മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട ആക്ഷൻ ഹീറോയാണ് സുരേഷ് ഗോപി. ആക്ഷൻ ഹീറോ മാത്രമല്ല കുടുംബപ്രേക്ഷകരുടെ പ്രിയതാരവുമാണ് സുരേഷ് ഗോപി. സുരേഷ് ഗോപിയുടെ പഴയ സിനിമകള്‍ക്കും ഇന്നും പ്രേക്ഷകരുണ്ട്. മലയാളത്തിന്റെ പ്രിയപ്പെട്ട സുരേഷ് ഗോപിയുടെ അറുപത്തിയൊന്നാം ജന്മദിനമാണ് ഇന്ന്. സുരേഷ് ഗോപിയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകുകയാണ്. ഇപ്പോഴിതാ സുരേഷ് ഗോപിയുടെ മാഷപ് വീഡിയോ ആണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.

തീ അല്ല, കാട്ടുതീ എന്നാണ്  സുരേഷ് ഗോപിയുടെ ജന്മദിന മാഷപ് വീഡിയോ പങ്കുവെച്ചുകൊണ്ട് ലോഹിതദാസിന്റെ മകൻ വിജയശങ്കര്‍ എഴുതിയിരിക്കുന്നത്. സുരേഷ് ഗോപിയുടെ അഭിനയമുഹൂര്‍ത്തങ്ങളും അഭിമുഖങ്ങളും ഒക്കെ ഉള്‍ക്കൊള്ളിച്ചാണ് മാഷപ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. ഒട്ടേറെ ആരാധകരാണ് വീഡിയോയ്‍ക്ക് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. 1965ല്‍ ഓടയില്‍ നിന്ന് എന്ന സിനിമയില്‍ ബാലതാരമാണ് സുരേഷ് ഗോപി ആദ്യമായി അഭിനയിക്കുന്നത്. മുതിര്‍ന്ന ശേഷം വില്ലൻ കഥാപാത്രങ്ങളിലും സുരേഷ് ഗോപി എത്തി. ആക്ഷൻ രംഗങ്ങളും തീപ്പൊരി ഡയലോഗുകളുമായി സുരേഷ് ഗോപി തിയറ്ററുകളില്‍ എത്താൻ തുടങ്ങിയതോടെ ആരാധകരുടെ പ്രിയപ്പെട്ട താരമായി മാറി. തലസ്ഥാനവും ഏകലവ്യനുമൊക്കെ സുരേഷ് ഗോപിയുടെ ജനപ്രിയതയ്‍ക്ക് അടിവരയിട്ടു. കളിയാട്ടം എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന ദേശീയ അവാര്‍ഡുകളും സുരേഷ് ഗോപി സ്വന്തമാക്കി.