ദളപതി വിജയിയുടെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് സൂപ്പര്‍താരം രജനികാന്തിന്‍റെ പ്രതികരണം ഇതിനകം വന്നിട്ടുണ്ട്. 

ചെന്നൈ: തമിഴക വെട്രി കഴകം എന്ന പേരില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് തന്‍റെ രാഷ്ട്രീയ പ്രവേശനം വിജയ് പ്രഖ്യാപിച്ചതിന്‍റെ അലയൊലിയിലാണ് തമിഴ് സിനിമ ലോകം. നേരിട്ടുള്ള പ്രതികരണങ്ങള്‍ പ്രധാന താരങ്ങള്‍ ഈ വിഷയത്തില്‍ നടത്തിയിട്ടില്ലെങ്കിലും. പലരുടെയും നിലപാടുകള്‍ നേരിട്ടല്ലാതെ മാധ്യമങ്ങളില്‍ വരുന്നുണ്ട്. 2024 ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാതെ 2026 നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയാണ് വിജയിയുടെ നീക്കം എന്നാണ് പൊതുവില്‍ വിലയിരുത്തപ്പെടുന്നത്. 

ദളപതി വിജയിയുടെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് സൂപ്പര്‍താരം രജനികാന്തിന്‍റെ പ്രതികരണം ഇതിനകം വന്നിട്ടുണ്ട്. എക്സില്‍ പ്രചരിക്കുന്ന ഒരു വീഡിയോയില്‍ വിമാനതാവളത്തില്‍ വച്ചാണ് രജനി ഇതിനോട് പ്രതികരിക്കുന്നത്. 

എന്നാല്‍ വിശദമായ മറുപടിക്കൊന്നും രജനി നില്‍ക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്. "അഭിനന്ദനങ്ങൾ" എന്ന് രണ്ടുതവണ പറഞ്ഞ് രജനി സ്ഥലം വിടുന്നതാണ് വീഡിയോയില്‍ കാണിക്കുന്നത്. എന്തായാലും രജനി വിജയിയുടെ രാഷ്ട്രീയ നീക്കത്തിന് അഭിനന്ദനം നേര്‍ന്നു എന്ന രീതിയിലാണ് ഇത് വാര്‍ത്തയായത്. 

നേരത്തെ പലവട്ടം തമിഴ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ നിന്ന വ്യക്തിയാണ് രജനികാന്ത്. എന്നാല്‍ പിന്നീട് പലപ്പോഴായി ഈ നീക്കം ഉപേക്ഷിച്ചു. 2021 ല്‍ താന്‍ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് രജനി ഔദ്യോഗികമായി തന്നെ പ്രഖ്യാപിച്ചതുമാണ്. എന്നാല്‍ പല രാഷ്ട്രീയ വേദികളിലും രജനി പ്രത്യക്ഷപ്പെടാറുമുണ്ട്. 

ഡിഎംകെ, എഡിഎംകെ സംസ്കാരിക പരിപാടികളില്‍ രജനി പങ്കെടുക്കാറുണ്ട്. അത് പോലെ തന്നെ തെലുങ്ക് ദേശം പാര്‍ട്ടിയുടെ എന്‍ടിആര്‍ അനുസ്മരണത്തില്‍ അടുത്തിടെ രജനി പങ്കെടുത്തിരുന്നു. രജനി അയോദ്ധ്യ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുത്തത് അടുത്തിടെ വിവാദവും ആയിരുന്നു. ഇതിന് ശേഷം അദ്ദഹത്തിന്‍റെ മകള്‍ ഐശ്വര്യ നടത്തിയ പ്രസ്താവനയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

അതേ സമയം ഫെബ്രുവരി 9ന് രജനികാന്ത് പ്രധാനപ്പെട്ട വേഷത്തില്‍ എത്തുന്ന ലാല്‍ സലാം ചിത്രം റിലീസാകുകയാണ്. ഐശ്വര്യ രജനികാന്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. എആര്‍ റഹ്മാനാണ് സംഗീതം. 

ഹേമ മാലിനിയുടെ മകള്‍ 'ധൂം ഗേള്‍'ഇഷ ഡിയോള്‍ വിവാഹ മോചിതയായി

'രശ്മികയ്ക്ക് നാലു കോടി പ്രതിഫലം': ഉടന്‍ പറഞ്ഞയാളെ എയറിലാക്കിയ പ്രതികരണവുമായി രശ്മിക.!