'ജന ഗണ മന' എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനാണ് സുരാജ് വെഞ്ഞാറമൂട് എത്തിയത്.

മലയാളത്തിന്റെ പ്രിയനടൻമാരില്‍ ഒരാളാണ് സുരാജ് വെഞ്ഞാറമൂട് (Suraj Venjaramoodu). സാമൂഹ്യ മാധ്യത്തിലും സജീവമായി ഇടപെടുന്ന താരമാണ് സുരാജ് വെഞ്ഞാറമൂട്. തന്റെ ഓരോ സിനിമാ വിശേഷങ്ങളും സുരാജ് വെഞ്ഞാറമൂട് ഷെയര്‍ ചെയ്യാറുണ്ട്. കിടിലൻ ലുക്കിലുള്ള ഫോട്ടോയാണ് സുരാജ് വെഞ്ഞാറമൂട് ഇപോള്‍ പങ്കുവെച്ചിരിക്കുന്നത്.

ഷൂട്ട് കഴിഞ്ഞ് ബാംഗ്ലൂരിൽ നിന്ന് മൈസൂരിലേക്ക് മടങ്ങുമ്പോൾ എന്നാണ് സുരാജ് വെഞ്ഞാറമൂട് എഴുതിയിരിക്കുന്നത്. 'ജന ഗണ മന' എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനാണ് സുരാജ് വെഞ്ഞാറമൂട് എത്തിയത് എന്നാണ് വിവരം. സുരാജ് വെഞ്ഞാറമൂടാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നതും. പൃഥ്വിരാജ് ആണ് ചിത്രത്തില്‍ മറ്റൊരു കേന്ദ്ര കഥാപാത്രം.

 'ജന ഗണ മന'യുടെ ഷൂട്ടിംഗ് മൈസൂരു മഹാരാജ കോളെജില്‍ നടത്തിയത് അടുത്തിടെ പ്രതിഷേധത്തിന് കാരണമാകുകയും ചെയ്‍തിരുന്നു. മൈസൂരു സര്‍വ്വകലാശാലയുടെ അനുമതിയോടെയാണ് ചിത്രീകരണം നടക്കുന്നതെങ്കിലും പ്രവര്‍ത്തി ദിനങ്ങളിലായതിനാലാണ് പ്രതിഷേധത്തിനു കാരണം. അധ്യയന ദിനങ്ങളില്‍ സിനിമാ ചിത്രീകരണം നടത്തുന്നതിനോടാണ് തങ്ങള്‍ക്ക് എതിര്‍പ്പെന്നും അവധി ദിനങ്ങളില്‍ ചിത്രീകരണം നടത്തുന്നതിനോട് തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്നും അധ്യാപകരും വിദ്യാര്‍ഥികളും പറയുന്നു. ഞായറാഴ്‍ചയാണ് സിനിമയുടെ പുതിയ ഷെഡ്യൂള്‍ കോളെജില്‍ ആരംഭിച്ചത്. 

ക്വീന്‍ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ഡിജോ ജോസ് ആന്‍റണിയാണ് ജന ഗണ മനയുടെ സംവിധായകന്‍. മംമ്‍തമോഹന്‍ദാസാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. 'ജന ഗണ മന' യുടെ പ്രൊമോ വീഡിയോ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ഷാരിസ് മുഹമ്മദാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്.