മലയാളത്തിന്റെ പ്രിയപ്പെട്ട ആക്ഷൻ കിംഗ് സുരേഷ് ഗോപിയുടെ അറുപത്തിയൊന്നാം ജന്മദിനമാണ് ഇന്ന്. ഒട്ടേറെ ആരാധകരാണ് സുരേഷ് ഗോപിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് രംഗത്ത് എത്തിയത്. സുരേഷ് ഗോപിയുടെ സിനിമകള്‍ക്ക് ഇന്നും പ്രേക്ഷകരുണ്ട്. ഒരിടവേളയ്‍ക്ക് ശേഷം വൻ തിരിച്ചുവരവായിരുന്നു വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ സുരേഷ് ഗോപി നടത്തിയത്. കരിയറില്‍ പരാജയങ്ങളുമുണ്ടായിട്ടുണ്ട്. പക്ഷേ പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് തിരിച്ചെത്തുന്ന താരമാണ് സുരേഷ് ഗോപിയെന്നാണ് ആരാധകര്‍ പറയുന്നത്. അദ്ദേഹത്തിന്റെ സിനിമകള്‍ അതിന് ഉദാഹരണങ്ങളായിട്ടുണ്ട്. സിനിമയില്‍ വേറിട്ട വഴികളിലൂടെയായിരുന്നു സുരേഷ് ഗോപിയുടെ സഞ്ചാരം. സുരേഷ് ഗോപി സിറോക്സ് കോപ്പിയല്ല എന്ന് പറഞ്ഞ് ദീപക് ഗോപാലൻ നമ്പൂതിരി എന്ന ചലച്ചിത്രപ്രവര്‍ത്തകൻ എഴുതിയ കുറിപ്പാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. ആരെയും അനുകരിക്കാത്തതാണ് സുരേഷ് ഗോപിയുടെ രീതികള്‍ എന്ന് അദ്ദേഹം പറയുന്നു.

ദീപക് ഗോപാലൻ നമ്പൂതിരിയുടെ ഫേസ്‍ബുക്ക് പോസ്റ്റ്

സിറോക്സ് കോപ്പിയല്ല, സുരേഷ് ഗോപി.

അല്ല. സുരേഷ് ഗോപി സിറോക്സ് കോപ്പിയേയല്ല. ഒന്നിന്റേയും. ആരേയും അനുകരിക്കാത്ത, സ്വഭാവം. സംസാരം. അഭിനയം. അനുകമ്പ. കരുതൽ .... എല്ലാം സുരേഷ് ഗോപിയുടേത് മാത്രമാണ്. സ്വയമേവ വളർത്തി എടുത്തതാണ്.

1993 - 94 കാലഘട്ടത്തിലാണ് ഞാൻ സുരേഷ് ഗോപി എന്ന സിനിമാ നടനെ പരിചയപ്പെടുന്നത്. അദ്ദേഹം സൂപ്പർ താരപദവിയിലേക്ക് പ്രതിഷ്ഠിപ്പിക്കപ്പെടുന്ന വർഷം. ഏകലവ്യൻ റിലീസ് ദിവസം തന്നെ കണ്ട്, രാത്രി ഞാൻ അദ്ദേഹത്തെ ഫോണിൽ വിളിച്ചു ഏകദേശം അരമണിക്കൂറോളം സംസാരിച്ച് തുടങ്ങിയ ബന്ധം. പരിചയം അതിന് മുമ്പ് തന്നെ ഉണ്ടെങ്കിലും അടുപ്പം തുടങ്ങുന്നത് അവിടെ നിന്നാണ്. അദ്ദേഹത്തിന്റെ ശരീര പ്രകൃതിയിലും സംസാര രീതിയിലും ഒരു ചതുരവടിവ് നമുക്ക് തോന്നാം. അത് അദ്ദേഹത്തിന്റെ പ്രകൃതമാണ് എന്ന് പിന്നീട്, നമ്മൾ തിരിച്ചറിഞ്ഞ് അംഗീകരിച്ചതാണ്. അന്ന് ഏകലവ്യന്റെ വിജയത്തിൽ ആ ആജാനബാഹു, സമ്മാനം കിട്ടിയൊരു കൊച്ചു കുട്ടിയെപ്പോലെ മനസ്സ് നിറഞ്ഞ് തുള്ളിച്ചാടുന്നത് എനിക്ക് അത്ഭുതമായിരുന്നു. പിന്നീട് ഇക്കാലത്തിനിടയിൽ എത്രയോ തവണ ... എല്ലാത്തിലും എക്സൈറ്റ്മെന്റുള്ള ഒരു കുട്ടിയായിത്തന്നെയാണ് സുരേഷേട്ടനെ എനിക്ക് അനുഭവപ്പെട്ടിരിക്കുന്നത്.

