സുന്ദീപ് കിഷൻ നായകനായ 'മൈക്കിളി'ന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു.
തെലുങ്കിലെ യുവ നായകൻമാരില്‍ ശ്രദ്ധേയനായ താരം സുന്ദീപ് കിഷൻ നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് 'മൈക്കിള്‍'. രഞ്‍ജിത്ത് ജെയകൊടി ആണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. തിരക്കഥയും രഞ്‍ജിത്ത് ജെയകൊടിയുടേത് തന്നെ. തിയറ്ററുകളില്‍ വിജയം സ്വന്തമാക്കാനാകാതിരുന്ന ചിത്രം ഒടിടിയിലേക്ക് എത്തുകയാണ് എന്നാണ് പുതിയ വാര്‍ത്ത.
സുന്ദീപ് കിഷന്റെ 'മൈക്കിള്‍' എന്ന ചിത്രം ആഹാ തമിഴിലാണ് സ്‍ട്രീമിംഗ് ചെയ്യുക. അയ്യപ്പ ശര്‍മ, ഗൗതം വാസുദേവ് മേനോൻ, ദിവ്യാൻശ കൗശിക്, വരുണ്‍ സന്ദേശ്, വിജയ് സേതുപതി, അനസൂയ ഭരദ്വാജ് എന്നിവരും അഭിനയിക്കുന്ന 'മൈക്കിള്‍' ഫെബ്രുവരി 24നാണ് സ്‍ട്രീമിംഗ് തുടങ്ങുക. സാം സി എസ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രസംയോജനം ആര്‍ സത്യനാരായണൻ, സ്റ്റണ്ട്സ് ദിനേഷ് കാശി, ഡിഐ കളറിസ്റ്റ് സുരേഷ് രവി, കോസ്റ്റ്യൂസ് രജിനി, പിആര്‍ഒ വംശി ശേഖര്‍ എന്നിവരാണ് 'മൈക്കിള്‍' എന്ന ചിത്രത്തിന്റെ മറ്റ് പ്രവര്‍ത്തകര്‍.
സുന്ദീപ് കിഷൻ തമിഴില്‍ ഒരു ഗംഭീര പ്രൊജക്റ്റില്‍ ഭാഗമാകുന്നുണ്ട്. ലോകേഷ് കനകരാജിന്റെ ആദ്യ ചിത്രമായ 'മാനഗര'ത്തിലടക്കമുള്ള ചിത്രങ്ങളില്‍ സുപ്രധാന വേഷങ്ങള്‍ അവതരിപ്പിച്ച് തമിഴില്‍ ശ്രദ്ധേയനായ സുന്ദീപ് കിഷൻ ധനുഷ് നായകനാകുന്ന ചിത്രത്തിലാണ് ഇപ്പോള്‍ അഭിനയിക്കുന്നത്. 'ക്യാപ്റ്റൻ മില്ലെര്‍' എന്ന ചിത്രത്തില്‍ മികച്ച ഒരു കഥാപാത്രമാണ് സുന്ദീപ് കിഷന്. അരുണ്‍ മതേശ്വരൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
അരുണ്‍ മതേശ്വരൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും. മുപ്പതുകള്‍ പശ്ചാത്തലമാക്കി ഒരു ആക്ഷൻ അഡ്വഞ്ചര്‍ ബിഗ് ബജറ്റ് ചിത്രമായിരിക്കും 'ക്യാപ്റ്റൻ മില്ലെര്‍' എന്നാണ് റിപ്പോര്‍ട്ട്. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ധനുഷ് നായകനാകുന്ന ചിത്രത്തിന്റെ പ്രഖ്യാപനം തന്നെ വലിയ ശ്രദ്ധയാകര്‍ഷിച്ചതിനാല്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തുനില്‍ക്കുകയാണ് 'ക്യാപ്റ്റൻ മില്ലറി'ന്റെ വിശേഷങ്ങള്‍ക്കായും.
