രാഷ്ട്രീയ, സാമൂഹിക വിഷയങ്ങളില്‍ സ്വന്തം നിലപാട് തുറന്നുപറയുന്ന ചലച്ചിത്ര താരങ്ങളുടെ കൂട്ടത്തിലാണ് സണ്ണി വെയ്ന്‍

കേന്ദ്ര സര്‍ക്കാരിന്‍റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായി നടന്‍ സണ്ണി വെയ്ന്‍. ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് സണ്ണി വെയ്ന്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്കുള്ള തന്‍റെ പിന്തുണ പ്രഖ്യാപിച്ചത്. #StandWithFarmers എന്ന ഹാഷ് ടാഗിനൊപ്പം 'കര്‍ഷകര്‍ക്കൊപ്പം' എന്നാണ് സണ്ണി വെയ്ന്‍ കുറിച്ചിരിക്കുന്നത്.

രാഷ്ട്രീയ, സാമൂഹിക വിഷയങ്ങളില്‍ സ്വന്തം നിലപാട് തുറന്നുപറയുന്ന ചലച്ചിത്ര താരങ്ങളുടെ കൂട്ടത്തിലാണ് സണ്ണി വെയ്ന്‍. നേരത്തെ പൗരത്വ ഭേദഗതിക്കെതിരായ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചും സണ്ണി വെയ്‍ന്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിരുന്നു. വിവിധ സന്നദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകാനും പലപ്പോഴും അദ്ദേഹം എത്തിയിട്ടുണ്ട്. കൊവിഡ് കാലത്ത് രക്തദാനം ചെയ്യാന്‍ ആളുകള്‍ മടിക്കുന്നത് ചൂണ്ടിക്കാട്ടി ബോധവല്‍ക്കരണവുമായും സണ്ണി രംഗത്തെത്തിയിരുന്നു. 

അതേസമയം റിപബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ പരേഡുമായി ബന്ധപ്പെടുണ്ടായ സംഘര്‍ഷത്തില്‍ ദില്ലി പൊലീസ് 22 കേസുകളാമ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ചെങ്കോട്ടയില്‍ വലിയ സുരക്ഷാ സന്നാഹം ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കേന്ദ്ര സേനയെ ഉള്‍പ്പെടെയാണ് ചെങ്കോട്ടയുള്‍പ്പെടെയുള്ള തന്ത്രപ്രധാന മേഖലകളില്‍ വിന്യസിച്ചിരിക്കുന്നത്. ഇരുനൂറ് സമരക്കാര്‍ പൊലീസ് കസ്റ്റഡിയിലാണ്. ഇന്നലെ ഐടിഒ ജംഗ്ഷനിലുണ്ടായ സംഘര്‍ഷത്തില്‍ ഒരു കര്‍ഷകന്‍ മരിച്ചിരുന്നു. ഉത്തരാഘണ്ഡ് സ്വദേശിയാണ് മരിച്ചത്.