അന്ന് ശാസ്തമംഗലത്ത് സ്ഥലം വാങ്ങി, കെട്ടിടത്തിന്റെ തറ കെട്ടിയിട്ട ഇടത്തേക്ക് എന്നേയും കൂട്ടിക്കൊണ്ട് പോയത് ഞാൻ ഇന്നലേയും ഓർത്തു. (ഇന്നലെ കേരളത്തിലെ ഒരു പ്രശസ്ത ഇന്റീരിയർ ഡിസൈനർ കമ്പനിയുടെ കോർപ്പറേറ്റ് ഫിലിമിന്റെ script എഴുതുവാൻ നേരത്ത്) അന്ന് എന്തൊരു എക്സൈറ്റ്മെന്റിലായിരുന്നു അദ്ദേഹം തന്റെ സ്വപ്ന ഭവനത്തെക്കുറിച്ച് വാചാലനായത്! അതായിരുന്നു ഞാൻ ഇന്നലെ എഴുതിയ സമയത്ത് എന്നെ പ്രചോദിപ്പിച്ചത്.

കമ്മീഷണർ സിനിമയുടെ ഡബ്ബിംഗ് വേളയിലാണ്, ചെന്നൈയിൽ വച്ച്, എഴുത്തിലാണ് എന്റെ താല്പര്യം എന്ന് മനസ്സിലാക്കി, എന്നെ രഞ്ജി പണിക്കരുടെ സഹായിയാക്കാൻ അദ്ദേഹം ഉദ്ദേശിച്ചത്. എന്നെ നിർബന്ധപൂർവ്വം വിളിച്ച് കൊണ്ടുപോയി രഞ്ജിയേട്ടനോട് പറഞ്ഞ് എന്നെ ഏൽപ്പിച്ചിട്ടേ സുരേഷേട്ടൻ പോയുള്ളൂ. എന്നാൽ രഞ്ജി പണിക്കരുടെ എഴുത്ത് രീതിയോട് ചേരാൻ പറ്റിയ ഒരു ബുദ്ധിയല്ല എന്റേതെന്ന് കരുതി ഞാൻ അവിടെ നിന്ന് സ്കൂട്ടായി. പിന്നീട് തക്ഷശില എന്ന ചിത്രത്തിൽ എ.കെ സാജനൊപ്പം. അതും, സുരേഷേട്ടന്റെ കഥാപാത്രങ്ങളുടെ സംഭാഷണ രീതിയിൽ പറഞ്ഞാൽ, It's not my cup of tea എന്ന് തോന്നി ഞാനിറങ്ങി.

