നങ്ങൾ ഹൃദയത്തിൽ ഏറ്റെടുത്ത ചിത്രത്തിന് തന്നെ പുരസ്കാരം ലഭിച്ചതിൽ ഏറെ സന്തോഷമെന്ന് മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കിയ സുരാജ് വെഞ്ഞാറമൂട്. 2019 തനിക്ക് മികച്ച സിനിമകൾ ചെയ്യാൻ സാധിച്ച വർഷമായിരുന്നുവെന്നും സുരാജ് മാധ്യമങ്ങളോട് പറഞ്ഞു. ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, വികൃതി എന്നീ ചിത്രങ്ങളിലെ പ്രകടനങ്ങളാണ് സുരാജിനെ അവാർഡിന് അർഹനാക്കിയത്. 

ദേശീയ അവാര്‍ഡും ഇപ്പോള്‍ സംസ്ഥാന അവാര്‍ഡും നേടിയത് തന്റെ ഉത്തരവാദിത്വം കൂട്ടുന്നതായും സുരാജ് പറഞ്ഞു. 'ഞാൻ അഭിനയിച്ച സിനിമകള്‍ ജനങ്ങള്‍ കണ്ടതില്‍ സന്തോഷം. അവയ്ക്ക് സര്‍ക്കാർ തലത്തിൽ ഇങ്ങനെ ഒരു അവാർഡ് ലഭിച്ചതിൽ അതിലേറെ സന്തോഷം. സിനിമയ്ക്ക് വേണ്ടി എല്ലാവരും മനസറിഞ്ഞ് നിന്നത് കൊണ്ടാണ് ഇത്രയും ശ്രദ്ധിക്കപ്പെടുകയും സ്വീകാര്യത നേടുകയും ചെയ്തതെന്ന്', സുരാജ് വ്യക്തമാക്കി.  

നല്ല കഥാപാത്രങ്ങള്‍ ലഭിക്കണമെന്ന് ആ​ഗ്രഹിച്ചിരുന്നു. ആ​ഗ്രഹവും പ്രവർത്തിയും കൂടെ ആയപ്പോള്‍ അത് സംഭവിച്ചുവെന്നും സുരാജ് പറയുന്നു. ലാലേട്ടന്‍ വിളിച്ച് അഭിനന്ദനം അറിയിച്ചതിൽ വളരെയധികം സന്തോഷമായെന്നും സുരാജ് അറിയിച്ചു. എത്രയും വേ​ഗം ജനജീവിതം പഴയത് പോലെ ആകട്ടെ. വിഷമതകള്‍ മാറട്ടേ. തീയേറ്ററുകളില്‍ നിറഞ്ഞ സദസിലിരുന്ന് ആളുകള്‍ സിനിമ കാണുന്നത് പ്രതീക്ഷിച്ചിരിക്കയാണെന്നും സുരാജ് വ്യക്തമാക്കി. 

സുരാജിലെ നടന്‍റെ സാധ്യതകളെ മലയാളസിനിമ നിലവില്‍ ഉപയോഗപ്പെടുത്തുന്നതിന്‍റെ വൈവിധ്യത്തിന് തെളിവായിരുന്നു കഴിഞ്ഞ വര്‍ഷം അദ്ദേഹത്തിന്‍റേതായി പുറത്തെത്തിയ മിക്ക ചിത്രങ്ങളും. അതില്‍ ഏറ്റവും ശ്രദ്ധേയമായിരുന്നു രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ എന്ന നവാഗതന്‍റേതായി പുറത്തെത്തിയ 'ആന്‍ഡ്രോയ്‍ഡ് കുഞ്ഞപ്പന്‍ വെര്‍ഷന്‍ 5.25'. പുറമേയ്ക്ക് പരുക്കനെന്ന് തോന്നിപ്പിക്കുന്ന, എന്നാല്‍ ഉള്ളില്‍ സ്നേഹം ഒളിപ്പിക്കുന്ന വയോധികനായ അച്ഛന്‍ കഥാപാത്രത്തെ അദ്ദേഹം അവിസ്മരണീയമാക്കി. യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കി നിര്‍മ്മിക്കപ്പെട്ട 'വികൃതി'യില്‍ മൂകനും ബധിരനുമായ എല്‍ദോ എന്ന കഥാപാത്രവും സുരാജിന്‍റെ പ്രതിഭയ്ക്ക് തെളിവായ വേഷമാണ്.

"