ദില്ലി: പിതൃദിനത്തിലാണ് ആരാധകരുടെ മനം കവർന്നൊരു കുറിപ്പ് ബോളിവുഡ് നടി സണ്ണി ലിയോൺ ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവച്ചത്. എന്നാൽ തന്റെ പിതാവിനെക്കുറിച്ചായിരുന്നില്ല ആ കുറിപ്പ്. മറിച്ച് ഭർത്താവ് ഡാനിയല്‍ വെബ്ബറിക്കുറിച്ചുള്ളതായിരുന്നു സണ്ണിയുടെ പോസ്റ്റ്. 'മികച്ച ഭർത്താവാണ് ഡാനിയൽ' എന്നായിരുന്നു സണ്ണിയുടെ കുറിപ്പിലുണ്ടായിരുന്നത്. മക്കളായ നിഷ, നോഹ, അഷർ എന്നിവർക്കൊപ്പമുള്ള ഡാനിയലിന്റെ ചിത്രത്തോടൊപ്പമാണ് സണ്ണി കുറിപ്പ് പങ്കുവച്ചത്.

'നിങ്ങൾ ഉള്ളതുകൊണ്ട് നമ്മുടെ ജീവിതം വളരെ മനോഹരമാണ്. നിങ്ങൾ സം​രക്ഷിക്കുന്നതിനാൽ നമ്മുടെ ജീവിതം വളരെ സുരക്ഷിതമാണ്. നിങ്ങൾ നിങ്ങളുടെ മുഴുവൻ സ്നേഹവും ഞങ്ങൾക്ക് തരുന്നതിനാൽ ‍ഞങ്ങളുടെ ജീവിതം ശ്രേഷ്ടമാണ്. എല്ലാദിവസം നിങ്ങൾ ഞങ്ങളെ സ്നേഹിക്കുന്നു, സംരക്ഷിക്കുന്നു. ഞങ്ങളുടെ നല്ലഭാ​ഗം കാണിച്ചു താരാൻ സഹായികുന്നു. ഞാൻ നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നു. ഏറ്റവും മികച്ച പിതാവും ഭർത്താവുമായ നിങ്ങൾക്കെന്റെ പിതൃദിനാശംസകൾ. നിങ്ങൾ ഉള്ളതുകൊണ്ട് ഞങ്ങളുടെ ജീവിതം പ്രകാശഭരിതമാണ്, സണ്ണി ലിയോൺ കുറിച്ചു. 

വളരെ യാദ്യശ്ചികമായി സണ്ണിയുടെ ജീവിതത്തിൽ കടന്ന് വന്നയാളാണ് ഡാനിയൽ ഡെബ്ബർ. പതിനൊന്ന് വര്‍ഷം മുന്‍പ് ലോസ് ആഞ്ജലോസില്‍ വച്ച് ഒരു പാതിരാ പാര്‍ട്ടിക്കിടയില്‍ വച്ചായിരുന്നു ഇരുവരും കണ്ടുമുട്ടിയത്. ആദ്യത്തെ കാഴ്ചയില്‍ തന്നെ ഡാനിയലിന് സണ്ണിയോട് കടുത്ത പ്രണയമായി. തന്റെ സംഗീത ആല്‍ബവുമായി അമേരിക്കല്‍ എത്തിയതായിരുന്നു ഡാനിയല്‍. എന്നാല്‍ അമ്മയുടെ മരണത്തോടെ വിഷാദ രോഗത്തിലേക്ക് വഴുതി വീണ സണ്ണി, ഡാനിയേലിന്റെ പ്രണയാഭ്യര്‍ത്ഥന നിരസിച്ചു. മാത്രമല്ല ഡാനിയല്‍ സ്ത്രീലമ്പടനാണെന്നായിരുന്നു കരുതിയത്.

ഇക്കാരണത്താൽ ഒന്നര മാസത്തിന് ശേഷമാണ് സണ്ണി തന്റെ പ്രണയം ഡാനിയലിനോട് തുറന്ന് പറഞ്ഞത്. ഡാനിയല്‍ തനിക്കായി 24 പനിനീര്‍ പൂവുകള്‍ സമ്മാനിച്ചതിന് പിന്നാലെയായിരുന്നു സണ്ണി തന്റെ പ്രണയം അദ്ദേഹത്തോട് വെളിപ്പെടുത്തിയത്. മൂന്നുവര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. സിഖ് മതചാരപ്രകാരവും ജൂതമത വിശ്വാസ പ്രകാരവുമായിരുന്നു വിവാഹം. ഡാനിയലും സണ്ണിയും ഇന്നും പരസ്പരം പൂക്കൾ സമ്മാനിക്കാറുണ്ട്. അതിനുള്ള ഏറ്റവും മികച്ച തെളിവാണ് ഇരുവരുടേയും ഇൻസ്റ്റ​ഗ്രാം പോസ്റ്റുകൾ.