അന്തരിച്ച തമിഴ് നടൻ മയില്‍സാമിയെ കുറിച്ച് രജനികാന്ത് സംസാരിക്കുന്നതിന്റെ വീഡിയോ.
തമിഴിലെ പ്രമുഖ താരം മയില്‍സാമി കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം സംഭവിച്ചത്. നാല് പതിറ്റാണ്ട് നീളുന്ന അഭിനയ ജീവിതത്തില്‍ എണ്ണമറ്റ കഥാപാത്രങ്ങളായി പ്രേക്ഷകരുടെ പ്രശംസ നേടിയ നടനാണ് മയില്‍സാമി. മയില്‍സാമിക്ക് ആദരാഞ്‍ജലി അര്‍പ്പിച്ച് രജനികാന്ത് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമത്തില്‍ പ്രചരിക്കുന്നത്.
വളരെക്കാലത്തെ സൗഹൃദമുണ്ടെങ്കിലും ഞങ്ങള്‍ക്ക് ഒരുപാട് സിനിമകളില്‍ ഒരുമിച്ച് അഭിനയിക്കാൻ ആയില്ലെന്ന് രജനികാന്ത് പറഞ്ഞു. അദ്ദേഹം എംജിആറിന്റെ കടുത്ത ആരാധകനായിരുന്നു. ശിവ ഭക്തനും. എപ്പോഴും ശിവനെ കുറിച്ചും എംജിആറിനെ കുറിച്ചും ആയിരുന്നു ഞങ്ങള്‍ സംസാരിച്ചിരുന്നത്. തിരവണ്ണാമലൈയിലെ കാര്‍ത്തിക ദീപം ഉത്സവത്തിന് അദ്ദേഹം എന്നെ വിളിക്കുമായിരുന്നു. കഴിഞ്ഞ വര്‍ഷം അദ്ദേഹം വിളിച്ചപ്പോള്‍ സിനിമാ ചിത്രീകരണത്തിനിടയില്‍ ആയതിനാല്‍ ഫോണ്‍ എടുക്കാൻ കഴിയാത്തതില്‍ ദു:ഖമുണ്ടെന്ന് രജനികാന്ത് പറഞ്ഞു. മയില്‍സാമിയുടെ അവസാന ആഗ്രഹങ്ങളില്‍ ഒന്ന് സാധിച്ചുകൊടുക്കാൻ താൻ ശ്രമിക്കുമെന്നും രജനികാന്ത് പറഞ്ഞു. ശിവന്റെ അമ്പലത്തില്‍ പാല്‍ അഭിഷേകം താൻ നടത്തണമെന്ന് അദ്ദേഹം ആഗ്രഹിച്ചതായി അവസാന കാലത്ത് ഡ്രംസ് ശിവമണിയോട് പറഞ്ഞിരുന്നതായി അറിഞ്ഞു. അദ്ദേഹത്തിന്റെ അവസാന ആഗ്രഹം നിറവേറ്റുമെന്നും ഇതേ കുറിച്ച് ഡ്രംസ് മണിയോട് സംസാരിക്കുമെന്നും രജനികാന്ത് അറിയിച്ചു.
കെ ഭാഗ്യരാജിന്‍റെ സംവിധാനത്തില്‍ 1984 ല്‍ പുറത്തെത്തിയ 'ധവനി കനവുകള്‍' എന്ന ചിത്രത്തിലൂടെയാണ് മയില്‍സാമിയുടെ സിനിമാ അരങ്ങേറ്റംആള്‍ക്കൂട്ടത്തിലെ ഒരാള്‍ മാത്രമായിരുന്നെങ്കിലും പിന്നീടുള്ള വര്‍ഷങ്ങളില്‍ ശ്രദ്ധേയ കഥാപാത്രങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി. 'ദൂള്‍', 'വസീഗര', 'ഗില്ലി', 'ഗിരി', 'ഉത്തമപുത്രന്‍', 'വീരം', 'കണ്‍കളെ കൈത് സെയ്' തുടങ്ങിയവയാണ് അഭിനയിച്ചവയില്‍ ഏറ്റവും ശ്രദ്ധേയ ചിത്രങ്ങള്‍. ഇതില്‍ 'കണ്‍കളെ കൈത് സെയ്' എന്ന ചിത്രത്തിലെ അഭിനയത്തിന് തമിഴ് സര്‍ക്കാരിന്‍റെ മികച്ച കൊമേഡിയനുള്ള പുരസ്‍കാരം ലഭിച്ചു. സുജാതയുടെ രചനയില്‍ ഭാരതിരാജ സംവിധാനം ചെയ്‍ത് 2004 ല്‍ പുറത്തെത്തിയ ചിത്രമാണിത്. 2000 മുതല്‍ ഇങ്ങോട്ട് തമിഴ് സിനിമയുടെ അവിഭാജ്യ ഘടകമാണ് മയില്‍സാമി. 2016 ല്‍ മാത്രം 16 ചിത്രങ്ങളിലാണ് അദ്ദേഹം കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
സിനിമാ അഭിനയത്തിനു പുറമെ സ്റ്റേജ് പെര്‍ഫോമര്‍, സ്റ്റാന്‍ഡ് അപ്പ് കൊമേഡിയന്‍, ടെലിവിഷന്‍ അവതാരകന്‍, നാടക നടന്‍ എന്നീ നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ച കലാകാരനാണ് മയില്‍സാമി. സണ്‍ ടിവിയിലെ 'അസതപോവാത് യാര്' എന്ന ഷോയിലെ സ്ഥിരം വിധികര്‍ത്താവുമായിരുന്നു അദ്ദേഹം. ഏറെ ജനശ്രദ്ധ നേടിയ ഷോയാണ് ഇത്. 'നെഞ്ചുക്കു നീതി', 'വീട്‍ല വിശേഷം', 'ദി ലെജന്‍ഡ്' തുടങ്ങിയവയാണ് അടുത്തിടെ അദ്ദേഹത്തിന്‍റേതായി പുറത്തെത്തിയ ചിത്രങ്ങള്‍.
Read More: സോനു സൂദിന്റെ പഞ്ചാബിനെ കീഴടക്കി മനോജ് തിവാരിയുടെ ഭോജ്‍പുരി
