Asianet News MalayalamAsianet News Malayalam

'പത്ത് ദിവസം മുന്‍പ് ചെന്നൈയില്‍ എത്തിയപ്പോള്‍ കാണാന്‍ ശ്രമിച്ചു, പക്ഷേ'; കോടിയേരി ഓര്‍മ്മയുമായി സുരേഷ് ഗോപി

"ഒന്ന് കാണണമെന്ന് ഉണ്ടായിരുന്ന ആത്മാര്‍ഥമായ ആഗ്രഹം നടന്നില്ല. അത് ഒരു വേദനയായി നില്‍ക്കുന്നു"

suresh gopi remembers kodiyeri balakrishnan
Author
First Published Oct 2, 2022, 5:22 PM IST

കോടിയേരി ബാലകൃഷ്ണനുമായി തനിക്കുണ്ടായിരുന്ന വ്യക്തിബന്ധം അനുസ്മരിച്ച് സുരേഷ് ഗോപി. താന്‍ അഭിനയിച്ച പുതിയ ചിത്രം മേ ഹൂം മൂസയുടെ വിശേഷങ്ങള്‍ പങ്കുവെക്കാനായി മുന്‍ നിശ്ചയപ്രകാരമുള്ള സമയത്ത് ഫേസ്ബുക്ക് ലൈവില്‍ എത്തിയതായിരുന്നു സുരേഷ് ഗോപി. എന്നാല്‍ കോടിയേരിയുടെ വിയോഗത്തില്‍ ആദരമര്‍പ്പിച്ച അദ്ദേഹം സിനിമയെക്കുറിച്ച് പിന്നീട് സംസാരിക്കാമെന്ന് പറഞ്ഞു നിര്‍ത്തി. ചുരുങ്ങിയ വാക്കുകളില്‍ കോടിയേരിയെ അനുസ്മരിക്കുകയും ചെയ്‍തു സുരേഷ് ഗോപി. പത്ത് ദിവസം മുന്‍പ് ചെന്നൈയില്‍ പോയ സമയത്ത് അദ്ദേഹത്തെ ആശുപത്രിയില്‍ സന്ദര്‍ശിക്കാന്‍ ശ്രമിച്ചുവെങ്കിലും കഴിഞ്ഞില്ലെന്നും പറഞ്ഞു സുരേഷ് ഗോപി.

സുരേഷ് ഗോപിയുടെ വാക്കുകള്‍

"കേരളത്തിലെ പൊലീസ് സംവിധാനത്തിന്‍റെ അടിത്തട്ടില്‍ വിപ്ലവാത്മകമായ മാറ്റങ്ങള്‍ കൊണ്ടുവന്ന ഒരു മുന്‍ ആഭ്യന്തര മന്ത്രി എന്ന നിലയ്ക്കും നിരവധി തവണ നിയമസഭയില്‍ എത്തിയ ജനപ്രതിനിധി എന്ന നിലയ്ക്കും  ആ പാര്‍ട്ടിക്ക് ഗുണകരമായ പ്രവര്‍ത്തികള്‍ ചെയ്തിട്ടുള്ള ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയ്ക്കും സംസ്ഥാന സെക്രട്ടറി എന്നൊക്കെയുള്ള നിലകളിലും.. കഴിഞ്ഞ 25 വര്‍ഷമായി അദ്ദേഹവുമായി കാത്തുസൂക്ഷിച്ചുപോന്ന തീര്‍ത്തും വ്യക്തിപരമായ ബന്ധത്തിന്‍റെ അടിസ്ഥാനത്തില്‍ ഞാന്‍ മനസിലാക്കിയിട്ടുള്ള ഒരു സരസനായ, സൌമ്യനായ മനുഷ്യന്‍ എന്ന നിലയ്ക്കും ഒരു ജ്യേഷ്ഠ സഹോദരന്‍ എന്ന നിലയ്ക്കും എന്‍റെ സുഹൃത്തുക്കള്‍ കൂടിയായ അദ്ദേഹത്തിന്‍റെ മക്കള്‍, അദ്ദേഹത്തിന്‍റെ സഹധര്‍മ്മിണി ഇവരുടെയെല്ലാം വേദനയിലും ഒപ്പം അദ്ദേഹത്തെ രാഷ്ട്രീയം മറന്ന് അംഗീകരിക്കുന്ന മലയാളി സമൂഹത്തിന്‍റെ വേദനയിലും പങ്കുചേരുന്നു. അദ്ദേഹത്തിന്‍റെ ഓര്‍മ്മയ്ക്കും വ്യക്തിത്വത്തിനും മുന്നില്‍ കണ്ണീര്‍ അഞ്ജലി ചാര്‍ത്തിക്കൊണ്ട് ഞാന്‍ ഈ ലൈവ് തല്‍ക്കാലം അവസാനിപ്പിക്കുന്നു. 

പത്ത് ദിവസം മുന്‍പ് ചെന്നൈയില്‍ പോയപ്പോഴും അദ്ദേഹത്തെ ആശുപത്രിയില്‍ കാണാനുള്ള ഒരു ശ്രമം നടത്തിയിരുന്നു. പക്ഷേ ബിനോയ് തന്നെ പറഞ്ഞത് ഡോക്ടര്‍മാര്‍ അതിന് അനുവദിക്കുന്നില്ല എന്നായിരുന്നു. എന്തെങ്കിലും ഇന്‍ഫെക്ഷന്‍ ഉണ്ടാവാതിരിക്കാനുള്ള മുന്‍കരുതലായിരുന്നു അത്. ഒന്ന് കാണണമെന്ന് ഉണ്ടായിരുന്ന ആത്മാര്‍ഥമായ ആഗ്രഹം നടന്നില്ല. അത് ഒരു വേദനയായി നില്‍ക്കുന്നു. അദ്ദേഹത്തിന്‍റെ ആത്മാവിന്‍റെ നിത്യശാന്തിക്കായി പ്രാര്‍ഥിക്കുന്നു." 

ALSO READ : യുഎസ്, യുകെ, ഓസ്ട്രേലിയ; വിദേശ മാര്‍ക്കറ്റുകളിലും യുദ്ധം ജയിച്ച് 'പൊന്നിയിന്‍ സെല്‍വന്‍'

Follow Us:
Download App:
  • android
  • ios