പുതിയ ഡിസി യൂണിവേഴ്‌സിന്റെ ഭാഗമായുള്ള സൂപ്പർമാൻ റീബൂട്ട് ചിത്രം പകർപ്പവകാശ കേസിൽ കുടുങ്ങി. ജൂലൈയിൽ റിലീസ് ചെയ്യാനിരുന്ന ചിത്രത്തിന്റെ ഭാവി അനിശ്ചിതത്വത്തിലാണ്.
ഹോളിവുഡ്: പുതിയ ഡിസി യൂണിവേഴ്‌സിന്‍റെ ഭാഗമായ വരാനിരിക്കുന്ന സൂപ്പർമാൻ റീബൂട്ട് മൂവി നിയമ കുരുക്കില്‍. സിനിമകളുടെയും കോമിക്‌സിന്‍റെയും മറ്റും പകർപ്പവകാശവുമായി ബന്ധപ്പെട്ട കേസാണ് ചിത്രത്തിന് പുതിയ തലവേദനയാകുന്നത്.
സൂപ്പര്‍ മാന്‍ അഥവ ക്ലാർക്ക് കെന്‍റായി ഡേവിഡ് കോറൻസ്‌വെറ്റ് അഭിനയിക്കുന്ന ചിത്രം ജെയിംസ് ഗൺ ആണ് സംവിധാനം ചെയ്യുന്നത്. ജൂലൈയിലാണ് ചിത്രത്തിന്‍റെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. വാര്‍ണര്‍ ബ്രദേഴ്സ് ഡിസി കോമിക് കഥപാത്രങ്ങളെ വച്ച് ഒരുക്കുന്ന പുതിയ യൂണിവേഴ്സിലെ ആദ്യത്തെ സിനിമയാണ് ഇത്.
ജെയിംസ് ഗണും പീറ്റർ സഫ്രാന്‍റെയും ചേര്‍ന്ന് രൂപം കൊടുത്ത പുതിയ ഡിസി യൂണിവേഴ്‌സിന്‍റെ പദ്ധതി പത്ത് കൊല്ലത്തേക്കാണ് എന്നാണ് ജെയിംസ് ഗൺ നേരത്തെ പറഞ്ഞത്. എന്നാല്‍ പദ്ധതി മുന്നോട്ട് പോകാന്‍ ആദ്യ സൂപ്പര്‍മാന്‍ ചിത്രത്തിന്‍റെ വിജയം അത്യവശ്യമാണെന്ന് സംവിധായകന്‍ നേരത്തെ സൂചിപ്പിച്ചിരുന്നു.
അതിനാല്‍ തന്നെ ഇപ്പോള്‍ വന്നിരിക്കുന്ന കേസ് കാര്യങ്ങൾ സങ്കീർണ്ണമാക്കിയേക്കാം. സൂപ്പര്‍മാന്‍ സൃഷ്ടിച്ച ജോസഫ് ഷസ്റ്ററിന്‍റെ സ്ഥാപനമാണ് പുതിയ കേസ് നല്‍കിയിരിക്കുന്നത്. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സൂപ്പര്‍മാന്‍ ചിത്രത്തിന്‍റെ റിലീസ് സങ്കീർണ്ണമാക്കിയേക്കും ഈ കേസ് എന്നാണ് ഹോളിവുഡ് മാധ്യമങ്ങള്‍ പറയുന്നത്.
ന്യൂയോർക്ക് സിറ്റിയിലെ ഫെഡറൽ കോടതിയിലാണ് കഴിഞ്ഞയാഴ്ച കേസ് ഫയൽ ചെയ്തത്. വാർണർ ബ്രദേഴ്സിനെയും ഡിസി കോമിക്സിനെയും പല രാജ്യങ്ങളിലും ചിത്രം റിലീസ് ചെയ്യുന്നതിൽ നിന്ന് തടയണം എന്നാണ് ആവശ്യം. ഷസ്റ്ററും അദ്ദേഹത്തിന്‍റെ സഹരചിതാവ് ജെറോം സീഗലും സൂപ്പർമാന്‍റെ അവകാശം ഡിസി കോമിക്സിനും, അതുവഴി വാര്‍ണര്‍ ബ്രേദേഴ്സിനും നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇത്തരത്തില്‍ നല്‍കിയ അന്താരാഷ്ട്ര അവകാശങ്ങൾ 2017-ജോസഫ് ഷസ്റ്ററിന്‍റെതായി തിരിച്ചുവന്നുവെന്നാണ് കേസിലെ വാദം.
യുകെ, കാനഡ, അയർലൻഡ്, ഓസ്‌ട്രേലിയ എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങളിൽ അനുമതിയോ നഷ്ടപരിഹാരമോ ഇല്ലാതെ വാർണർ ബ്രദേഴ്സിന് സൂപ്പര്‍മാന്‍ ചിത്രം റിലീസ് ചെയ്യാന്‍ കഴിയില്ലെന്നാണ് വാദം. എന്തായാലും ഈ കേസ് ചിത്രത്തെ എങ്ങനെ ബാധിക്കും എന്ന ആകാംക്ഷയിലാണ് ചലച്ചിത്ര ലോകം.
ലൈഗറിലെ അഭിനയം അനന്യ പാണ്ഡെയ്ക്ക് അസ്വസ്തതയുണ്ടാക്കി: വെളിപ്പെടുത്തി പിതാവ്
ഒരു ചുംബനം കാണിക്കാന്‍ എടുത്തത് 47 റീടേക്ക്; പക്ഷെ 6 കോടി പടം നേടിയത് ഞെട്ടിപ്പിക്കുന്ന വിജയം !
