ഐപിഎല്‍ ഓറഞ്ച് ക്യാപ്പ് പോരാട്ടത്തില്‍ വിരാട് കോലി വീണ്ടും ഒന്നാമതെത്തി. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ പ്രകടനത്തോടെയാണ് കോലി 328 റണ്‍സുമായി ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്. 

ബെംഗളൂരു: ഐപിഎല്‍ ഓറഞ്ച് ക്യാപ്പ് വീണ്ടും വിരാട് കോലിയുടെ തലയില്‍. ഏഴ് മത്സരങ്ങളില്‍ 328 റണ്‍സ് നേടിയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു കോലി റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമതെത്തിയത്. ഇന്നലെ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ 44 പന്തില്‍ 81 റണ്‍സ് നേടിയിരുന്നു കോലി. നാല് സിക്‌സും എട്ട് ഫോറും നേടിയ കോലി തന്നെയായിരുന്നു മത്സരത്തിലെ താരവും. ഇതുവരെ മൂന്ന് അര്‍ധ സെഞ്ചുറികള്‍ നേടിയ കോലിയുടെ ശരാശരി 54.66. സ്‌ട്രൈക്ക് റേറ്റ് 163.18.

കോലിയുടെ വരവോടെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഓപ്പണര്‍ അഭിഷേക് ശര്‍മ രണ്ടാ സ്ഥാനത്തേക്കിറങ്ങി. ഏഴ് മത്സരങ്ങളില്‍ 323 റണ്‍സാണ് അഭിശേക് നേടിയത്. പുറത്താവാതെ 135 റണ്‍സാണ് അഭിഷേകിന്റെ ഉയര്‍ന്ന സ്‌കോര്‍. ഒരു സെഞ്ചുറിയും രണ്ട് അര്‍ധ സെഞ്ചുറികളും അഭിഷേകിന്റെ അക്കൗണ്ടിലുണ്ട്. 53.83 ശരാശരിയിലും 215.33 സ്‌ട്രൈക്ക് റേറ്റിലുമാണ് അഭിഷേക് ഇത്രയും റണ്‍സ് അടിച്ചെടുത്തത്. ഇന്ന് രാജസ്ഥാന്‍ റോയല്‍സിനെതിരെ ഹൈദരാബാദിന് മത്സരമുള്ളതുകൊണ്ട്, അഭിഷേക് ഒന്നാമതെത്താനും അവസരമുണ്ട്. ഹൈദരാബാദിന്റെ തന്നെ ഹെന്റിച്ച് ക്ലാസനാണ് മൂന്നാം സ്ഥാനത്ത്. ഏഴ് മത്സരങ്ങളില്‍ നിന്ന് നേടിയത് 320 റണ്‍സ്. 53.33 ശരാശരിയും 153.11 സ്‌ട്രൈക്ക് റേറ്റും ക്ലാസനുണ്ട്. മൂന്ന് അര്‍ധ സെഞ്ചുറികള്‍ ക്ലാസന്‍ നേടി. 62 റണ്‍സാണ് ക്ലാസന്റെ ഉയര്‍ന്ന സ്‌കോര്‍.

ഗുജറാത്ത് ടൈറ്റന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ നാലാം സ്ഥാനത്തേക്ക് കയറി. ആറ് മത്സരം മാത്രം കളിച്ച ഗില്‍ 297 റണ്‍സാണ് ഇതുവരെ നേടിയത്. 86 ഉയര്‍ന്ന സ്‌കോര്‍. 49.50 ശരാശരിയും 149.24 സ്‌ട്രൈക്ക് റേറ്റുമാണ് ഗില്ലിനുള്ളത്. മൂന്ന് അര്‍ധ സെഞ്ചുറികളും ഗില്‍ സ്വന്തമാക്കി. ഇന്നലെ ആര്‍സിബിക്കെതിരായ മത്സരത്തില്‍ 24 പന്തില്‍ 32 റണ്‍സാണ് ഗില്‍ നേടിയത്. കോലിയുടേയും ഗില്ലിന്റേയും വരവോടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഓപ്പണര്‍ സഞ്ജു സാംസണ്‍ അഞ്ചാം സ്ഥാനത്തേക്കിറങ്ങി. ഏഴ് മത്സരങ്ങളില്‍ 293 റണ്‍സാണ് സഞ്ജു നേടിയത്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ പുറത്താവാതെ നേടിയ 115 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. മറ്റൊരു സെഞ്ചുറി കൂടി സഞ്ജു സ്വന്തമാക്കി.

രാജസ്ഥാന്‍ റോയല്‍സിന്റെ വൈഭവ് സൂര്യവന്‍ഷി (254), യശസ്വി ജയ്‌സ്വാള്‍ (245), ആര്‍സിബിയുടെ രജത് പടിധാര്‍ (238), ഹൈദരാബാദിന്റെ ഇഷാന്‍ കിഷന്‍ (238), ഗുജറാത്തിന്റെ സായ് സുദര്‍ശന്‍ (235), ജോസ് ബട്‌ലര്‍ (231) എന്നിവര്‍ യഥാക്രം ആറ് മുതല്‍ പത്തുവരെയുള്ള സ്ഥാനങ്ങളിലുണ്ട്.

YouTube video player