തപ്‍സി പന്നു നായികയാവുന്ന ദൊബാരയാണ് അനുരാഗിന്‍റെ അടുത്ത റിലീസ്

പത്ത് വര്‍ഷം മുന്‍പ് ജിസം 2 എന്ന ചിത്രത്തിലൂടെയായിരുന്നു സണ്ണി ലിയോണിന്‍റെ (Sunny Leone) ബോളിവുഡ് അരങ്ങേറ്റം. പിന്നീട് പത്ത് വര്‍ഷത്തിനിടയില്‍ നിരവധി പ്രോജക്റ്റുകളുടെ ഭാഗമായി അവര്‍. എന്നാല്‍ സണ്ണി ലിയോണിന്‍റെ താരപദവി ഉപയോഗപ്പെടുത്തിയ ചിത്രങ്ങള്‍ എന്നതൊഴിച്ചാല്‍ ഒരു അഭിനേത്രി എന്ന നിലയില്‍ അവര്‍ക്ക് പേര് നേടിക്കൊടുത്ത പ്രോജക്റ്റുകള്‍ എക്കൂട്ടത്തില്‍ ഇല്ല എന്നുതന്നെ പറയാം. എന്നാല്‍ ഇപ്പോഴിതാ അത്തരത്തില്‍ പേര് നേടാന്‍ സാധ്യതയുള്ള ഒരു പ്രോജക്റ്റിന്‍റെ ഭാഗമാവാന്‍ ഒരുങ്ങുകയാണ് അവര്‍. അനുരാഗ് കശ്യപിന്‍റെ (Aurag Kashyap) അടുത്ത ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുക സണ്ണി ലിയോണ്‍ ആണ്.

സണ്ണി ലിയോണ്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യത്തില്‍ തനിക്കുള്ള സന്തോഷം പങ്കുവച്ചത്. ഇത് ഒരു സ്വപ്നം യാഥാര്‍ഥ്യമായതുപോലെയാണെന്നും ഒരു അനുരാഗ് കശ്യപ് ചിത്രത്തില്‍ എന്നെങ്കിലും ഒരു വേഷം ലഭിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും സണ്ണി ലിയോണ്‍ കുറിച്ചു. എല്ലാം മാറുന്ന ചില നിമിഷങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവും. എന്‍റെ ആ നിമിഷം ഇതാണ്. ഞാനിത് ഒരിക്കലും മറക്കില്ല, അനുരാഗിനൊപ്പമുള്ള ചിത്രത്തിനൊപ്പം സണ്ണി ലിയോണ്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

അതേസമയം തപ്സി പന്നു നായികയാവുന്ന ദൊബാരയാണ് അനുരാഗിന്‍റെ അടുത്ത റിലീസ്. നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഒരു അനുരാഗ് കശ്യപ് ചിത്രം തിയറ്ററുകളിലെത്താന്‍ ഒരുങ്ങുന്നത്. 2018ല്‍ പുറത്തിറങ്ങിയ സ്പാനിഷ് ചിത്രം മിറാഷിന്‍റെ റീമേക്ക് ആണ് ദൊബാര. മിസ്റ്ററി ഡ്രാമ വിഭാ​ഗത്തില്‍ പെടുന്ന ചിത്രത്തിന്‍റെ അഡാപ്റ്റഡ് സ്ക്രീന്‍പ്ലേ നിഹിത് ഭാവെയാണ്. ബാലാജി മോഷന്‍ പിക്ചേഴ്സിന്‍റെ ബാനറില്‍ ശോഭ കപൂറും ഏക്ത കപൂറും ചേര്‍ന്നാണ് നിര്‍മ്മാണം. ഛായാ​ഗ്രഹണം സില്‍വെസ്റ്റര്‍ ഫൊന്‍സെക, എഡിറ്റിം​ഗ് ആര്‍തി ബജാജ്, പ്രൊഡക്ഷന്‍ ഡിസൈനിം​ഗ് ഉര്‍വി അഷര്‍, ഷിപ്ര റവാല്‍, ആക്ഷന്‍ ഡയറക്ടര്‍ അമൃത് പാല്‍ സിം​ഗ്, വസ്ത്രാലങ്കാരം പ്രശാന്ത് സാവന്ത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അമിത് എ നായിക്, പശ്ചാത്തല സം​ഗീതം ഷോര്‍ പൊലീസ്, സൗണ്ട് ഡിസൈനര്‍ ധിമ്മന്‍ കര്‍മാകര്‍, റീ റെക്കോര്‍ഡിസ്റ്റ് അലോക് ഡേ, സം​ഗീതം ഷോര്‍ പൊലീസ്, ​ഗൗരവ് ചാറ്റര്‍ജി, സ്റ്റില്‍സ് തേജീന്ദര്‍ സിം​ഗ്, ഓ​ഗസ്റ്റ് 19ന് ചിത്രം തിയറ്ററുകളിലെത്തും.

ALSO READ : വീണ്ടും ഹിറ്റടിച്ച് കന്നഡ സിനിമ; കിച്ച സുദീപിന്‍റെ വിക്രാന്ത് റോണ ആദ്യ മൂന്ന് ദിവസം നേടിയത്