അഭിനയത്തിന്റെ 'ലാലേട്ടനെ' പാട്ടിന്റെ 'ഷാരൂഖ്' കണ്ടു; അമ്മയ്ക്ക് വേണ്ടി ആവിർഭവ് പാടി 'അല്ലിയാമ്പൽ കടവിൽ..'
കൊച്ചിയിലെ മോഹൻലാലിന്റെ വസതിയിൽ വച്ചായിരുന്നു പിറന്നാൾ ആഘോഷം.
ഇന്ന് ഇന്ത്യയൊട്ടാകെ ചർച്ച ചെയ്യുന്നത് ഒരു കുട്ടി പാട്ടുകാരനെ കുറിച്ചാണ്. പേര് ആവിർഭവ്. റിയാലിറ്റി ഷോകളിലൂടെ മലയാളികൾക്ക് സുപിരിചിതനായി മാറിയ ആവിർഭവ് ഹിന്ദിയിലെ സൂപ്പർ സിങ്ങറിലെ വിന്നർ കൂടിയാണ്. ആലാപന മികവ് കൊണ്ട് ഹിന്ദി ആരാധകരെ കയ്യിലെടുത്ത ആവിർഭവിനെ പാട്ടിന്റെ ഷാരൂഖ് ഖാൻ എന്നായിരുന്നു ഷോയിലെ വിധികർത്താക്കൾ വിശേഷിപ്പിച്ചത്.
ഇപ്പോഴിതാ നടൻ മോഹൻലാലിനെ കണ്ടിരിക്കുകയാണ് ആവിർഭവ്. കഴിഞ്ഞ ദിവസം ആയിരുന്നു മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയുടെ പിറന്നാൾ. ഇവിടെയാണ് ആവിർഭവ് എത്തിയത്. ഒപ്പം 'അല്ലിയാമ്പൽ കടവിൽ' എന്ന എവർഗ്രീൻ സൂപ്പർ ഹിറ്റ് ഗാനവും ആലപിച്ചു. നിറഞ്ഞ കയ്യടിയോടെയാണ് മോഹൻലാൽ ഇതിനെ സ്വീകരിച്ചത്. ഒപ്പം ഹിന്ദി ഗാനവും ആവിർഭവ് ആലപിക്കുന്നുണ്ട്. ഇതിന്റെ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
സംവിധായകനും നടനുമായ മേജർ രവി മുഖേനയാണ് മോഹൻലാലിന്റെ വീട്ടിൽ എത്തിയതെന്ന് ആവിർഭവ് മൂവി വേൾഡ് മീഡിയയോട് പറഞ്ഞു. "ഞങ്ങൾ പോയി പതിനഞ്ച് മിനിറ്റ് കഴിഞ്ഞപ്പോൾ ലാലേട്ടൻ വന്നു. ഫോട്ടോ എടുത്തു കെട്ടിപ്പിടിച്ചു. ലാലേട്ടന്റെ അമ്മയുടെ പിറന്നാളായിരുന്നു. കേക്ക് മുറിച്ച് സദ്യയൊക്കെ കഴിച്ചു", എന്ന് ആവിർഭവ് പറയുന്നു.
കൊച്ചിയിലെ മോഹൻലാലിന്റെ വസതിയിൽ വച്ചായിരുന്നു പിറന്നാൾ ആഘോഷം. ഇടുക്കി സ്വദേശിയാണ് ബാബുക്കുട്ടൻ എന്ന് വിളിപ്പേരുള്ള ആവിർഭവ്. സന്ധ്യയും സജിമോനും ആണ് മാതാപിതാക്കളൾ. അനിര്‍വിഹിയ സഹോദരിയാണ്. അനിര്‍വിഹിയും റിയാലിറ്റി ഷോ താരമാണ്.
അതേസമയം, ബറോസ് ആണ് മോഹന്‍ലാലിന്‍റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. സെപ്റ്റംബര്‍ 12ന് ചിത്രം തിയറ്ററുകളില്‍ എത്തും. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ട ബറോസ് പൂര്‍ണമായും ത്രീഡിയില്‍ ആണ് ഒരുങ്ങിയിരിക്കുന്നത്. പൃഥ്വിരാജിന്‍റെ എമ്പുരാന്‍, തരുണ്‍ മൂര്‍ത്തിയുടെ എല്‍ 360, വൃഷഭ എന്നിവയാണ് അണിയറയില്‍ ഒരുങ്ങുന്ന മോഹന്‍ലാല്‍ സിനിമകള്‍.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..