പൃഥ്വിരാജിനൊപ്പം മറ്റൊരു പ്രധാന കഥാപാത്രത്തെ സുരാജ് വെഞ്ഞാറമ്മൂട് അവതരിപ്പിച്ച ചിത്രമായിരുന്നു കഴിഞ്ഞ വര്‍ഷം തീയേറ്ററുകളില്‍ എത്തിയ ഡ്രൈവിംഗ് ലൈസന്‍സ്. ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്‍ത ചിത്രത്തിന്‍റെ തിരക്കഥ സച്ചിയുടേതായിരുന്നു. സച്ചിയുടെ അപ്രതീക്ഷിത വേര്‍പാട് തന്നിലുണ്ടാക്കിയ ആഘാതത്തെക്കുറിച്ചു പറയുകയാണ് സുരാജ് വെഞ്ഞാറമ്മൂട്. ഒരുപാട് നേരത്തെയാണ് സച്ചിയുടെ യാത്രയെന്ന് പറയുന്നു സുരാജ്.

സുരാജ് വെഞ്ഞാറമ്മൂടിന്‍റെ വാക്കുകള്‍

നഷ്ടപ്പെടരുതെന്ന് ഒരുപാട് ആഗ്രഹിച്ച, പ്രാർത്ഥിച്ച ഒരു നഷ്ടം കൂടി.. ഒത്തിരി നേരത്തെയാണ് ഈ യാത്ര. ഒരുപാട് കാതലും കഴമ്പുമുള്ള കഥകൾ മനസ്സിലുള്ള ഒരു എഴുത്തുകാരൻ. പ്രതിഭയാർന്ന ഒരുപാട് സിനിമകൾ ഇനിയും പ്രേക്ഷകർക്ക് നൽകാനുള്ള സംവിധായകൻ. അതിലെല്ലാം ഉപരി മലയാള സിനിമാലോകത്തിന്‍റെ പകരം വെക്കാനില്ലാത്ത ഒരു സമ്പത്ത്. അതായിരുന്നു സച്ചിയേട്ടൻ. നഷ്ടമായത് ഒരു സഹപ്രവർത്തകനെ മാത്രമല്ല, നല്ലൊരു സുഹൃത്തിനെയും സഹോദരനെയുമാണ്. നഷ്ടങ്ങളുടെ നിരയിലേക്ക് ഇപ്പോഴൊന്നും ഇടം പിടിക്കരുതായിരുന്ന, വിജയങ്ങളുടെ മാത്രം തോഴൻ. പകരം വെക്കാനില്ലാത്ത ആ കഥാപാത്രങ്ങളിലൂടെ തന്നെ സച്ചിയേട്ടൻ ഇനിയും ജീവിക്കും. ആദരാജ്ഞലികൾ സച്ചിയേട്ടാ..

 

ഹൃദയാഘാതത്തെ തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു ഏതാനും ദിവസങ്ങളായി സച്ചി. ദിവസങ്ങള്‍ക്കു മുന്‍പ് മറ്റൊരു ആശുപത്രിയില്‍ അദ്ദേഹത്തിന് ഇടുപ്പ് മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയിരുന്നു. പിന്നാലെയാണ് ഹൃദയാഘാതമുണ്ടായത്. സച്ചിയുടെ ആരോഗ്യനില അതീവഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി ഇന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. തങ്ങളുടെ പ്രിയ സഹപ്രവര്‍ത്തകന്‍റെ വിയോഗം സിനിമാപ്രവര്‍ത്തകരില്‍ വലിയ ഞെട്ടലാണ് സൃഷ്ടിച്ചിരിക്കുന്നത്.