ജെയിംസ് ഗണ്ണിന്റെ പുതിയ 'സൂപ്പർമാൻ' ചിത്രത്തിന്റെ ആദ്യ 30 മിനിറ്റ് പ്രദർശിപ്പിച്ചതിന് ശേഷം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 

ഹോളിവുഡ്: ജെയിംസ് ഗണ്ണിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന പുതിയ 'സൂപ്പർമാൻ' ചിത്രത്തിന്റെ ആദ്യ 30 മിനിറ്റ് കഴിഞ്ഞ ആഴ്ച ബ്രസീലിലും മനിലയിലും തിരഞ്ഞെടുക്കപ്പെട്ട പ്രേക്ഷകർക്കും മാധ്യമപ്രവർത്തകർക്കും പ്രദർശിപ്പിച്ചിരുന്നു. ഈ പ്രദർശനത്തിന് ശേഷം ചിത്രത്തിന് ലഭിച്ച പ്രതികരണങ്ങൾ അത്യന്തം ശുഭപ്രതീക്ഷ നൽകുന്നതാണ് എന്നാണ് ഹോളിവുഡ് മാധ്യമങ്ങള്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഡേവിഡ് കോറൻസ്വെറ്റ് അവതരിപ്പിക്കുന്ന സൂപ്പർമാൻ, സാക് സ്നൈഡറിന്‍റെ 'മാൻ ഓഫ് സ്റ്റീൽ' എന്ന ചിത്രത്തിൽ ഹെൻറി കാവിൽ അവതരിപ്പിച്ച സൂപ്പർമാനിൽ നിന്ന് തീര്‍ത്തും വ്യത്യസ്തമാണെന്നാണാണ് ഈ പ്രദര്‍ശനത്തില്‍ പങ്കെടുത്ത പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.

കഴിഞ്ഞ 20 വർഷത്തിനിടെ സൂപ്പർമാൻ ഫ്രാഞ്ചൈസിയുടെ മൂന്നാമത്തെ റീബൂട്ടാണ് ഈ ചിത്രം. ബ്രാൻഡൻ റൗത്തിന്റെയും ഹെൻറി കാവിലിന്റെയും സൂപ്പർമാൻ ചിത്രങ്ങൾക്ക് ശേഷം ജെയിംസ് ഗൺ ഡിസി യൂണിവേഴ്സിന് ഒരു പുതിയ തുടക്കം കുറിക്കുകയാണ്. ബ്രസീലില്‍ ഡേവിഡ് കോറൻസ്വെറ്റിനൊപ്പം ജെയിംസ് ഗൺ തന്നെ പങ്കെടുത്ത ഈ പ്രദർശനങ്ങളിൽ ആദ്യ 30 മിനിറ്റിന്റെ ദൃശ്യങ്ങൾ തന്നെ പ്രേക്ഷകരെ ആവേശത്തിലാക്കിയെന്നാണ് ഹോളിവുഡ് റിപ്പോര്‍ട്ടര്‍ പറയുന്നത്.

ഡേവിഡ് കോറൻസ്വെറ്റിന്‍റെ സൂപ്പർമാനും ക്ലാർക്ക് കെന്റും തമ്മിലുള്ള മാറ്റങ്ങൾ അവതരിപ്പിക്കുന്നതിലെ മികവിന് വലിയ പ്രശംസ ലഭിക്കുന്നുണ്ട്. "ആദ്യ 30 മിനിറ്റ് അതിശയകരമാണ്! ക്ലാർക്ക് കെന്റിൽ നിന്ന് സൂപ്പർമാനിലേക്കുള്ള മാറ്റം ഡേവിഡ് അതിമനോഹരമായി അവതരിപ്പിച്ചു. റേച്ചൽ ബ്രോസ്നഹാനുമായുള്ള (ലോയിസ് ലെയ്ൻ) അവന്റെ കെമിസ്ട്രി അതിശയിപ്പിക്കുന്നതാണ്" ഈ പ്രദര്‍ശനത്തില്‍ പങ്കെടുത്ത ഒരു ജേര്‍ണലിസ്റ്റ് എക്സില്‍ എഴുതി.

സാക് സ്നൈഡറിന്റെ 'മാൻ ഓഫ് സ്റ്റീൽ' ഒരു ഡാര്‍ക്ക്, ഒപ്പം പ്രമേയത്തോട് ഗൗരവമേറിയ സമീപനം പിന്തുടർന്നപ്പോൾ, ഗണ്ണിന്റെ സൂപ്പർമാൻ ഡിസി കോമിക് ശൈലിയിലാണ് ഒരുക്കിയത് എന്നാണ് ഉയരുന്ന അഭിപ്രായം. ചിത്രത്തിൽ റേച്ചൽ ബ്രോസ്നഹാൻ (ലോയിസ് ലെയ്ൻ), നിക്കോളാസ് ഹോൾട്ട് (ലെക്സ് ലൂഥർ), എഡി ഗതേഗി, ആന്റണി കാരിഗൻ, നാഥൻ ഫില്യൻ, ഇസബെല മെർസെഡ് എന്നിവരും അഭിനയിക്കുന്നു. 2025 ജൂലൈ 11-ന് ചിത്രം തിയറ്ററുകളിൽ എത്തും.