ഇസ്രായേലും ആക്രമണത്തിൽ പങ്കുചേർന്നതോടെ, ഇറാനെ ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കുമെന്ന പ്രസിഡന്റ് ട്രംപിന്റെ ഭീഷണി പശ്ചിമേഷ്യയെ ഒരു സമ്പൂർണ്ണ യുദ്ധത്തിന്റെ വക്കിലെത്തിച്ചിരിക്കുകയാണ്.
ടെഹ്റാൻ: ലോകത്തെ മുൾമുനയിൽ നിർത്തിക്കൊണ്ട് പശ്ചിമേഷ്യയിൽ അമേരിക്കയുടെ അതിശക്തമായ സൈനിക നടപടി. ഹോർമുസ് കടലിടുക്കിന് സമീപമുള്ള ഇറാന്റെ തന്ത്രപ്രധാനമായ എണ്ണക്കയറ്റുമതി കേന്ദ്രമായ ഖാർഗ് ഐലൻഡിൽ യുഎസ് സൈന്യം വൻതോതിൽ ബോംബാക്രമണം നടത്തി. ഇറാന്റെ എണ്ണക്കയറ്റുമതിയുടെ 90 ശതമാനവും കൈകാര്യം ചെയ്യുന്ന ഈ ദ്വീപിനെ ലക്ഷ്യം വെച്ച് 50-ലധികം പോയിന്റുകളിലാണ് അമേരിക്കൻ പോർവിമാനങ്ങൾ ആഞ്ഞടിച്ചത്.
വാൾസ്ട്രീറ്റ് ജേർണലിന്റെ റിപ്പോർട്ട് പ്രകാരം ഖാർഗ് ഐലൻഡിലെ എണ്ണപ്പാടങ്ങളും സൈനിക കേന്ദ്രങ്ങളും ലക്ഷ്യമിട്ടാണ് യുഎസ് ആക്രമണം നടത്തിയത്. ചൊവ്വാഴ്ച വൈകുന്നേരത്തെ ഡെഡ്ലൈനിന് മുന്നോടിയായിട്ടായിരുന്നു ഈ മിന്നൽ നീക്കം. ഇറാന്റെ പവർ പ്ലാന്റുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ലക്ഷ്യമിട്ട് തങ്ങളും വ്യാപകമായ ആക്രമണം പൂർത്തിയാക്കിയതായി ഇസ്രായേൽ പ്രതിരോധ സേന പ്രഖ്യാപിച്ചു. ഡസൻ കണക്കിന് കേന്ദ്രങ്ങളാണ് ഇസ്രായേൽ തകർത്തത്.
ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാന്റെ ഓരോ പവർ പ്ലാന്റും പാലങ്ങളും തകർക്കുമെന്ന് ട്രംപ് നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന്റെ ആദ്യപടിയായാണ് ഖാർഗ് ഐലൻഡ് ലക്ഷ്യം വെച്ചതെന്നാണ് വിലയിരുത്തൽ. ഇറാന്റെ സാമ്പത്തിക ഭദ്രതയുടെ താക്കോലായാണ് ഈ ദ്വീപ് അറിയപ്പെടുന്നത്. ഇറാന്റെ എണ്ണക്കയറ്റുമതിയുടെ 90 ശതമാനവും നടക്കുന്നത് ഖാർഗ് വഴിയാണ്. വലിയ ടാങ്കറുകൾക്ക് അടുക്കാൻ കഴിയുന്ന ഏക പ്രമുഖ കേന്ദ്രമാണിത്.
സൗദി അറേബ്യയിലെയും കുവൈറ്റിലെയും യുഎസ് സൈനിക താവളങ്ങൾക്ക് അഭിമുഖമായാണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്. ഇത് ആക്രമിക്കാൻ അമേരിക്കയ്ക്ക് എളുപ്പമാക്കുന്നു. ഖാർഗ് ഐലൻഡ് തകരുന്നതോടെ ഇറാന്റെ വിദേശ വരുമാനം പൂർണ്ണമായും നിലയ്ക്കും. ആക്രമണത്തെത്തുടർന്ന് ഖാർഗ് ഐലൻഡിൽ വൻ സ്ഫോടനങ്ങൾ നടന്നതായി ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ മെഹർ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ നാശനഷ്ടങ്ങളുടെ പൂർണ്ണരൂപം പുറത്തുവിട്ടിട്ടില്ല.
ലോകചരിത്രത്തിലെ തന്നെ ഏറ്റവും ഭീതിതമായ വാക്കുകളിലൂടെ ഇറാന് അവസാന മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ താൻ നൽകിയ സമയപരിധിക്കുള്ളിൽ ഇറാൻ വഴങ്ങിയില്ലെങ്കിൽ, ഇന്ന് രാത്രിയോടെ ആ രാജ്യം എന്നെന്നേക്കുമായി ഇല്ലാതാകുമെന്ന് ട്രംപ് 'ട്രൂത്ത് സോഷ്യലിൽ' കുറിച്ചു. "ഒരു നാഗരികത മുഴുവൻ ഇന്ന് രാത്രി മരിക്കും, അത് ഒരിക്കലും തിരികെ കൊണ്ടുവരാൻ കഴിയില്ല. അങ്ങനെ സംഭവിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല, പക്ഷേ അത് മിക്കവാറും സംഭവിക്കും," എന്നായിരുന്നു ട്രംപിന്റെ പോസ്റ്റ്. ലോകചരിത്രത്തിലെ തന്നെ ഏറ്റവും നിർണ്ണായകമായ രാത്രിയായിരിക്കും ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാന്റെ വൈദ്യുതി നിലയങ്ങളും പാലങ്ങളും ഉൾപ്പെടെയുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളും തകർക്കാൻ യുഎസ് സൈന്യം സർവ്വ സജ്ജമായിക്കഴിഞ്ഞു. ഖാർഗ് ഐലൻഡിലെ ആക്രമണത്തിന് പിന്നാലെ, ഇറാനെ പൂർണ്ണമായും നിശ്ചലമാക്കുന്ന തരത്തിലുള്ള ഒരു വൻ സൈനിക നീക്കത്തിനാണ് അമേരിക്ക കോപ്പുകൂട്ടുന്നത്. ട്രംപിന്റെ ഭീഷണി ഒരു ആണവയുദ്ധത്തിലേക്കോ പശ്ചിമേഷ്യയുടെ പൂർണ്ണമായ തകർച്ചയിലേക്കോ നയിക്കുമോ എന്ന ഭീതിയിലാണ് ഐക്യരാഷ്ട്രസഭയും യൂറോപ്യൻ യൂണിയനും. സമാധാനത്തിനായുള്ള അവസാനവട്ട ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും, ട്രംപിന്റെ ഡെഡ്ലൈൻ കഴിയുന്നതോടെ ലോകത്തിന്റെ ഭാവി തന്നെ മാറിമറിഞ്ഞേക്കാം.