ഒരു മാറ്റവുമില്ലീ മനുഷ്യന് !
വർഷങ്ങൾക്ക് ശേഷം, ജോളി സിൽക്സിന്റെ ലോഞ്ചിംഗ് പരസ്യത്തിന് വേണ്ടി ഞാനെഴുതിയ കവിത ചൊല്ലാൻ അദ്ദേഹം വന്നു. വർഷങ്ങൾക്ക് ശേഷം കണ്ടതിന്റെ എന്തൊരു ചിരിയായിരുന്നു ഏറെ നേരത്തേക്ക് ! പിന്നെ കവിതയിലേക്ക്. (ചാരുചിത്രത്തിലെ വീരാംഗന ...)
പാടുവാൻ തയ്യാറായി വന്ന സുരേഷ് ചേട്ടനോട് , പാടുകയല്ല, പറയുകയാണ് വേണ്ടത് എന്ന് പറഞ്ഞപ്പോൾ ആദ്യമൊന്ന് സങ്കടപ്പെട്ടു. പിന്നീട് കവിത ഒന്നുകൂടി വായിച്ചിട്ട് , ' ദീപൂ ഇത് ദീപുവിന്റെ മനസ്സിൽ എങ്ങനെയാണ് ചെല്ലുന്നത് ?' എന്നൊരു ചോദ്യം. എന്നിട്ട് എന്റെ മനസ്സിലുള്ള ഫീൽ പറയിച്ച് കേട്ടു. പിന്നെ ഒരു പതിനഞ്ച് മിനിറ്റ് കവിതയുമായി ഒറ്റയിരിപ്പ്. ടേക്ക്. എന്താ കഥ! ഓരോ വാക്കും അതിന്റെ ഭാവതീവ്രതയുടെ അങ്ങേയറ്റത്ത് പറന്ന് പറന്ന് കേരളമാകെ അലയടിച്ചത് ചരിത്രം. എങ്ങനെ ഇത്രയേറെ ഭാവതീവ്രമായി പറയാൻ കഴിയുന്നു എന്ന ചോദ്യത്തിന് "സിനിമയിൽ രഞ്ജി പണിക്കർ എഴുതുന്നതു പോലെ, പരസ്യത്തിന് ദീപക് ജി എഴുതുന്നതു പോലെ എഴുതിത്തന്നാൽ എനിക്ക് പറയാൻ കഴിയും " എന്ന വാക്കുകളാണ് ഒരു ഘട്ടത്തിൽ എന്നെ ഇനിയും ഇവിടെ തുടരാം എന്ന കോൺഫിഡൻസ് നൽകി നിലനിർത്തിയത്.

തുടർന്ന് ജോയ് ആലുക്കാസിന്റെ ഏറ്റവും വലിയ ബഹുഭാഷാ പരസ്യ പരമ്പര. മനസ്സ് പറയും - ജോയ് ആലുക്കാസ്. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിലെ ഷൂട്ടിംഗ് നിമിഷങ്ങൾ. ഷൂട്ടിംഗിന്റെ ഇടവേളകളിൽ തന്റെ പഴയ സുപ്പർ ഹിറ്റ് ഡയലോഗുകൾ നമുക്ക് വേണ്ടി വീണ്ടും പെർഫോം ചെയ്‍ത് കാണിക്കുന്ന കളിക്കൂട്ടുകാരൻ. അന്ന് സിനിമകളിൽ തീരെ സജീവമല്ലായിരുന്ന സുരേഷേട്ടൻ രണ്ട് പ്രോജക്ടുകളും തന്റെ ഒരു തിരിച്ചുവരവിന്റെ ഭാഗമായി പലയിടത്തും പറഞ്ഞ് നടന്നു.

നമ്മളെക്കുറിച്ച് ഒരാൾ നല്ല വാക്കുകൾ പറയുമ്പോഴാണ് നമ്മൾക്ക് നമ്മളിൽ ഒരു കോൺഫിഡൻസ് ഉണ്ടാവുക. അത് നൽകുന്ന പോസിറ്റീവ് എനർജി ജീവിതത്തെ തന്നെ മാറ്റിക്കളഞ്ഞേക്കാം. നിർഭാഗ്യവശാൽ, മറ്റൊരാളേക്കുറിച്ച് നല്ലതു പറയാൻ നമ്മുടെ 'നന്മ മനസ്സ്' നമ്മെ പലപ്പോഴും അനുവദിക്കാറില്ല. അവിടെയാണ് സുരേഷ് ഗോപി എന്ന വേഷം കെട്ടില്ലാത്ത മനുഷ്യൻ എന്നെ സ്വാധീനിക്കുന്നത്.
നമുക്ക് ശ്രമിക്കാം സുരേഷ് ഗോപിയുടെ സിറോക്സ് കോപ്പിയെങ്കിലുമാകാൻ.

സ്നേഹം നിറഞ്ഞ
ജന്മദിനാശംസകൾ സുരേഷേട്ടാ.

ദീപക് ഗോപാലൻ നമ്പൂതിരി