ഇതിനോടകം തന്നെ രജനികാന്ത് ഷൂട്ടിംഗിൽ പങ്കെടുത്തു കഴിഞ്ഞു. 'ജയിലർ' എന്ന ചിത്രത്തിന്റെ വലിയ വിജയത്തിന് ശേഷം സംവിധായകൻ നെൽസൺ ദിലീപ്കുമാർ ഒരുക്കുന്ന പുതിയ ചിത്രമാണിത്.

പാലക്കാട്: സൂപ്പർ ഹിറ്റ് ചിത്രം ജയിലറിന്റെ രണ്ടാം ഭാഗമായ 'ജയിലർ 2' ന്റെ ചിത്രീകരണത്തിനായി സൂപ്പർസ്റ്റാർ രജനികാന്ത് വാളയാറിലെത്തി. വാളയാറിലെ ആദിവാസി ഉന്നതി എന്ന സ്ഥലത്താണ് സിനിമയുടെ പ്രധാന ഭാഗങ്ങൾ ചിത്രീകരിക്കുന്നത്. ഇതിനോടകം തന്നെ രജനികാന്ത് ഷൂട്ടിംഗിൽ പങ്കെടുത്തു കഴിഞ്ഞു. 'ജയിലർ' എന്ന ചിത്രത്തിന്റെ വലിയ വിജയത്തിന് ശേഷം സംവിധായകൻ നെൽസൺ ദിലീപ്കുമാർ ഒരുക്കുന്ന പുതിയ ചിത്രമാണിത്. സിനിമയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. ചിത്രീകരണ സ്ഥലത്തേക്ക് കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. നേരത്തെ ചിത്രീകരണത്തിന്റെ ഭാഗമായി മലബാർ സിമന്റ്സിലും രജനികാന്ത് എത്തിയിരുന്നു. 

നെല്‍സണ്‍ ദിലീപ്‍കുമാറിന്‍റെ സംവിധാനത്തില്‍ 2023ൽ ആയിരുന്നു ജയിലർ റിലീസ് ചെയ്തത്. മുത്തുവേൽ പാണ്ഡ്യൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ രജനികാന്ത് അവതരിപ്പിക്കുന്നത്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 600 കോടിയിലേറെ നേടിയ ചിത്രം വിജയിച്ചത് മുതല്‍ ആരാധകര്‍ കാത്തിരിക്കാന്‍ തുടങ്ങിയതാണ് രണ്ടാം ഭാഗത്തിനായി. ഒരു പ്രൊമോ വീഡിയോയ്ക്കൊപ്പം രണ്ടാം ഭാഗത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനം എത്തിയത് ജനുവരി 14 ന് ആയിരുന്നു. പിന്നാലെ മാര്‍ച്ചില്‍ ചിത്രീകരണവും ആരംഭിച്ചു.

തമിഴ് സിനിമയില്‍ ഏറ്റവും വലിയ ഓപണിം​ഗ് വരാന്‍ സാധ്യതയുള്ള അപ്കമിം​ഗ് പ്രോജക്റ്റുമാണ് ജയിലര്‍ 2. അനിരുദ്ധ് രവിചന്ദര്‍ തന്നെയാണ് രണ്ടാം ഭാഗത്തിന്‍റെയും സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. ആദ്യ ഭാഗം പോലെതന്നെ ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായിരിക്കും രണ്ടാം ഭാഗവും. അതേസമയം, രണ്ടാം ഭാഗം വരുമ്പോൾ മലയാളികള്‍ക്ക് അറിയാന്‍ ഏറ്റവും ആഗ്രഹമുള്ളത് ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ മാത്യു എന്ന ഡോണ്‍ കഥാപാത്രം ഉണ്ടാവുമോ എന്നാണ്. ഇക്കാര്യത്തില്‍ ഔദ്യോഗിക വിശദീകരണങ്ങള്‍ ഒന്നും തന്നെ വന്നിട്ടില്ല.