മുംബൈ: താരങ്ങള്‍ തമ്മിലുള്ള പിണക്കങ്ങളും വാഗ്വാദങ്ങളും ബോളിവുഡില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിതെളിക്കാറുണ്ട്. അത്തരത്തില്‍ ഹിന്ദി സിനിമാ ലോകം വളരെ നാളുകളായി ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ് ഹൃത്വിക് റോഷനും കങ്കണ റണാവത്തും തമ്മിലുള്ള തര്‍ക്കം. ഹൃത്വികിനെതിരെ ആരോപണങ്ങളുമായി കങ്കണ പലപ്പോഴും പരസ്യമായി തന്നെ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഹൃത്വിക്-കങ്കണ വിഷയത്തില്‍ കങ്കണയെ അനുകൂലിച്ചിരിക്കുകയാണ് ഹൃത്വികിന്‍റെ സഹോദരി സുനൈന റോഷന്‍. താന്‍ കങ്കണയെയാണ് പിന്തുണയ്ക്കുന്നതെന്ന് സുനൈന വ്യക്തമാക്കി.

ട്വിറ്ററിലൂടെയാണ് സുനൈന തന്‍റെ നിലപാട് വ്യക്തമാക്കിയത്. കങ്കണയെ പിന്തുണയ്ക്കുന്നുവെന്ന് പറഞ്ഞ സുനൈന നരകത്തിലെ ജീവിതം തുടരകയാണെന്നും മടുത്തെന്നും ട്വിറ്ററില്‍ കുറിച്ചു. സുനൈനയുടെ ട്വീറ്റ് കങ്കണ-ഹൃത്വിക് പ്രശ്നത്തിന്‍റെ പശ്ചാത്തലത്തില്‍ തന്നെയാണെന്നാണ്   കങ്കണയുടെ ആരാധകര്‍ അവകാശപ്പെടുന്നത്. സുനൈനയും താനും അടുത്ത സുഹൃത്തുക്കളാണെന്നും മുമ്പ് അവരുടെ വീട്ടുകാരുമായും നല്ല ബന്ധം സൂക്ഷിച്ചിരുന്നെന്നും കങ്കണ മുംബൈ മിററിനോട് പറഞ്ഞിരുന്നു.

കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് സുനൈന ബൈപോളാര്‍ ഡിസോഡറിന് ചികിത്സയിലാണെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ വാര്‍ത്തകളെ തള്ളിയ സുനൈന കുടുംബത്തിനെതിരെയും രംഗത്ത് വന്നിരുന്നു. ഇതോടെ സുനൈനയും കുടുംബവുമായി അകല്‍ച്ചയിലാണെന്നും കിംവദന്തികള്‍ പ്രചരിക്കുന്നുണ്ട്. 

സുനൈന കങ്കണയുമായി ബന്ധപ്പെട്ടുവെന്നും മാപ്പപേക്ഷിച്ചുവെന്നും കങ്കണയുടെ സഹോദരിയും മാനേജരുമായ രംഗോലി ചന്ദേല്‍ ട്വീറ്റ് ചെയ്തത് വന്‍ വിവാദമായിരുന്നു. കങ്കണയും ഹൃത്വികും തമ്മില്‍ അടുപ്പമുണ്ടായിരുന്ന സമയത്ത് ഹൃത്വിക് തന്‍റെ പി ആര്‍ ടീമിനെ ഉപയോഗിച്ച് സുനൈനയ്ക്ക് മാനസികപ്രശ്നമുണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിച്ചെന്നും രംഗോലി പറഞ്ഞു.