17 ന് തിയറ്ററുകളിലെത്തിയ ചിത്രം

ഒന്നര വര്‍ഷത്തിന് ശേഷം തിയറ്ററുകളില്‍ എത്തിയ സുരേഷ് ഗോപി ചിത്രമാണ് ജെഎസ്കെ (ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള). സുരേഷ് ഗോപിയുടെ മകന്‍ മാധവ് സുരേഷും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിലെ മകന്‍റെ അഭിനയത്തെ വിലയിരുത്തിയിരിക്കുകയാണ് സുരേഷ് ഗോപി. ചിത്രത്തില്‍ മാധവ് അഭിനയിച്ച ഒരു രംഗം മാത്രമാണ് തനിക്ക് ഇഷ്ടപ്പെടാതെ പോയതെന്ന് സുരേഷ് ഗോപി പറയുന്നു. റേഡിയോ മാംഗോ നടത്തിയ ഫാന്‍ഫെസ്റ്റിലാണ് സുരേഷ് ഗോപിയുടെ പ്രതികരണം.

ഗോകുലിന്‍റെയും മാധവിന്‍റെയും ഓഫ് സ്ക്രീന്‍ പ്രതികരണങ്ങളെക്കുറിച്ചും സ്വഭാവത്തെക്കുറിച്ചുമുള്ള ചോദ്യത്തിന് തന്‍റെ രണ്ട് മുന്‍ കഥാപാത്രങ്ങളെ താരതമ്യപ്പെടുത്തിക്കൊണ്ടാണ് സുരേഷ് ഗോപിയുടെ മറുപടി. “ഗോകുല്‍ എന്നത് ഡെന്നിസിന്‍റെ (സമ്മര്‍ ഇന്‍ ബദ്ലഹേം) ഒരു മെച്ചപ്പെട്ട പതിപ്പ് ആണ്. എന്നാല്‍ മാധവ് എന്നത് നന്ദഗോപന്‍റെ (പത്രം) ഒരു കടുപ്പമുള്ള വെര്‍ഷനും ആണ്”, സുരേഷ് ഗോപി പറഞ്ഞു.

ജെഎസ്കെയില്‍ മാധവ് എങ്ങനെയുണ്ട് എന്ന ചോദ്യത്തിന് സുരേഷ് ഗോപിയുടെ പ്രതികരണം ഇങ്ങനെ- “ശരിക്കും പറഞ്ഞാല്‍ ഡബ്ബിംഗിന് കണ്ടപ്പോള്‍ എനിക്ക് അത്ര തൃപ്തി അല്ലായിരുന്നു. പക്ഷേ സിനിമ തിയറ്ററില്‍ കണ്ടപ്പോള്‍ കുഴപ്പമില്ലല്ലോ എന്ന് തോന്നി. ഒറ്റ ഷോട്ട് മാത്രമേയുള്ളൂ അവന്‍ കണ്ണ് വല്ലാതെ ഉപയോഗിച്ചതുപോലെ തോന്നിയത്. എനിക്ക് തോന്നുന്നു, അത് ആദ്യം എടുത്തതാണ്. അപ്പോള്‍ ഈ സത്യമൊന്നും ജയിക്കുന്ന സ്ഥലമല്ലേ കോടതി എന്ന ഡയലോഗ് പറയുമ്പോള്‍ കണ്ണ് വലുതായി ഇരിക്കുന്നുണ്ട്. അത് മാത്രമേയുള്ളൂ എനിക്ക് വല്ലാതെ തോന്നിയത്”, സുരേഷ് ഗോപി പറഞ്ഞു.

ഇതിനോട് സദസില്‍ ഇരിക്കുന്ന സംവിധായകന്‍ പ്രവീണ്‍ നാരായണന്‍ ഉടന്‍ പ്രതികരിക്കുന്നുണ്ട്. സിനിമയിലെ മാധവിന്‍റെ ഫസ്റ്റ് ഷോട്ട് ആയിരുന്നു അതെന്ന് പ്രവീണ്‍ പറയുന്നു. “ഷൂട്ട് തുടങ്ങി ആദ്യ ദിവസം എടുത്ത ഷോട്ട് ആയിരുന്നു അത്. ആ ഷോട്ട് തന്നെ സുരേഷേട്ടന്‍റെ കൂടെയായിരുന്നു. അതിന്‍റെ ടെന്‍ഷന്‍ മാധവ് ഇടയ്ക്കിടെ എന്നോട് പറയുമായിരുന്നു. എനിക്ക് വേറെ ഓപ്ഷന്‍ ഉണ്ടായിരുന്നില്ല. അന്ന് ആ വീട് മാറിക്കൊടുക്കണം. ആ ദിവസം എടുത്തേ പറ്റൂ. ദിവ്യ പിള്ളയുടെ ഡേറ്റും ഇല്ല”, പ്രവീണ്‍ പറയുന്നു. ചിത്രത്തിലെ മറ്റൊരു രംഗത്തിലെ മാധവിന്‍റെ പ്രകടനത്തെക്കുറിച്ച് നല്ല അഭിപ്രായവും സുരേഷ് ഗോപി പറയുന്നുണ്ട്. “മറ്റൊരു സീനില്‍ മാധവ് കൊണ്ടുവന്നിട്ടുള്ള ആറ്റിറ്റ്യൂഡ് നന്നായിരുന്നു. സാറ് കാരണമല്ലേ ജാനകിക്ക് ഇങ്ങനെയൊരു സാഹചര്യം വന്നത്. അപ്പോള്‍ സാറിന് കൂടി അതില്‍ ഉത്തരവാദിത്തമില്ലേ എന്ന് ചോദിച്ചിട്ട് നോക്കിയ ഒരു നോട്ടം. അവിടെ ഒരു നിശബ്ദതയുണ്ട്”, സുരേഷ് ഗോപി പറഞ്ഞവസാനിപ്പിക്കുന്നു.

Asianet News Live | Malayalam News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ് | Braking news Live