ്പം അണ്ണാത്തെയുടെയും പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുനരാരംഭിച്ചതായി ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യന്‍ 2, മാസ്റ്റര്‍ ഉള്‍പ്പെടെ 13 ചിത്രങ്ങളുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുനരാരംഭിച്ചതായി ഫെഫ്‍സി (ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ) പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു. 

സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന അണ്ണാത്തെ ഫാമിലി ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമെന്നാണ് കരുതപ്പെടുന്നത്. അജിത്ത് കുമാര്‍ നായകനായ നാല് സിനിമകള്‍ക്ക് ശേഷമാണ് ശിവ രജനിക്കൊപ്പം ആദ്യമായൊന്നിക്കുന്ന ചിത്രവുമായി എത്തുന്നത്. നയന്‍താര നായികയാവുന്ന ചിത്രത്തില്‍ ഖുഷ്ബു, മീന, കീര്‍ത്തി സുരേഷ്, പ്രകാശ് രാജ്, സൂരി തുടങ്ങിയവര്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നു. ഡി ഇമ്മന്‍ ആണ് സംഗീതം.