മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ പൃഥ്വിരാജിന്റെ ജന്മദിനമാണ് ഇന്ന്. മോഹൻലാല്‍ അടക്കമുള്ളവര്‍ പൃഥ്വിരാജിന് ആശംസകളുമായി എത്തി. പൃഥ്വിരാജിന്റെ ഫോട്ടോ ഓണ്‍ലൈനില്‍ തരംഗമാകുകയും ചെയ്യുകയാണ്. പൃഥ്വിരാജിന്റെയും സുപ്രിയ മേനോന്റെയും ഒരു ഫോട്ടോയാണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. സുപ്രിയ മേനോൻ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ഹൃദയപൂര്‍വമായ ജന്മദിനാശംസകളാണ് ഭാര്യ സുപ്രിയ മേനോനും പൃഥ്വിരാജിന് നേര്‍ന്നിരിക്കുന്നത്.

പോയ വർഷം ഒരു റോളർകോസ്റ്റർ റൈഡ് പോലയായിരുന്നു.  ഉയർച്ചയുടെയും താഴ്‍ചയുടെയും സമയങ്ങളിൽ നമ്മുടെ സ്നേഹത്തിന്റെ സുഖം എല്ലായ്പ്പോഴും പങ്കിടാൻ കഴിയട്ടെയെന്ന് ഞാൻ ആഗ്രഹിക്കുന്നു. ജന്മദിനാശംസകള്‍ എന്നും സുപ്രിയ മേനോൻ കുറിപ്പായി എഴുതിയിരിക്കുന്നു. അലംകൃത എന്ന മകളാണ് ഇരുവര്‍ക്കുമുള്ളത്. മകളുടെ വിശേഷങ്ങളും പൃഥ്വിരാജും സുപ്രിയയും ആരാധകര്‍ക്കായി പങ്കുവയ്‍ക്കാറുണ്ട്. അലംകൃതയും പ്രേക്ഷകരുടെ പ്രിയപ്പെട്ട കുട്ടിയാണ്.

പൃഥ്വിരാജും സുപ്രിയ മേനോനും 2011ലാണ് വിവാഹിതരായത്.

പൃഥ്വിരാജ് ആദ്യമായി വെള്ളിത്തിരിയിലെത്തിയത് 2002ലാണ്. നന്ദനം എന്ന സിനിമയിലാണ് പൃഥ്വിരാജ് ആദ്യമായി അഭിനയിച്ചത്. 2006ലും 2012ലും പൃഥ്വിരാജ് മികച്ച നടനുള്ള സംസ്ഥാന പുരസ്‍കാരവും നേടി. മോഹൻലാല്‍ നായകനായ ലൂസിഫറുടെ സംവിധായകനുമായി.