പൃഥ്വിരാജിനെ നായകനാക്കി 2017ല്‍ ഒരുക്കിയ ഹൊറര്‍ ത്രില്ലര്‍ ചിത്രം 'എസ്ര'യിലൂടെ സംവിധാനരംഗത്തേക്ക് എത്തിയ ആളാണ് ജയ് കെ. ഇപ്പോഴിതാ തിരുവോണനാളില്‍ അദ്ദേഹത്തിന്‍റെ പുതിയ ചിത്രം പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ്. കൗതുകമുണര്‍ത്തുന്ന പേരും കാസ്റ്റിംഗുമാണ് ചിത്രത്തിന്‍റേത്. 'ഗ്ര്‍ര്‍ര്‍' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമ്മൂടുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഓഗസ്റ്റ് സിനിമാസ് ആണ് നിര്‍മ്മാണം. മൃഗശാലയുമായി ബന്ധപ്പെട്ട കഥയാണ് ചിത്രം പറയുന്നതെന്നാണ് സൂചന. മറ്റ് അഭിനേതാക്കള്‍ ആരെന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ പിന്നാലെ എത്തും. ചിത്രീകരണം വൈകാതെ ആരംഭിക്കുമെന്ന് അറിയുന്നു. 

സൂപ്പര്‍നാച്ചുറല്‍ ഹൊറര്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെട്ട 'എസ്ര' ബോക്സ് ഓഫീസില്‍ വിജയം കണ്ട ചിത്രമായിരുന്നു. പൃഥ്വിരാജ് നായകനായ ചിത്രത്തില്‍ പ്രിയ ആനന്ദ് ആയിരുന്നു നായിക. ടൊവീനോ സുജിത് ശങ്കര്‍, സുദേവ് നായര്‍, വിജയരാഘവന്‍, പ്രതാപ് പോത്തന്‍, ബാബു ആന്‍റണി തുടങ്ങി വലിയ താരനിര അണിനിരന്ന ചിത്രവുമായിരുന്നു അത്. എസ്ര പുറത്തിറങ്ങി മൂന്നര വര്‍ഷത്തിനു ശേഷമാണ് ജയ് കെ പുതിയ ചിത്രവുമായി എത്തുന്നത്.